
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അഞ്ച് പ്രതികൾക്ക് ജാമ്യമില്ല. കേസിൽ ആദ്യം അറസ്റ്റിലായ അഞ്ച് പ്രതികളുടെ ജാമ്യഹർജിയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (മൂന്ന്) തള്ളിയത്.
പ്രതികളുടെ ജാമ്യാപേക്ഷയിൽ കഴിഞ്ഞദിവസം കോടതി വിശദമായ വാദംകേട്ടിരുന്നു. സംഭവം നടക്കുമ്പോൾ ഇ.ഡി. ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ ആയിരുന്നില്ല എന്നായിരുന്നു ജാമ്യഹർജിയിൽ പ്രതിഭാഗത്തിന്റെ പ്രധാനവാദം. ആക്രമിക്കപ്പെട്ട വാഹനം ഇ.ഡി.യുടെ ഔദ്യോഗിക വാഹനമല്ല. അതിനാൽ പൊതുമുതൽ നശിപ്പിച്ചെന്ന കുറ്റം നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചു.
എന്നാൽ, പ്രതിഭാഗത്തിന്റെ വാദങ്ങളെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. ഇ.ഡി. ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയതാണ്. റെയ്ഡ് കഴിഞ്ഞ് തിരികെ ഓഫീസിൽ എത്തുന്നത് വരെ ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ തന്നെയാണ്. അതിനാൽ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന കുറ്റമടക്കം നിലനിൽക്കും. മാത്രമല്ല, ഒരു വാഹനം വാടകയ്‌ക്കെടുത്താലും അത് ഔദ്യോഗിക വാഹനമായി കണക്കാക്കണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. തുടർന്ന്, പ്രോസിക്യൂഷന്റെ വാദങ്ങൾ അംഗീകരിച്ചാണ് കോടതി പ്രതികളുടെ ജാമ്യഹർജി തള്ളിയത്.
പിണറായി വിജയനും മകൾ വീണാ വിജയനും താമസിക്കുന്ന ബേക്കറി ജങ്ഷനിലെ വീട്ടിൽ റെയ്ഡ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഇ.ഡി. ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ചത്. സിഎംആർഎൽ-എക്‌സാലോജിക്ക് പണമിടപാടുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഇ.ഡി. റെയ്ഡ്. പരിശോധന കഴിഞ്ഞ് വാഹനങ്ങളിൽ മടങ്ങിയ ഉദ്യോഗസ്ഥരെ പുറത്തുനിന്നിരുന്ന സിപിഎം പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ സഞ്ചരിച്ച മൂന്ന് കാറുകളും തകർത്തു.
സിപിഎം പ്രവർത്തകരായ ശ്രീജിത്ത്, ജിതിൻരാജ്, മനോജ്, ജീവൻ, ഷാഹിൻ എന്നിവരാണ് കേസിൽ ആദ്യദിവസം അറസ്റ്റിലായ പ്രതികൾ. ഇവരുൾപ്പെടെ 25 സിപിഎം പ്രവർത്തകർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. മൂന്നുപേർ നിലവിൽ കസ്റ്റഡിയിലുണ്ടെന്നും സൂചനയുണ്ട്.
സംഭവത്തിൽ കണ്ടാലറിയാവുന്ന 300-ഓളം പേർക്കെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതിൽ 200 പേരെയെങ്കിലും അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ നീക്കം. ഇതിനായുള്ള പട്ടിക പോലീസ് തയ്യാറാക്കിവരികയാണ്. അതേസമയം, അറസ്റ്റുണ്ടാകുമെന്ന് ഭയന്ന് സമരത്തിനെത്തിയ പല പ്രവർത്തകരും ഒളിവിൽപോയിരിക്കുകയാണ്.
Content Highlights: Thiruvananthapuram court rejected bail for five accused in the ED attack case., The attack occurred during an ED raid related to the CMRL-Exalogic financial transaction case., Prosecution argued that officials are on duty until they return to the office, regardless of vehicle ownership., Police have registered cases against 300 individuals and are preparing to arrest 200 suspects.
Published: 30 May 2026, 05:09 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented