പിണറായി: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിൽ ബുധനാഴ്ച പരിശോധനയ്ക്കായി ഇ.ഡി. സംഘം എത്തിയത് അതീവ രഹസ്യമായി. പുലർച്ചെ ആറോടെതന്നെ സംഘം പ്രതിപക്ഷനേതാവിന്റെ വീട് സ്ഥിതിചെയ്യുന്ന പാണ്ഡ്യാലമുക്കിൽ എത്തിയിരുന്നു. വീട് നോക്കിനടത്തിപ്പുകാരനായ ചെങ്ങര നാണു പുലർച്ചെ സി.എച്ച്. മുക്കിലെ വീട്ടിലേക്ക് പോയ നേരത്താണ് സംഘം പിണറായിയുടെ വീടിന് മുന്നിലെത്തിയത്. രണ്ട് ടാക്സികാറുകളിലായാണ് കേന്ദ്ര വനിതാ സുരക്ഷാ ജീവനക്കാർ ഉൾപ്പെടെയുള്ള സംഘം എത്തിയത്.

To advertise here,

അയൽവീട്ടുകാരൻ കാര്യം തിരക്കാനെത്തിയപ്പോൾ വീടിന്റെ നോക്കിനടത്തുന്നയാളുടെ നമ്പർ നൽകാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. തുടർന്ന് വിവരമറിഞ്ഞ് നടത്തിപ്പുകാരനെത്തിയെങ്കിലും താക്കോൽ നൽകാൻ ആദ്യഘട്ടത്തിൽ വിസമ്മതിച്ചു. തുടർന്ന് പിണറായി ഇൻസ്പെക്ടർ എൻ.അജീഷ്‌കുമാർ സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയതോടെയാണ് സംഘത്തിന് താക്കോൽ നൽകിയത്. പിണറായിയുടെ വീടിന് കാവൽനിന്ന പോലീസ് ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോൺ ഇ.ഡി. സംഘം പരിശോധനസമയത്ത് കസ്റ്റഡിയിൽ എടുത്തതിനെ തുടർന്ന് സംഭവം ലോക്കൽ പോലീസും അറിയാൻ വൈകി.

അക്രമസാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗം

പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വസതിയിൽ നടന്ന ഇ.ഡി. പരിശോധനയെ തുടർന്ന് ബി.ജെ.പി., കോൺഗ്രസ് ഓഫീസുകൾക്കും പ്രവർത്തകർക്കുമെതിരേ അക്രമത്തിന് സാധ്യതയെന്ന് പോലീസ് രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സംഘർഷസാധ്യതയുള്ള പ്രദേശങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കും.