കൊച്ചി: പ്രളയബാധിതർക്ക് വീട് നിർമിച്ചുനൽകാനുള്ള പുനർജനി പദ്ധതിയിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരേയുള്ള ഇ.ഡി. അന്വേഷണം നിലച്ചു. പ്രാഥമിക അന്വേഷണമായിരുന്നു ഇ.ഡി. നടത്തിയത്. പരാതിക്കാരിൽനിന്ന് വിശദമായി മൊഴിയെടുത്ത്, രണ്ടുവർഷമായിനടന്ന അന്വേഷണത്തിൽ തെളിവുകളൊന്നും കണ്ടെത്താൻ സാധിച്ചില്ല.
വിജിലൻസ് അന്വേഷണത്തിന്റെ ചുവടുപിടിച്ചായിരുന്നു ഇ.ഡി. അന്വേഷണവും. എന്നാൽ, തെളിവൊന്നും കിട്ടിയില്ലെന്ന് വിജിലൻസ് റിപ്പോർട്ട് നൽകിയ പശ്ചാത്തലത്തിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) ഇ.ഡി.ക്ക് കേസെടുക്കാനാകില്ല. വിദേശനാണ്യ വിനിമയ നിയമത്തിന്റെ (ഫെമ) അടിസ്ഥാനത്തിലാണ് പിന്നെയുള്ള ഇ.ഡി. അന്വേഷണസാധ്യത. എന്നാൽ, സതീശന്റെ അക്കൗണ്ടിലേക്ക് നേരിട്ട് പണം വന്നിട്ടില്ലാത്തതിനാൽ ആ അന്വേഷണവഴിയും അടഞ്ഞു.
ഇനിയുള്ള ഏകസാധ്യതയാണ് വിദേശസഹായ നിയന്ത്രണചട്ടപ്രകാരമുള്ള (എഫ്‌സിആർഎ) സിബിഐ അന്വേഷണം. അതിലും സതീശന്റെപേരിൽ കേസെടുത്ത് അന്വേഷണം നടത്താനാവില്ല. വിദേശസാഹായം സ്വീകരിച്ച മണപ്പാട്ട് ഫൗണ്ടേഷനെതിരേയാണ് ഇതിൽ അന്വേഷണം നടത്താനാവുക. ഇതിൽ സിബിഐ കേസ് രജിസ്റ്റർചെയ്താൽ അതിന്റെ അടിസ്ഥാനത്തിൽ ഇ.ഡി.ക്ക് ഇസിഐആർ രജിസ്റ്റർചെയ്ത് കള്ളപ്പണ ഇടപാടുകൾ നടന്നോ എന്ന് അന്വേഷിക്കാം.
അനുമതിയിൽ അന്വേഷണസാധ്യത
ഏതുരീതിയിലുള്ള വിദേശസഹായം സ്വീകരിക്കാനും വിദേശകാര്യമന്ത്രാലയത്തിന്റെയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും അനുമതി ആവശ്യമാണ്. പ്രളയബാധിതർക്ക് വീട് നിർമിച്ചുനൽകാൻ വിദേശത്തുനിന്ന് ഫണ്ട് സ്വരൂപിക്കുന്നതിൽ കേന്ദ്രാനുമതിയുണ്ടോ എന്നതിൽ അന്വേഷണം നടന്നിട്ടില്ല.
എഫ്സിആർഎ ലംഘനം അന്വേഷിക്കാൻ അധികാരമുള്ളത് സിബിഐക്കാണ്. പുനർജനി പദ്ധതിക്കുവേണ്ടി വിദേശഫണ്ട് സ്വീകരിക്കാൻ സതീശൻ കേന്ദ്രാനുമതി വാങ്ങിയിട്ടില്ലെന്ന് വിവരാവകാശപ്രകാരം മറുപടി ലഭിച്ചിട്ടുള്ളതാണെന്ന് പരാതിക്കാരനായ ജെയ്സൺ പാനികുളങ്ങര പറഞ്ഞു.
Published: 06 Jan 2026, 07:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented