കോഴിക്കോട്: കേരളത്തിൽ മതനിരപേക്ഷതയ്ക്ക് പരിക്ക് ഉണ്ടാക്കുന്ന ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഡി.വൈ.എഫ്.ഐ. വർഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ഇത്തരം സംഭവങ്ങൾക്കെതിരെ കേരളീയ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് വി വസീഫും സെക്രട്ടറി വി.കെ. സനോജും വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

To advertise here,

സൂംബ ഡാൻസ് ഇടതുപക്ഷം ഉണ്ടാക്കിയ നൃത്തം ഒന്നും അല്ല. ലോകത്തെമ്പാടും ഉണ്ട്. കേരളത്തിലെ പുതിയ തലമുറയെ ലഹരിമാഫിയ വേട്ടയാടുമ്പോൾ കായികവും മാനസികവുമായ ഉല്ലാസത്തിന് വേണ്ടിയാണ് സൂംബ ഡാൻസ് അവതരിപ്പിക്കുന്നത്. അതൊരു പരിശിലനപരിപാടിയാണ്. അതിൽ എവിടെയാണ് അൽപവസ്ത്രം. അതിനെയും മതത്തോട് ചേർത്തുവെച്ച് ചിലർ അവതരിപ്പിക്കുകയാണ്. സൂംബ ഡാൻസുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിന് ഡിവൈഎഫ്ഐ പിന്തുണ പ്രഖ്യാപിക്കുന്നു.

എംഎസ്എഫ് പോലുള്ള വിദ്യാർഥി സംഘടനകൾ എഐ കാലത്ത് തന്നെയാണൊ ജീവിക്കുന്നത്. ക്യാമ്പസിൽ ഇടപ്പെടുന്ന സംഘടനക്ക് എങ്ങനെയാണ് ഇങ്ങനെ പറയാൻ സാധിക്കുന്നത്. മതമാണ് പ്രശ്നമെന്ന് പറഞ്ഞ കെഎം ഷാജിക്ക് പിന്നിൽ അണിനിരക്കുന്നത് കൊണ്ടാണോ ഇത്തരം പ്രതികരണം. എംഎസ്എഫ് പ്രവർത്തകർ കെഎം ഷാജിക്ക് പഠിക്കുന്നവരായി മാറി. ഏത് സ്കൂളിലാണ് അൽപ വസ്ത്രം ധരിച്ച് സൂംബ നൃത്തം അവതരിപ്പിച്ചത്. എംഎസ്എഫ് തെറ്റിധാരണ പരത്തുകയാണെന്നും ഡിവൈഎഫ്ഐ വിമർശിച്ചു.

വിദ്യാലയങ്ങൾ അന്താരാഷ്ട നിലവാരത്തിൽ ഉയരുന്ന കാലമാണ്. പൊതുവിദ്യാലയങ്ങളെ മോശമാക്കുന്ന തരത്തിൽ പ്രസ്താവന നടത്തുന്നതിനെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് കുട്ടികളെ കൊണ്ടുപോവാനുള്ള അജണ്ട കൂടിയായി സംശയിക്കേണ്ടിയിരിക്കുന്നു. പൊതുസമൂഹം ജാഗ്രത കാണിക്കണമെന്നും ഈ ജൽപനങ്ങൾക്ക് മുൻപിൽ മുട്ടുമടക്കാൻ പാടില്ല.

പ്രദർശനത്തിനെത്താനിരിക്കുന്ന സിനിമയിലെ ജാനകി എന്ന കഥാപാത്രത്തിന്റെ പേര് മാറ്റണമെന്ന സെൻസർ ബോർഡ് നിർദേശത്തെയും ഡിവൈഎഫ്ഐ വിമർശിച്ചു. സീതയുടെ പേരാണ്, ആ പേരിൽ സിനിമ വേണ്ട എന്നാണ് പറയുന്നത്. മതത്തിന് ദോഷം ഉണ്ടാക്കുന്നുവെന്നും അനുവദിക്കാൻ കഴിയില്ലെന്നും കേരളത്തിൽ നിന്നാണ് പറയുന്നത്. വന്ന് വന്ന് കഥാപാത്രങ്ങൾക്ക് നമ്പർ ഇടേണ്ട അവസ്ഥയിലേക്ക് സാംസ്കാരിക കേരളം എത്തിയിരിക്കുകയാണ്. കേന്ദ്രമന്ത്രി അഭിനയിച്ച സിനിമയാണ്, മന്ത്രിയുടെ നിലപാടറിയാൻ കേരളത്തിന് താത്പര്യമുണ്ട്. നേതാക്കൾ പറഞ്ഞു.