കോഴിക്കോട്: എലത്തൂരിലെ എച്ച്.പി.സി.എല്‍. പ്ലാന്റില്‍നിന്നുള്ള ഇന്ധന ചോർച്ചയ്ക്ക് പരിഹാരമായില്ല. വീണ്ടും ഡീസൽ ഓവുചാലിലേക്ക് ഒഴുകി എത്തുകയാണെന്നും പ്രശ്നം ഇതുവരെ പരിഹരിച്ചിട്ടില്ലെന്നും സംഭവത്തിൽ ആശങ്കയുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.

To advertise here,

ഒഴുകിയെത്തിയ ഡീസലിന്റെ 90 ശതമാനവും മെഷീന്‍ ഉപയോഗിച്ച് നീക്കിയെന്നും പ്രശ്നം പരിഹരിച്ചെന്നുമാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, പ്ലാന്റിന് സമീപത്തെ ഓവുചാലിലേക്ക് ഡീസല്‍ ഇപ്പോളും ഒഴുകി എത്തുന്നതിലാണ് നാട്ടുകാരുടെ ആശങ്ക. 

ഡീസല്‍ ശേഖരിച്ചിരിക്കുന്ന ഭൂഗര്‍ഭ അറയില്‍ ചോര്‍ച്ച ഇല്ലാതെ ഈ രീതിയില്‍ ഡീസൽ ഒഴുകിയെത്തില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഡീസല്‍ ഓവുചാല്‍ വഴി പുഴയിലേക്കും കടലിലേക്കും ഒഴുകിയെത്തുന്നത് പാരിസ്ഥിതിക പ്രശ്നം ഉണ്ടാക്കുമെന്നും നാട്ടുകാര്‍ പറയുന്നു. ഇന്ധനം നീക്കുന്നതിന്റെ ഭാഗമായി ഓടയില്‍ ഇട്ട സ്പോഞ്ച് നിറഞ്ഞിട്ടും എടുത്ത് നീക്കിയില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

ബുധനാഴ്ച വൈകീട്ട് മൂന്ന് മണിമുതലാണ് എച്ച്.പി.സി.എല്‍. പ്ലാന്റില്‍നിന്ന് ഡീസല്‍ പുറത്തേക്ക് ഒഴുകി തുടങ്ങിയത്. പ്ലാന്റിലെ ഓവര്‍ഫ്ളോ കാരണമാണ് ഡീസല്‍ ഒഴുകി എത്തിയതെന്നും പ്രശ്നം പരിഹരിച്ചെന്നുമായിരുന്നു അധികൃതരുടെ വിശദീകരണം.