കണ്ണൂർ: വൈദേകം നിക്ഷേപവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മരുമകനായ ശ്യാംജിത്തിനും റിപ്പോർട്ടർ ചാനലിനുമെതിരെ സി.പി.എം. നേതാവ് ഇ.പി. ജയരാജൻ വക്കീൽ നോട്ടീസ് അയച്ചു. ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്നും ശ്യാംജിത്തും റിപ്പോർട്ടർ ടിവിയും 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നുമാണ് വക്കീൽ നോട്ടീസിലെ പ്രധാന ആവശ്യം.

To advertise here,

ശശിധരൻ കർത്തയുടെ പണം സ്വീകരിച്ചെന്ന വിഷയം സി.പി.എമ്മിനെ രാഷ്ട്രീയമായും സാമ്പത്തികമായും വലിയ പ്രതിസന്ധിയിലാക്കിയിരിക്കുന്ന ഘട്ടത്തിലാണ് ഇ.പി. ജയരാജന്റെ കുടുംബത്തിനും റിസോർട്ടിനുമെതിരെ പുതിയ ആരോപണം ഉയർന്നത്.

ഇ.പി. ജയരാജന്റെ സഹോദരിയുടെ മകനായ ശ്യാംജിത്ത് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ആരോപണം ഉന്നയിച്ചത്. കർത്തയുടെ ഒൻപത് കോടി രൂപ വൈദേകം റിസോർട്ടിലേക്ക് വന്നിട്ടുണ്ടെന്നായിരുന്നു ഈ ഫെയ്സ്ബുക്ക് പോസ്റ്റിലെ പ്രധാന ആരോപണം. പിന്നീട് ഈ പോസ്റ്റ് അദ്ദേഹം പിൻവലിച്ചെങ്കിലും, ഇതേ ആരോപണം മാധ്യമങ്ങൾക്ക് മുന്നിൽ വീണ്ടും ആവർത്തിച്ച് പറയുകയായിരുന്നു.

ശ്യാംജിത്ത് തുടർച്ചയായി ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിലാണ്, സ്വന്തം മരുമകനാണെങ്കിൽ കൂടിയും നിയമനടപടിയുമായി ഇ.പി. ജയരാജൻ മുന്നോട്ടുപോയതും വക്കീൽ നോട്ടീസ് അയച്ചതും. വാർത്ത എക്സ്ക്ലൂസീവ് വാർത്തയാക്കി അവതരിപ്പിച്ചതിനാണ് റിപ്പോർട്ടർ ടിവിക്കും നോട്ടീസ് അയക്കാൻ തീരുമാനിച്ചത്.

തന്റെ കുടുംബത്തിനും റിസോർട്ടിനുമെതിരെ വന്ന ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നും, ശ്യാംജിത്തും റിപ്പോർട്ടർ ടിവിയും 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നുമാണ് വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.