തിരുവനന്തപുരം: അന്തരിച്ച സിപിഎം നേതാവ് പി.ബിജുവിന്റെ പേരില്‍ ഫണ്ട് പിരിച്ച് സാമ്പത്തിക തിരിമറി നടത്തിയെന്ന ആരോപണത്തോട് പ്രതികരിച്ച് ഡി.വൈ.എഫ്.ഐ. ഡി.വൈ.എഫ്.ഐ. ഫണ്ട് തട്ടിപ്പ് നടന്നുവെന്നത് വ്യാജ വാര്‍ത്തയാണെന്ന് ജില്ലാ സെക്രട്ടറി ഷിജു ഖാന്‍ ആരോപിച്ചു.

To advertise here,

പൊതുജനങ്ങളില്‍ നിന്ന് തുക പിരിച്ചിട്ടില്ല, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരില്‍ നിന്ന് വിവിധ ചലഞ്ചുകള്‍ നടത്തിയാണ് ഫണ്ട് പിരിച്ചത്. ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരു പരാതിയും ഡി.വൈ.എഫ്.ഐക്ക് ലഭിച്ചിട്ടില്ല. പണം സമാഹരിച്ചതിന് വ്യക്തമായ കണക്കുണ്ട്. റെഡ് കെയര്‍ മന്ദിര നിര്‍മാണം പൂര്‍ത്തിയായതിന് ശേഷം സാമ്പത്തിക കണക്ക് പുറത്തുവിടും.സുതാര്യമായി സംഘടന പ്രവര്‍ത്തനം നടത്തുന്ന സംഘടനയാണ് ഡി.വൈ.എഫ്.ഐ.  മഹത്തായ  പ്രസ്ഥാനത്തെ കളങ്കപ്പെടുത്താനാണ് ഇത്തരം ആരോപണങ്ങളെന്നും ഷിജു ഖാന്‍ വിശദീകരിച്ചു. 

പി.ബിജുവിന്റെ പേരില്‍ ഫണ്ട് പിരിവ്  നടത്തി സമാഹരിച്ച തുക ജില്ലാ കമ്മിറ്റിക്ക് കൈമാറിയില്ലെന്ന ആരോപണം ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് എസ്.ഷാഹിനെതിരെയാണ് ഉയര്‍ന്നത്.   ജനങ്ങളില്‍ നിന്ന് പിരിച്ച അഞ്ച് ലക്ഷത്തോളം രൂപ ജില്ലാ കമ്മിറ്റിക്ക് കൈമാറിയില്ലെന്നാണ് ആരോപണം. 

പി.ബിജുവിന്റെ ഓര്‍മയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് 'റെഡ് കെയര്‍ സെന്ററും' ആംബുലന്‍സ് സര്‍വീസും ആരംഭിക്കുന്നതിന് വേണ്ടിയാണ് ഫണ്ട് പിരിച്ചത്. സിപിഎം ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ഡിവൈഎഫ്‌ഐ പാളയം ഏരിയാ കമ്മിറ്റിയാണു ഫണ്ട് പിരിവിനു നേതൃത്വം നല്‍കിയത്.