
തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാടിൽ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പി.ആർ. അരവിന്ദാക്ഷന്റെ തട്ടിപ്പ് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ബാങ്കിലെ ഭരണസമിതി മാത്രമല്ല പുറത്തുള്ള രാഷ്ട്രീയക്കാരും തട്ടിപ്പിന് ഉത്തരവാദിയാണെന്നും നിയമവിരുദ്ധമായി വായ്പകൾ അനുവദിക്കാൻ അരവിന്ദാക്ഷൻ ബാങ്ക് ഭരണസമിതിയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഇ.ഡി കോടതിയിൽ പറഞ്ഞു. അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഇ.ഡി ഇക്കാര്യം കോടതിയെ അറിയിച്ചത്.
കരുവന്നൂരിലെ തട്ടിപ്പ് പണം ബാങ്കിലെ സിപിഎം അക്കൗണ്ടിലേക്ക് എത്തിയിട്ടുണ്ടെന്നും ഇ.ഡി ചൂണ്ടിക്കാട്ടി. സി.പി.എമ്മിന് കരുവന്നൂർ ബാങ്കിൽ പ്രത്യേക അക്കൗണ്ട് ഉണ്ടെന്ന് ഇ.ഡി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പാർട്ടിയുടെ അക്കൗണ്ടിലേക്ക് പണം എത്തിയിട്ടുണ്ടെന്നും ഇ.ഡി കോടതിയെ ബോധിപ്പിച്ചത്. സതീഷ് കുമാറിന് അനധികൃതമായി ഏതെങ്കിലും തരത്തിലുള്ള ഇടപാടുകൾ നടത്താൻ മന്ത്രിമാർ ഉൾപ്പെടെയുള്ളവരെ അരവിന്ദാക്ഷനിലൂടെയാണ് സ്വാധിക്കാൻ ശ്രമിച്ചിരുന്നതെന്നും ഇ.ഡി വ്യക്തമാക്കി.
സതീഷിന്റെ മകളുടെ മെഡിക്കൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് അരവിന്ദാക്ഷന്റെ അക്കൗണ്ടിൽ നിന്നാണ് ഫീസ് ഇനത്തിൽ പണം അടച്ചിരുന്നതെന്നും ഇ.ഡി കോടതിയിൽ പറഞ്ഞു. കേസിൽ മുഖ്യപ്രതിയായ സതീഷിന്റെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. സതീഷുമായി അരവിന്ദാക്ഷന് വലിയ ബന്ധമുണ്ടെന്നും എല്ലാകാര്യങ്ങളും അറിഞ്ഞുകൊണ്ടാണ് അരവിന്ദാക്ഷൻ സതീഷുമായി ബന്ധപ്പെട്ടതെന്ന് എന്നതടക്കമുള്ള കാര്യങ്ങളും ഇ.ഡി കോടതിയെ ബോധിപ്പിച്ചു.
കേസിൽ അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ തള്ളണമെന്നും ഇ.ഡി കോടതിയിൽ ആവശ്യപ്പെട്ടു. ഹർജി കോടതി 21ന് പരിഗണിക്കാനായി മാറ്റി.
Content Highlights: ed opposed aravindhakshans bail plea
Published: 14 Dec 2023, 06:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented