കൊല്ലം: കുണ്ടറയിലെ കാർ കത്തിക്കലുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ട്വിസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് ഉന്നത രാഷ്ട്രീയ ഗൂഢാലോചന നടന്നതായും കേരളത്തിലെ 33 നിയമസഭ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പദ്ധതിയിട്ടതായും പോലീസ് കണ്ടെത്തി. അതിനിടെ, കേസിൽ ഗോവയിൽനിന്ന് കസ്റ്റഡിയിലെടുത്ത ഇ.എം.സി.സി. ഡയറക്ടർ ഷിജു വർഗീസിന്റെയും സഹായി ശ്രീകാന്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ വൈകാതെ കേരളത്തിലെത്തിക്കും.
സ്വന്തം കാർ കത്തിക്കാൻ ശ്രമിച്ചതിന് പിന്നിൽ ഷിജു വർഗീസ് തന്നെയാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്നാണ് ഗോവയിൽവെച്ച് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതിനു പിന്നാലെയാണ് ഉന്നത ഗൂഢാലോചന സംബന്ധിച്ച വിവരങ്ങളും പുറത്തുവരുന്നത്.
കേരളത്തിലെ ഒരു വിവാദനായകനായ ദല്ലാളും ഷിജു വർഗീസും ചേർന്നാണ് കാർ കത്തിക്കൽ അടക്കം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് നൽകുന്ന വിവരം. എറണാകുളം കാക്കനാട്ടെ ഫ്ളാറ്റിൽവെച്ചായിരുന്നു ഗൂഢാലോചന. ദല്ലാൾ എന്നറിയപ്പെടുന്നയാളും ഷിജു വർഗീസും ദീർഘനാളായി സുഹൃത്തുക്കളാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വിവാദനായികയായ സ്ത്രീയാണ് ദല്ലാളിനെ ഷിജു വർഗീസിന് പരിചയപ്പെടുത്തിയത്. കുണ്ടറയിലെ സംഭവമുൾപ്പെടെ കേരളത്തിലെ 33 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഇവർ പദ്ധതിയിട്ടെന്നാണ് വിവരം.
കാർ കത്തിക്കൽ കേസിൽ നേരത്തെ അറസ്റ്റിലായ വിനുകുമാറാണ് കാറിന് നേരേ പെട്രോൾ ബോംബെറിഞ്ഞത്. ഇയാൾ വിവാദനായികയുടെ അംഗരക്ഷകനും ക്വട്ടേഷൻ സംഘാംഗവുമാണ്. ഇയാളെ പിടികൂടിയതിന് പിന്നാലെയാണ് കാർ കത്തിക്കലിന് പിന്നിലെ കൂടുതൽ രഹസ്യങ്ങൾ ചുരുളഴിഞ്ഞത്. നേരത്തെ ഷിജുവർഗീസിന്റെ ഡ്രൈവറിൽനിന്നാണ് പോലീസിന് നിർണായകവിവരങ്ങൾ ലഭിച്ചത്. ഈ വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിനുകുമാർ ഉൾപ്പെടെയുള്ളവർ പിടിയിലായത്. ഷിജു വർഗീസിന്റെ കാർ കത്തിച്ച കേസിൽ ഇതുവരെ അദ്ദേഹം ഉൾപ്പെടെ നാല് പ്രതികളാണുള്ളത്.
Content Highlights:emcc director shiju vargheese arrested more details revealed about car attack
Published: 28 Apr 2021, 03:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented