
കോഴിക്കോട്: സ്‌റ്റെതസ്‌കോപ്പ് കൊണ്ട് ഹൃദയമിടിപ്പറിഞ്ഞ് ചികിത്സിക്കുന്ന ഡോക്ടറാകണമെന്നതായിരുന്നു ഷെര്‍ലി വാസുവിന്റെ ആഗ്രഹം. പക്ഷേ, മിടിപ്പുനിലച്ച ഹൃദയങ്ങളുടെ തണുത്തമുറിയായിരുന്നു അവര്‍ക്ക് മുന്നില്‍ തുറന്നത്. മുപ്പതുവര്‍ഷത്തിലേറെ നീണ്ട സര്‍ക്കാര്‍ സര്‍വീസിനിടെയില്‍ ഡോ. ഷെര്‍ലി വാസുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ടേബിളിലെത്തിയത് ഒട്ടേറെ മൃതദേഹങ്ങളാണ്. കോളിളക്കം സൃഷ്ടിച്ച പലകേസുകളിലും നിര്‍ണായകമായതും പ്രമുഖ ഫൊറന്‍സിക് സര്‍ജനായ ഷെര്‍ലി വാസുവിന്റെ കണ്ടെത്തലുകളായിരുന്നു.
തൊടുപുഴ സ്വദേശിയായ ഡോ. ഷെര്‍ലി വാസു 1974-ല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്നാണ് എംബിബിഎസ് പൂര്‍ത്തിയാക്കിയത്. 1984-ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് ഫൊറന്‍സിക് മെഡിസിനില്‍ എം.ഡി.യും നേടി. എംബിബിഎസ് പഠനസമയത്തൊന്നും ഫൊറന്‍സിക് മെഡിസിന്‍ എന്നത് തന്റെ മനസില്‍പോലും ഇല്ലായിരുന്നുവെന്നാണ് ഡോ. ഷെര്‍ലി വാസു നേരത്തേ 'മാതൃഭൂമി'ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. 'പിജി ചെയ്യാന്‍ നേരം ബാലരാമന്‍ സാറാണ്(കോട്ടയം മെഡിക്കല്‍ കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍) ഫൊറന്‍സിക്കില്‍ ചേരാന്‍ പറഞ്ഞത്'', ഷെര്‍ലി വാസു അന്നുപറഞ്ഞു.
Also Read
രോഗികളെ ചികിത്സിക്കുന്ന ഡോക്ടറാകണമെന്ന് ആഗ്രഹിച്ച് ഒടുവില്‍ പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ മൃതദേഹപരിശോധന നടത്തുന്ന ഡോക്ടറായതൊന്നും ഷെര്‍ലി വാസുവിന്റെ മനസ് മടുപ്പിച്ചിരുന്നില്ല. മൃതദേഹങ്ങള്‍ ഒരിക്കലും അവരെ പേടിപ്പിക്കുകയുമുണ്ടായില്ല. 'അല്ലെങ്കിലും മൃതദേഹങ്ങള്‍ ഒരു ഡോക്ടറെയും പേടിപ്പിക്കില്ലില്ലോ' എന്നായിരുന്നു പേടിതോന്നിയോ എന്ന ചോദ്യത്തിന് അവര്‍ നല്‍കിയ മറുപടി.
പിജി പഠനത്തിന് ശേഷം ഫൊറന്‍സിക് വിഭാഗം അസി. പ്രൊഫസറായും അസോസിയേറ്റ് പ്രൊഫസറായും പ്രൊഫസറായും വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഷെര്‍ലി വാസു പ്രവര്‍ത്തിച്ചു. 1986 മുതല്‍ 1995 വരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അസി. പ്രൊഫസറായും 95 മുതല്‍ 2001 വരെ അസോസിയേറ്റ് പ്രൊഫസറുമായിരുന്നു ഷെര്‍ലി വാസു. 2001-ല്‍ പ്രൊഫസറായി. 2010-ല്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് സ്ഥലംമാറ്റി. 2012-ല്‍ വീണ്ടും കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തി. ഒടുവില്‍ 2016-ല്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍നിന്നാണ് ഷെര്‍ലി വാസു സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ചത്.
മരിച്ചവര്‍ക്ക് വേണ്ടി സംസാരിക്കുന്നവരെന്നാണ് ഫൊറന്‍സിക് സര്‍ജന്മാരെ വിശേഷിപ്പിക്കുന്നത്. മരണംവന്ന വഴിയും എങ്ങനെ, എപ്പോള്‍ അത് സംഭവിച്ചുവെന്നതെല്ലാം ഫൊറന്‍സിക് സര്‍ജന്മാര്‍ കോടതിക്ക് മുന്നിലെത്തി പറയുന്നു. പക്ഷേ, കഠിനമാണ് ആ തൊഴില്‍. ഫൊറന്‍സിക് മെഡിസിനില്‍ പിജി പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ചപ്പോള്‍ പത്തുവര്‍ഷത്തിനപ്പുറം അവിടെ തുടരാനാവില്ലെന്നായിരുന്നു ഷെര്‍ലി വാസു ആദ്യം കരുതിയത്. പക്ഷേ, മൃതദേഹങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ നിയോഗിച്ച അവര്‍ മൂന്നുപതിറ്റാണ്ടിലേറെ തന്റെ ജോലി തുടര്‍ന്നു. സ്ത്രീയാണെന്നത് ഒരിക്കലും ജോലിക്ക് തടസമായില്ലെന്നും ഷെര്‍ലി വാസു നേരത്തേ 'മാതൃഭൂമി'യോട് പറഞ്ഞിരുന്നു.
''ഞാന്‍ ഇട്ടിട്ടുപോയാല്‍ ഒരുപക്ഷേ, ഒരു തെറ്റിദ്ധാരണവരും. പോലീസ് ജോലികളോ ഇത്തരം ജോലികളോ സ്ത്രീകള്‍ക്ക് പ്രയാസമുള്ളതാകും, അതുകൊണ്ടാണല്ലോ ഇവര്‍ ഇട്ടിട്ട് പോയതെന്ന് പറയും. സ്ത്രീയെന്നത് ഒരു പരിമിതിയേ ആയിട്ടില്ല. സഹപ്രവര്‍ത്തകരാരും സ്ത്രീയാണ്, മാറിനില്‍ക്കൂ എന്ന് പറഞ്ഞിട്ടില്ല. പോലീസില്‍ ഒരാള്‍പോലും നിങ്ങള്‍ എന്താ ഫൊറന്‍സിക് എടുക്കാന്‍ കാരണം? നിങ്ങളെയും കൊണ്ട് ഞാന്‍ എങ്ങനെ കാട്ടില്‍പോകും എന്നൊന്നും ചോദിച്ചിട്ടില്ല'', ഷെര്‍ലി വാസു അന്ന് പറഞ്ഞു.
പിജി വിദ്യാര്‍ഥിയായിരിക്കെയാണ് ഷെര്‍ലി വാസു ആദ്യത്തെ മൃതദേഹം പരിശോധിക്കുന്നത്. പിന്നീടങ്ങോട്ട് വര്‍ഷങ്ങള്‍ നീണ്ട സര്‍വീസിനിടെ ഇരുപതിനായിരത്തോളം മൃതദേഹങ്ങള്‍ അവരുടെ മുന്നിലെത്തി. ഇതില്‍ ഒരുപിടി കോളിളക്കം സൃഷ്ടിച്ച കേസുകളും കേരളം മറക്കാനാകാത്ത ദുരന്തങ്ങളും ഉണ്ടായിരുന്നു. ഗോവിന്ദച്ചാമി എന്ന കൊടുംക്രിമിനല്‍ ട്രെയിനില്‍നിന്ന് തള്ളിയിട്ട് ബലാത്സംഗംചെയ്ത കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ മൃതദേഹവും കടലുണ്ടി ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങളും ഉള്‍പ്പെടെ ഷെര്‍ലി വാസുവിന്റെ മുന്നിലെത്തി. എന്നാല്‍, ചെയ്ത പോസ്റ്റ്‌മോര്‍ട്ടങ്ങളുടെ അക്കക്കണക്കുകളില്‍ കാര്യമില്ലെന്നായിരുന്നു ഷെര്‍ലി വാസുവിന്റെ നിലപാട്. ''മരിച്ചുപോയ ആള്‍വന്ന് നിങ്ങള്‍ നല്ലപോലെയാണ് പോസ്റ്റ്‌മോര്‍ട്ടംചെയ്തതെന്ന് പറയില്ല. പക്ഷേ, അയാള്‍ പറയുന്നത് ഞങ്ങള്‍ക്ക് കേള്‍ക്കാം. ഞങ്ങളുടെ കൈയിലൂടെ കടന്നുപോകുന്ന ഓരോ ആളും ഞങ്ങള്‍ക്ക് സംരക്ഷകനായി, സംരക്ഷകയായി ഉണ്ടാകും'', ഷെര്‍ലി വാസു പറഞ്ഞു.
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍നിന്ന് വിരമിച്ചശേഷം കോഴിക്കോട് കെഎംസിടി മെഡിക്കല്‍ കോളേജില്‍ ഫൊറന്‍സിക് വിഭാഗം മേധാവിയായിരുന്നു ഷെര്‍ലി വാസു. ഇതിനിടെ 'പോസ്റ്റ്‌മോര്‍ട്ടം ടേബിള്‍' എന്ന പുസ്തകവും രചിച്ചിരുന്നു. 2016-ല്‍ സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്‌നം പുരസ്‌കാരത്തിന് അര്‍ഹയായി. 2025-ലെ തിരുവോണത്തലേന്നാണ് ഷെര്‍ലി വാസുവിന്റെ വിടവാങ്ങല്‍. കോഴിക്കോട്ടെ വീട്ടില്‍ കുഴഞ്ഞുവീണനിലയില്‍ കണ്ടെത്തിയ ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Content Highlights: Dr. Shirly Vasu, a prominent forensic surgeon known for her work on high-profile cases, passed away
Published: 04 Sept 2025, 03:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented