വെള്ളരിക്കുണ്ട്: എളേരിത്തട്ട് തൊട്ടി ഉന്നതിയിലെ കുടുംബങ്ങൾ മൂന്ന് രാപകലായി ഉള്ളുരുകിയുള്ള പ്രാർഥനയിലായിരുന്നു, പാമ്പുകടിയേറ്റ നാലുവയസ്സുകാരി ഋതുചന്ദ്രയുടെ ജീവനുവേണ്ടി. മരണത്തോട് മല്ലടിച്ച് വെന്റിലേറ്ററിൽ തുടർന്ന ബാലിക നാടിനെ കണ്ണീരിലാഴ്ത്തി വ്യാഴാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

To advertise here,

തൊട്ടി ഉന്നതിയിലെ സാമൂഹികപഠനമുറിയോട് ചേർന്നാണ് ഋതുചന്ദ്രയുടെ വീട്. ഉന്നതിയിലെ കുട്ടികളെല്ലാം പതിവായി പഠനമുറിയിൽ ഒത്തുചേർന്ന്‌ പഠിച്ചുവരുന്നു. സാമൂഹിക പഠനമുറിയിൽ ഇപ്പോൾ പഠനോത്സവമാണ്. ഇവിടെ കുട്ടികൾക്ക് ലഘുഭക്ഷണം പാകംചെയ്ത് നൽകുന്നത് ഋതുചന്ദ്രയുടെ അമ്മ അജിതയാണ്. ഇവിടെ എല്ലാവരുടേയും വാത്സല്യം നുകർന്ന് ഋതുചന്ദ്രയുമുണ്ടാകും . കുസൃതിക്കുടുക്കയായി കളിച്ചും ചിരിച്ചും എല്ലാവരുടേയും കളിക്കൂട്ടുകാരിയായി.

സംഭവദിവസവും സാമൂഹികപഠനമുറി പ്രവർത്തിച്ചിരുന്നു. ചെറിയ കുട്ടികൾ പുറത്ത് കളിപ്പാട്ടങ്ങളുമായി കളിയിലായിരുന്നു. വീട്ടുപരിസരത്ത് അടുക്കിവെച്ചിരുന്ന മര ഉരുപ്പടികൾക്കിടയിലാണ് കുട്ടികൾ പതിവായി കളിപ്പാട്ടങ്ങൾ വെച്ചിരുന്നത്. അവിടെ തന്റെ കളിപ്പാട്ടം തിരയുകയായിരുന്നു ഋതുചന്ദ്ര. ഇതിനിടയിലാണ് പാമ്പിന്റെ രൂപത്തിൽ മരണം നാലുവയസ്സുകാരിക്ക്‌ മുന്നിലെത്തിയത്.

ദുരന്തവാർത്ത എത്തിയതോടെ തൊട്ടിയിലെ സാമൂഹികപഠനമുറി നിശ്ചലമായി. നിർമാണത്തൊഴിലാളിയാണ് ഋതുചന്ദ്രയുടെ അച്ഛൻ ശരത്ചന്ദ്രൻ. മ്യൂറൽപെയിന്റിങ്ങിൽ അറിയപ്പെടുന്ന കലാകാരൻകൂടിയാണ്. ശരത്ചന്ദ്രന്റെ മ്യൂറൽ പെയിന്റിങ്‌ പലയിടത്തും പ്രദർശിപ്പിച്ചിട്ടുണ്ട്. മകളിലെ കലാവൈഭവം പരിപോഷിപ്പിക്കാനുള്ള ആഗ്രഹത്തിലായിരുന്നു അദ്ദേഹം.

എളേരിത്തട്ടിലെ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപകനേതാക്കളിലൊരാളായ പരേതനായ മുടിക്കാരൻ രാമന്റെ കുടുംബാംഗമാണ് ശരത്ചന്ദ്രൻ. എളേരിയിലെ പാർട്ടിപ്രവർത്തകർ കുടുംബത്തോടൊപ്പം ആസ്പത്രിയിലുണ്ട്്. പട്ടികവർഗ വികസന വകുപ്പധികൃതരും ആസ്പത്രിയിലെത്തി വേണ്ട സഹായങ്ങൾ ചെയ്തു. ആരോഗ്യപ്രവർത്തകരും പൊതുപ്രവർത്തകരുമെല്ലാം തൊട്ടിഉന്നതിയിലെ ദുരന്തത്തിന്റെ ദുഃഖം പങ്കുവെക്കുന്നു.

പാമ്പുകടിയേറ്റയുടൻ ഋതചന്ദ്രയെ നർക്കിലക്കാട് കുടുംബാരോഗ്യകേന്ദ്രത്തിലാണ് ആദ്യം എത്തിച്ചത്. അവിടെനിന്ന്‌ മെഡിക്കൽ ഒാഫിസർ ഡോ. അലോഹ് പി.രാജും ഒരു സ്റ്റാഫ് നഴ്‌സും കുട്ടിക്കൊപ്പം കണ്ണൂർമെഡിക്കൽകോളേജ് ആസ്പത്രിയിലേക്ക് പോയിരുന്നു. കുരുന്ന് ജീവൻ രക്ഷിക്കാനാവാതെവന്നതിലുള്ള വിഷമം ആരോഗ്യ പ്രവർത്തകരും പങ്കുവെക്കുന്നു.

ഋതുചന്ദ്രയുടെ മൃതദേഹം വെള്ളിയാഴ്ച 11-ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം തൊട്ടിയിലെ വീട്ടിലെത്തിക്കും.