
കണ്ണൂർ: പോലീസുദ്യോഗസ്ഥരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഡിവൈഎഫ്‌ഐ നേതാവിന് വീണ്ടും പരോൾ. ജയിലിൽക്കിടന്ന് നഗരസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച ഡിവൈഎഫ്‌ഐ പയ്യന്നൂർ ബ്ലോക്ക് സെക്രട്ടറി വി.കെ.നിഷാദിനാണ് ഒരുമാസം ജയിലിൽ കഴിഞ്ഞപ്പോൾ ഒരുമാസത്തോളം പരോൾ കിട്ടിയത്. 20 വർഷം തടവിനാണ് നവംബർ 25-ന് നിഷാദിനെ തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.
അരിയിൽ ഷുക്കൂർ വധവുമായി ബന്ധപ്പെട്ട സംഘർഷങ്ങളുടെ ഭാഗമായി പോലീസ് ജീപ്പിനുനേരേ സ്റ്റീൽ ബോംബെറിഞ്ഞ് ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചെന്നാണ് കേസ്.
ശിക്ഷിക്കപ്പെട്ട് കൃത്യം ഒരുമാസം തികയുമ്പോഴാണ് ആറുദിവസത്തെ അടിയന്തര പരോൾ സെൻട്രൽ ജയിൽ അധികൃതർ അനുവദിച്ചത്. അച്ഛന്റെ ചികിത്സയുമായി ബന്ധപ്പെട്ട അപേക്ഷ പരിഗണിച്ചായിരുന്നു ഇത്. പയ്യന്നൂർ പോലീസ് അനുകൂല റിപ്പോർട്ടും നൽകി. രഹസ്യമായാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. അച്ഛന്റെ തുടർചികിത്സയ്ക്കായി പരോൾ നീട്ടിനൽകണമെന്ന് കാണിച്ച് നിഷാദ് നൽകിയ അപേക്ഷ പരിഗണിച്ച് ജനുവരി 11 വരെയാണ് ആദ്യം നീട്ടിയത്. വീണ്ടും 15 ദിവസത്തേക്കാണ് ഇപ്പോൾ നീട്ടിനൽകിയത്. ഇതുപ്രകാരം 26 വരെയാണ് പരോൾ.
ഡിജിപിക്ക് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് പരോൾ അനുവദിച്ചതെന്നാണ് ജയിൽ അധികൃതരിൽനിന്നുള്ള വിവരം. ആഭ്യന്തരവകുപ്പ് നേരിട്ടാണ് നീട്ടിനൽകിയത്. പരോൾ അനുവദിച്ചപ്പോഴത്തേതുപോലെ അതി രഹസ്യമായാണ് രണ്ടു തവണയും നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. സെഷൻസ് കോടതി വിധിക്കെതിരേ നിഷാദ് നൽകിയ അപ്പീൽ 19-നാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
Content Highlights: DYFI Leader Convicted in Attack on Police Granted Extended Parole Amidst Appeals
Published: 16 Jan 2026, 07:40 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented