പുണെ: പ്രതിശ്രുതവരനെ യുവതിയും ആൺസുഹൃത്തും ചേർന്ന് ലോഹാഗഡ് കോട്ടയിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി പിടിയിൽ. റിതേഷ് ഹാംഗെ എന്നയാളാണ് വെള്ളിയാഴ്ച അറസ്റ്റിലായത്. ജൂൺമാസം പതിനെട്ടാം തീയതിയാണ് പ്രതിശ്രുതവരനും റിയൽ എസ്റ്റേറ്റ് വ്യവസായിയുമായ കേതൻ അഗർവാളിനെ സിയാ ഗോയലും ആൺസുഹൃത്ത് ചേതനും ചേർന്ന് കൊലപ്പെടുത്തിയത്. ചേതന്റെ സുഹൃത്താണ് റിതേഷ്.

To advertise here,

കേതനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ റിതേഷും പങ്കാളിയായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പുണെ റൂറൽ എസ്പി സന്ദീപ് ഗിൽ പറഞ്ഞു. കേതന്റെ കൈകാലുകൾ തല്ലിയൊടിച്ച് പരിക്കേൽപിക്കാനും പിന്നീട് കൊലപ്പെടുത്താനുമുള്ള സിയയുടെയും ചേതന്റെയും പദ്ധതിയെക്കുറിച്ച് റിതേഷിന് അറിയാമായിരുന്നു. ലൊഹാഗഡ് കോട്ടയിൽനിന്ന് കേതനെ തള്ളിയിട്ട് കൊലപ്പെടുത്തിയശേഷം ചേതൻ റിതേഷിനെ വിളിക്കുകയും ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നെന്ന് മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.

പോലീസ് കണ്ടെടുത്ത ഒരു മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് റിതേഷിന്റെ പങ്ക് വ്യക്തമായത്. കേതനെ എങ്ങനെ കോട്ടയിൽനിന്ന് തള്ളിയിടണം, കുറ്റകൃത്യത്തിന്റെ തെളിവുകൾ എങ്ങനെ ഇല്ലാതാക്കണം തുടങ്ങിയ കാര്യങ്ങൾ ഈ ഫോണിലെ ചാറ്റുകളിലുണ്ടെന്ന് പോലീസ് പറഞ്ഞു. വഡ്ഗാവ് മാവൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയ റിതേഷിനെ സെപ്റ്റംബർ 12 വരെ റിമാൻഡിൽവിട്ടു.

കേതന്റേത് അപകടമരണമെന്നായിരുന്നു ആദ്യം കരുതിയത്. പിന്നാലെ നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിശ്രുതവധുവും ആൺസുഹൃത്തും ചേർന്ന് നടപ്പാക്കിയ ആസൂത്രിത കൊലപാതകമാണെന്ന് വ്യക്തമായത്.