
രണ്ടറ്റവും കൂട്ടിമുട്ടിച്ച് നാലടി ഉയരത്തില്‍ പുഴുചാടി. ചേര്‍ത്തുവെക്കാനാവാത്ത വിധം ചിതറിപ്പോയ ആ ശരീരം. കാറ്റേല്‍ക്കാത്ത, വെളിച്ചം കാണാത്ത മറ്റൊന്ന് മെഴുകുപോലെ ഉരുകിപ്പോയി. കിണറിന്റെ, പുഴയുടെ ആഴം കണ്ടുമടങ്ങി വന്നയാള്‍ തൊട്ടടുത്ത്. ഉയിരിനിയും ഒഴിഞ്ഞു പോയിട്ടില്ലെന്ന് തോന്നിപ്പിക്കുന്ന ശാന്തതയോടെ മറ്റൊരാള്‍. പുണ്യവാനും പാപിയുമില്ലാത്ത ആ തണുത്ത ഭൂമിയില്‍, ആത്മാക്കള്‍ ചുറ്റിത്തിരിയുന്ന കനത്ത നിശ്ശബ്ദതയില്‍ അവ കിടക്കുന്നു. ഇത് മോര്‍ച്ചറി. മരിച്ചവരുടെ പെരുവഴിയമ്പലം. ഇവിടെ അവരുണ്ട്. മൃതശരീരത്തില്‍ മരണം തിരയുന്നവര്‍. അഴുകിയ ശരീരങ്ങളുടെ ഗന്ധവും നുരയ്ക്കുന്ന പുഴുവിന്റെ വെല്ലുവിളിയും വകവെക്കാത്തവര്‍. ഓരോ ശരീരവും കീറിമുറിച്ച് അവര്‍ പറയും, മരണം വന്നവഴി. ഇരുപത്തിയാറ് വര്‍ഷമായി ശവശരീരങ്ങളുടെ ഈ ഇടത്താവളത്തിലുണ്ട് ഡോ. ഷെര്‍ലി വാസു. കോടതിയുടെ കണ്ണായി, മരിച്ചവന്റെ നാവായി. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് സയന്‍സ് വിഭാഗം മേധാവിയാണ് ഡോ. ഷെര്‍ലി. പദ്മരാജനെയും ജോണ്‍ എബ്രഹാമിനെയും മുതല്‍ നാടില്ലാത്തവനെയും നാമമില്ലാത്തവനെയും പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ കണ്ടവര്‍. ഊരും പേരുമില്ലാത്തവരുടെ ലോകത്തില്‍, വിവരങ്ങള്‍ അസ്തമിച്ചവന്റെ ദേഹത്തില്‍ മരണത്തിന്റെ ചരിത്രം ചികയുന്നതിനെക്കുറിച്ച് ഡോ.ഷെര്‍ലി പറയും. ഹൃദയം നിലച്ച് മൃതദേഹങ്ങളെ കീറിമുറിക്കുമ്പോള്‍ കാതിലുയരുന്നത് നെഞ്ചിടിപ്പിന്റെ താളമാണ്. മരണഗന്ധമുള്ള മോര്‍ച്ചറിക്കു പുറത്തുനിന്നുയരുന്ന ചുടുനിശ്വാസമാണ്. ആശങ്കയുടെ അടക്കിയ വിലാപമാണ്.''ഭിത്തിക്കു പുറത്ത് കാത്തുനില്‍ക്കുന്നവന്റെ കണ്ണീരും മനസ്സും ഞങ്ങള്‍ക്കു മനസ്സിലാകും''. ഈ മനസ്സിലാക്കലിന്റെ പ്രതീകങ്ങളാണ് കഴുകി കുളിപ്പിച്ച മൃതദേഹങ്ങള്‍. ഓരോ മുറിവും തുന്നിക്കെട്ടി, ഏറ്റവും മനോഹരമാക്കി, വെള്ളത്തുണിയില്‍ പൊതിഞ്ഞ് പുറത്തേക്കുവരുന്ന ശവങ്ങള്‍.''മരിച്ചയാളോടുള്ള ബഹുമാനമാണ് ഇതിനു പിന്നില്‍. നാളെ നമുക്കിതു സംഭവിച്ചാല്‍ നമ്മളും ഇങ്ങനെയൊക്കെത്തന്നെയാണ്'.
ഒരിക്കല്‍ മിടിച്ചിരുന്ന ഹൃദയവും ഒരിക്കല്‍ ചിന്തിച്ചിരുന്ന തലച്ചോറും ശവമുറിയിലെ പതിവുകാഴ്ചകള്‍.''ഇല്ല, അവയൊന്നും കാണുമ്പോള്‍ വികാരമില്ല. വികാരശൂന്യരായി തന്നെയാണ് ഇതിലേയ്ക്കു കടക്കുന്നത്. എന്നാല്‍,യാന്ത്രികമായി ചെയ്യുന്നതുമല്ല. ആദ്യമായി മൃതദേഹം തൊട്ടപ്പോള്‍ വികാരപരമായി ചിലതൊക്കെ ഉണ്ടായിട്ടുണ്ടാകാം. ഇപ്പോള്‍ നൂറുകണക്കിന് മൃതദേഹങ്ങള്‍ ഒന്നിച്ചു കൈകാര്യം ചെയ്യേണ്ടിവന്നാലും വികാരരഹിതമായി ചെയ്യേണ്ടിവരും''.ആദ്യപോസ്റ്റുമോര്‍ട്ടം നടത്തിയ രാത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ക്കിടന്ന് മുറിഞ്ഞ സ്ത്രീ ഡോ.ഷെര്‍ലിയുടെ സ്വപ്നങ്ങളില്‍ നിലവിളിച്ചു. ആദ്യത്തെയും അവസാനത്തെയും നിലവിളി. പിന്നെ, സ്വപ്നങ്ങളില്‍ ഒരു ശവമുറിക്കാഴ്ച. ''ഇല്ല. ഉണ്ടായിട്ടില്ല.നനഞ്ഞ കടലുണ്ടിയും കരിഞ്ഞ പൂക്കിപ്പറമ്പും കോഴിക്കോട് മോര്‍ച്ചറി വരാന്തയില്‍ നിരന്നുകിടന്നു. തിരിച്ചറിഞ്ഞവയും അറിയാത്തവയുമായ ശരീരങ്ങള്‍. പേരുകളില്ലാത്ത, അക്കങ്ങള്‍ മാത്രമായവ. കടലുണ്ടിപ്പുഴ കണ്ട മൃതദേഹങ്ങള്‍ ഓരോന്നായി പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ വന്നു. ''ആദ്യം വന്നവ ആദ്യം ചെയ്യുക എന്ന രീതിയാണ് ഞങ്ങളുടേത്. ഒരു ലോക്കല്‍ പ്രമുഖന്‍ വന്ന് ഈ ബോഡി ആദ്യം ചെയ്തുതരണമെന്ന് പറഞ്ഞാല്‍ തരാം എന്നേ ഞങ്ങള്‍ പറയൂ. പക്ഷേ, ക്രമപ്രകാരമേ അതുംചെയ്യൂ.''തുണിയില്ലാത്ത, തൊലിയില്ലാത്ത മനുഷ്യര്‍ പൂക്കിപ്പറമ്പില്‍നിന്നുവന്നു. വെന്തുപോയ അവരെയും ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം വേളയില്‍ കിട്ടിയ ഉരുകിത്തീര്‍ന്ന ആഭരണം കണ്ടിട്ട്. ഗാള്‍ ബ്ലാഡറില്‍ സ്റ്റോണുണ്ടെന്നറിഞ്ഞിട്ട്. രണ്ട് അറ്റാക്ക് കഴിഞ്ഞപ്പോള്‍ ഘടിപ്പിച്ച പേസ്‌മേക്കര്‍, സ്പന്ദനം നിലച്ച ഹൃദയത്തിന് കൂട്ടിയിരിക്കുന്നുണ്ടെന്നറിഞ്ഞിട്ട്. ''രോഗവും ഭക്ഷണവും ആഭരണവും അജ്ഞാതരെ ജ്ഞാതരാക്കിയിട്ടുണ്ട്.''
''പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ ഞങ്ങള്‍ ചരിത്രത്തെ കേള്‍ക്കുകയാണ്. മൃതദേഹത്തിന്റെ ചരിത്രത്തെ. ചരിത്രം അറിയാന്‍ മൃതദേഹം കീറിമുറിക്കും. അതിനൊരു ക്രമമുണ്ട്. രീതിയുണ്ട്. ക്ലോക്കിലെ സൂചിയുടെ ചലനംപോലെ. ആദ്യം ശരീരത്തിന്റെ വലതുവശം. പിന്നെ ഇടതുവശത്തേക്ക്. മുന്‍വശം കഴിഞ്ഞാല്‍ ശരീരം കമിഴ്ത്തിയിട്ട് നോക്കും. കഴുകിയശേഷം നോക്കും. ലൈറ്റ് ചെരിച്ചടിച്ചുകൊണ്ട് വെള്ളമൊഴിച്ചുനോക്കും. എങ്കിലേ ചെറുമുറിവുകളും പൊട്ടലുകളും കാണൂ. പിന്നെ ഒരു പാക്കറ്റ്‌പോലെ ശരീരം തുറക്കും. ഒരു തൊപ്പിപോലെ തലയോട്ടി എടുത്തുമാറ്റും. കുഞ്ഞിനെയെന്നപോലെ തലച്ചോറിനെ തൊട്ടുപരിശോധിക്കും. നുറുക്കും. ആന്തരാവയവങ്ങള്‍, ഒരു ബ്ലോക്കായി പുറത്തെടുത്ത് പരിശോധിച്ച് തിരിച്ചുവെക്കും. ഇതിനെല്ലാം ആധികാരികമായ രീതികളുണ്ട്. അത് മുന്‍കൂട്ടി നിശ്ചയിച്ചിരിക്കും. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് ഓരോ മുറിവും വൃത്തിയായി തുന്നിക്കെട്ടും. തുന്നാത്ത മുറിവുമായി ഒരു മൃതദേഹവും ഇവിടെനിന്നുപോകില്ല.''ശ്മശാനത്തിലേക്കുള്ള യാത്രയിലെ ഇടത്താവളത്തിന്റെ ഇടനാഴി ശാന്തമൂകമാണ്. നിത്യനിദ്രയുടെ ശാന്തത. ഇടയ്‌ക്കെത്തുന്ന പോസ്റ്റ്‌മോര്‍ട്ടം ഡോക്ടര്‍മാരും വൈദ്യവിദ്യാര്‍ഥികളും ജഡമണം നിറഞ്ഞ വായുവിനെ ചലിപ്പിക്കുന്നു. നിശ്ശബ്ദത ഭഞ്ജിച്ച് അവര്‍ തിരിച്ചുപോകുമ്പോള്‍ ആത്മാക്കള്‍ വീണ്ടും ഇവിടെ ഒത്തുകൂടുന്നു. മുങ്ങിയ കിണറിന്റെ ആഴങ്ങള്‍. തൂങ്ങിയ കയറിന്റെ ബലം, കഴിച്ച വിഷത്തിന്റെ വീര്യം, ചങ്കിലാഴ്ന്ന കത്തിയുടെ മൂര്‍ച്ച, എതിരാളിയുടെ കണ്ണിലെ പക, ശബ്ദം കുരുങ്ങിപ്പോയ തൊണ്ടയുടെ നിസ്സഹായത എല്ലാം അവിടെ കൂടിയിരുന്ന് അവര്‍ പങ്കുവെക്കുന്നു.''കോഴിക്കോട്ടെ മോര്‍ച്ചറിയില്‍ അനവധി ആത്മാക്കളുണ്ടെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം. ഇടയ്‌ക്കൊക്കെ ചിരിക്കുന്ന പെണ്‍കുട്ടികളെ, ചുരിദാര്‍ ധാരികളെ ഒക്കെ കണ്ടുഎന്നു പറയപ്പെടുന്നുണ്ട്. ഉണ്ടെങ്കില്‍, അങ്ങനെത്തന്നെ അവര്‍ നടക്കും. ഒരാത്മാവിന് ഏറ്റവും സുരക്ഷിതമായ സ്ഥലമാണിവിടം. ഈ ആത്മാക്കള്‍ ഞാനുമായി അലിഞ്ഞുചേര്‍ന്നവരാണ്. എന്റെ ആത്മാവെന്നു പറഞ്ഞാല്‍ ഇപ്പോള്‍ അവരുടെയെല്ലാം ക.യ്യിലാ. അല്ലാതെ സ്വതന്ത്രമല്ല. എന്റെ മരണശേഷം-എന്റെ മരണം സംശയകരമായിട്ടോ വാഹനാപകടമായിട്ടോ എന്താണെന്ന് എനിക്ക് പറയാനാവില്ല-അങ്ങനെ വന്നാല്‍ കോഴിക്കോട് മോര്‍ച്ചറിയിലാണെങ്കില്‍ ഞാനും അവരില്‍ ഒരാളാകും. എന്റെ സഹപ്രവര്‍ത്തകര്‍ എന്നെ കീറിമുറിക്കുന്നത് സന്തോഷത്തോടെ ഞാന്‍ നോക്കിക്കാണും.''
''പലരും എന്നോടു പറഞ്ഞിട്ടുണ്ട്. ഇവിടെ പലരെയും കണ്ടു എന്ന്. ആരെങ്കിലും ആത്മാക്കള്‍ ഇതിലേ നടക്കുന്നുണ്ടെങ്കില്‍ 'ഐ ആം ഹാപ്പി'. ആത്മാവിനോട് ഭയം തോന്നേണ്ടതായ ഒരു പ്രവൃത്തിയും നമ്മുടെ ആരുടെയും കൈയില്‍നിന്ന് വന്നിട്ടില്ലല്ലോ? ന്യായമായിട്ടല്ലാതെ ഒരാളോടും ഒന്നുംചെയ്തിട്ടില്ല. ആരൊക്കെ നിയമത്തിന്റെ പരിപരക്ഷ ആവശ്യമുള്ളവരുണ്ടോ, ആരുടെ മരണമൊക്കെ ആരുടെയെങ്കിലും തെറ്റായ പ്രവൃത്തികൊണ്ട് ഉണ്ടായിട്ടുണ്ടോ അതിനൊക്കെ ഞങ്ങള്‍ മരിച്ചവന്റെ കൂടെ നിന്നിട്ടുണ്ട്.''മരണം ഒരു കാറ്റുപോലെ കടന്നുപോയി. മരിച്ചവനും മണ്ണായി. ശേഷിക്കുന്നത് സമൂഹമാണ്. നാളെ ഇതെനിക്കുംവരുമോ എന്ന് ഭയന്ന് തുറികണ്ണോടെ ഇരിക്കുന്ന സമൂഹം.''എന്റെ അയല്‍ക്കാരന്‍ ഒരു ദിവസം പുലര്‍ച്ചെ റോഡില്‍ മരിചച്ഛുകിടന്നാല്‍ നാളെ ഇതെനിക്കു സംഭവിക്കുമോ എന്ന ആശങ്ക എനിക്കുണ്ടാകും. മരണം സമൂഹത്തിനേൽപി ക്കുന്ന ഒരു മുറിവുണ്ട്. അതില്‍ ആശ്വാസം നൽകുന്നത്, എന്റെ രാജ്യം ഇതെങ്ങനെ സംഭവിച്ചു എന്ന് അന്വേഷിക്കും. ഇത്തരം മരണങ്ങള്‍ തടയുന്നതിനുള്ള നടപടിയെടുക്കും, എന്റെ സുരക്ഷ ഉറപ്പാക്കും എന്ന വിശ്വാസമാണ്, വാഗ്ദാനമാണ്. ഈ സുരക്ഷാവാഗ്ദാനത്തിന്റെ ഭാഗമാണ് ഞങ്ങള്‍. ഞാന്‍ ജോലിചെയ്യുന്നത് കോഴിക്കോട്ടാണ്. സാധനങ്ങള്‍ വാങ്ങാനോ മറ്റ് ആവശ്യങ്ങള്‍ക്കോ രാത്രിയില്‍ പുറത്തിറങ്ങാറുണ്ട്. കോഴിക്കോട് സുരക്ഷിതമാണെന്നാണ് സ്ത്രീ എന്ന നിലയില്‍ എന്റെ തോന്നല്‍. ഇതില്‍ എനിക്കും സംഭാവന ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. എണ്‍പത്തൊന്നു മുതല്‍ ഞാന്‍ കോഴിക്കോട് മോര്‍ച്ചറിയില്‍ പണിയെടുക്കുന്നു. ഇവിടുത്തെ കുറ്റകൃത്യനിയന്ത്രണത്തില്‍ എന്റെ ഡിപ്പാര്‍ട്ട്‌മെന്റ് നല്ല സംഭാവന ചെയ്തിട്ടുണ്ട്. ആദ്യമൊക്കെ കോഴിക്കോട്ട് കടയിലും കൊച്ചുകൊച്ചുസ്ഥലത്തുമൊക്കെ അവരെയുമിവരെയുമൊക്കെ കൊലചെയ്ത നിലയില്‍ കിട്ടിയിട്ടുണ്ട്. ഇന്ന് സ്ഥിതിമാറി. ഇന്ത്യയിലെഏറ്റവും മികചച്ഛ രണ്ടാമത്തെ നഗരം കോഴിക്കോടാണെന്ന് അടുത്തിടെ വായിച്ചു. അതില്‍ ഗണ്യമായ സംഭാവന ചെയ്ത ഒരുവിഭാഗം ഞങ്ങളാണ്.
''കോടതിയില്‍ ന്യായാധിപന്‍ ആസനസ്ഥനാണ്, കുറ്റകൃത്യത്തിന്റെ വിധിപറയാന്‍. ഇവിടെ മരിച്ചവനും ജീവിച്ചിരിക്കുന്നവനുമില്ല. വാദിയും പ്രതിയുമേയുള്ളൂ. എന്നെ ഇവന്‍ ഇങ്ങനെ കൊന്നു എന്നുപറയാന്‍ മരിച്ചവന്‍ തിരിച്ചുവരില്ല. അവന്റെ/അവളുടെ നാവാണ് പോലീസ് സര്‍ജന്‍.''ഈ നാവിനു മാറ്റിപ്പറയേണ്ട, പിഴയ്‌ക്കേണ്ട കാര്യമൊന്നുമില്ല. കണ്ണിന് കാണേണ്ടാത്ത കാര്യവുമില്ല. കോടതിക്ക് ഇവിടെവന്നിരുന്ന് ഇയാള്‍ക്കെന്താ സംഭവിച്ചതെന്ന് നോക്കിക്കൊണ്ടുപോകാന്‍ പറ്റില്ല. അതിനാല്‍, ഞങ്ങളാണ് കോടതിയുടെ കണ്ണ്. മരിച്ചയാള്‍ കോടതിമുറിയില്‍ ഞങ്ങളിലൂടെ സംസാരിക്കുന്നു. കോടതിമുറിയില്‍ കളവുപറയാന്‍ പോയാല്‍ എങ്ങനെ ഇരിക്കുമെന്ന് എനിക്കറിയില്ല. അങ്ങനെയുള്ള ഒരു ആഗ്രഹവും ഒരിക്കലും ഉണ്ടായിട്ടില്ല.''മരിച്ചവന്‍ കിടന്നിടം കാണാനുള്ള യാത്രകള്‍. കരിമ്പാറക്കൂട്ടങ്ങളും കൊടുംകാടുകളും താണ്ടിയുള്ള യാത്ര. കാരണം പോസ്റ്റ്‌മോര്‍ട്ടം ടേബിളിലെ ജഡത്തിന്റെ നീളത്തിലും വണ്ണത്തിലും ആന്തരാവയങ്ങളുടെ രൂപഭേദത്തിലും മാത്രം ഒളിഞ്ഞിരിക്കില്ല, മരണം.''അപ്പോഴൊന്നും ഒരു സ്ത്രീ എന്ന പരിമിതി ഉണ്ടായിട്ടില്ല. ഇത് കഠിനമായ ജോലിയാണ്. മാറിനില്‍ക്കൂ എന്ന് സഹപ്രവര്‍ത്തകരാരും എന്നോടു പറഞ്ഞിട്ടില്ല. നിങ്ങളെന്താ ഫൊറന്‍സിക് എടുക്കാന്‍ കാര്യം, നിങ്ങളെയും കൊണ്ട് എങ്ങനെ കാട്ടില്‍ പോകുമെന്ന് ഒരു പോലീസുകാരനും എന്നോട് ചോദിച്ചിട്ടില്ല. വടക്കന്‍ കേരളത്തില്‍ ഞാന്‍ കയറാത്ത കാടൊന്നുമില്ല. നിലമ്പൂര്‍ക്കാടിന്റെ ആഢ്യന്‍പാറയ്ക്കപ്പുറം നിരവധി തവണ ഞാന്‍ കണ്ടിട്ടുണ്ട്. തൊട്ടുപിറകില്‍ നടന്ന പോലീസുകാരനെ രാജവെമ്പാല കടിച്ചപ്പോഴും പോലീസ് മുന്നോട്ടു നടന്നിട്ടേയുള്ളൂ. തിരിഞ്ഞുനില്‍ക്കാന്‍ കൂട്ടാക്കാതെ മുന്നോട്ടുനടന്നു. അയാളെയും കൊണ്ട് ആരോ പോയെന്നു തോന്നുന്നു. കാസര്‍കോട് മീഞ്ച പഞ്ചായത്തിലെ ചില മലകളുടെ മുകളില്‍കയറി നിന്നാല്‍ കൈയില്‍ നിന്ന് വിട്ടുപോയ കടലാസ് അങ്ങ് അറബിക്കടലിലേക്ക് പറന്നു പോകുന്നതുകാണാം. അവിടെ ഞാന്‍ പോയിട്ടുണ്ട്. കേരളത്തിലെ പേരുപറയാത്ത ഒരു പോലീസ് കോണ്‍സ്റ്റബിള്‍ കൂടെയുണ്ടെങ്കില്‍ ഏതുസമയത്തും എവിടെയും ഞാന്‍ പോകും, ജോലിക്കാണെങ്കില്‍. പത്തു വര്‍ഷം കഴിഞ്ഞ് ഫൊറന്‍സിക് വിട്ടുപോകണമെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. 'ഇറ്റ് ഈസ് സോഹാര്‍ഡ്'. എങ്കിലും ഞാന്‍ നിന്നു.
ഞാനിത് ഇട്ടിട്ടുപോയാല്‍ ഒരുപക്ഷേ, ഒരു തെറ്റിദ്ധാരണവരെ വരും, പോലീസ് ജോലികളും ഇത്തരം ജോലികളും സ്ത്രീകള്‍ക്ക് പറ്റില്ലെന്ന്. ഈ കേരള പോലീസിന്റെ കൂടെ ജോലി ചെയ്യാന്‍ എനിക്ക് ഇഷ്ടം തന്നെയാണ്. ഇങ്ങനെ മാറ്റിപ്പറയണം എന്ന് അവരാരും എന്നോടു പറഞ്ഞിട്ടില്ല. ഒക്കെ ആള്‍ക്കാരുടെ ധാരണയാണ്.''മണമുള്ളവയാണ് ശരീരങ്ങള്‍. മരണമണം ഒന്നു വേറെയാണ്. വെള്ളത്തില്‍ വീണ മരണത്തിന്റെ മണം ഒന്ന്. മണ്ണിനടിയില്‍ കിടന്ന മരണത്തിന്റെ മണം മറ്റൊന്ന്. പാറയിടുക്കില്‍ ചീഞ്ഞ മരണത്തിന്റെ മണം വേറൊന്ന്.''കാട്ടില്‍ നിന്നൊക്കെ കൊണ്ടുവരുന്ന ബോഡിയില്‍ നാലടി ഉയരത്തില്‍ പുഴു ചാടും. മണമുണ്ടാകും. എല്ലാവര്‍ക്കും ഉള്ളതുപോലെ നമുക്കും ബുദ്ധിമുട്ട് തന്നെയാണ് മണം. പക്ഷേ, കുറച്ചു കഴിഞ്ഞാല്‍ അതൊക്കെ മറക്കും. വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞിട്ടില്ലേ, പ്രേമത്തിന് കുറച്ചു നാറ്റമൊക്കെയുണ്ടെന്ന്. ഈ തൊഴില്‍ കഠിനമാണ്. മണവും പുഴുവുമൊക്കെ അതിന്റെ ഭാഗമാണ്. പുഴുവിചാരിച്ചാല്‍ പോസ്റ്റ്‌മോര്‍ട്ടം തടയാന്‍ പറ്റുമോ? നിവൃത്തി കെട്ടിട്ടോ അമര്‍ഷത്തോടെയോ സ്‌നേഹമില്ലാതെയോ ചെയ്യുന്ന പ്രവൃത്തിയല്ല ഇത്. ഇത് ഒരു ത്രില്ലിങ് ജോലിയാണ്. കര്‍ട്ടനുപിന്നില്‍ മറഞ്ഞിരുന്ന് ജോലി ചെയ്യാനുള്ള മനഃസ്ഥിതി വേണം. സമൂഹത്തിനു നല്ലതുവരാന്‍ പ്രവര്‍ത്തിക്കുക. അവര്‍ വന്ന് 'താങ്ക് യൂ' എന്നു പറയുന്നതു കേള്‍ക്കാതെ ജോലി ചെയ്തുകൊണ്ടേയിരിക്കുക. അതിലൊരു സുഖമുണ്ട്.''സത്യസന്ധമായ തൊഴില്‍ പ്രാര്‍ഥനയെങ്കില്‍ ഇവര്‍ സദാ പ്രാര്‍ഥിക്കുകയാണ്. ഞങ്ങള്‍ക്ക് തെറ്റിയെങ്കില്‍ ദൈവത്തിനും തെറ്റി എന്ന് ചങ്കുറപ്പോടെ പറയുകയാണ്.''പൂജാരി ചെയ്യുന്നതെന്തോ അതുതന്നെയാണ് ഞങ്ങള്‍ചെയ്യുന്നത്. സാക്ഷാല്‍ ഈശ്വരസേവ. അതില്‍ ഒരു സംശയവുമില്ല. ഒരു കുറവുമില്ലാതെ ചെയ്യും''.
കണ്ണില്‍, ചെവിയില്‍, ചുണ്ടില്‍ മരണം. ഇടപാടുകള്‍ പോലീസും കോടതിയുമായും. ഇവയ്ക്കിടയില്‍ ചിലര്‍ക്ക് ആശ്വാസം വായനയാണ്. ചിലര്‍ക്ക് സംഗീതം.''എനിക്ക് ഒരുപാട് പെറ്റ്‌സ് ഉണ്ട്. പാട്ടിലും നല്ലത് പെറ്റ്‌സായിട്ടാണ് എനിക്കു തോന്നുന്നത്. വീട്ടില്‍ ഞങ്ങള്‍ക്കൊപ്പം അവയും വളരുന്നു. അവയുമായും ജീവിതം പങ്കുവെക്കുന്നു. പങ്കുവെക്കലിന് ജീവിയെന്നോ ചെടിയെന്നോ വ്യത്യാസമില്ല. മരത്തിന്റെ ഇല ഇളകുന്നത് കണ്ടിരിക്കുന്നതുപോലും പങ്കുവെപ്പാണ്. നമ്മുടെ മനസ്സിനെ ഉത്തേജിപ്പിക്കാന്‍ പ്രകൃതിക്കുമാത്രമേ കഴിയൂ.''ഒരിക്കല്‍ ഡോ. ഷെര്‍ലിക്ക് ഒരു സര്‍ക്കുലര്‍ കിട്ടി, ആഭ്യന്തരവകുപ്പില്‍ നിന്ന്. 'കേരളത്തില്‍ എത്ര പോലീസ് ആസ്പത്രികളുണ്ട്? അവിടെയൊക്കെ എത്ര പോലീസ് സര്‍ജന്മാര്‍ ജോലിചെയ്യുന്നുണ്ട്?' തുടങ്ങിയ ചോദ്യങ്ങളായിരുന്നു ഉള്ളടക്കം.പോലീസ് സര്‍ജന്മാര്‍ എവിടെ ജോലിചെയ്യുന്നു എന്നുപോലും അറിയാത്ത ആഭ്യന്തര വകുപ്പില്‍പ്പെട്ടവരാണ്. 'പോസ്റ്റ്‌മോര്‍ട്ടം ഡോക്ടര്‍മാര്‍' എന്നറിയപ്പെടുന്ന ഇവര്‍. ഒരു ടെലിഫോണ്‍ പോലുമില്ലാത്ത മുറിയില്‍ പല്ലില്ലാത്ത ടൈപ്പ്‌റൈറ്ററില്‍ കൊട്ടിയെടുക്കുന്ന റിപ്പോര്‍ട്ട് വെച്ച് ഇവര്‍ ജോലിചെയ്യുന്നു. പോസ്റ്റ്‌മോര്‍ട്ടം വര്‍ക്ക് ബുക്ക് കാണാതെയെന്ന കോലാഹലം ആറാത്തപ്പോള്‍ ഒരുകാര്യം അറിയുക, അങ്ങനെയൊരു ബുക്ക് പോലീസ് സര്‍ജന്മാരില്‍ പലരും കണ്ടിട്ടില്ല. അവനവന്റെ പണംമുടക്കി വാങ്ങിയ പേപ്പറിലാണ് ഇവര്‍ റിപ്പോര്‍ട്ട് എഴുതുന്നത്. സര്‍ക്കാരില്‍ നിന്ന് ഒരു ഫോറം പോലും ഇങ്ങോട്ട് വരാറില്ല.''ഒരുപക്ഷേ ആഭ്യന്തരമന്ത്രിക്കറിയില്ല, ഞങ്ങള്‍ അദ്ദേഹത്തിന്റെ ഡിപ്പാര്‍ട്ടുമെന്റില്‍പ്പെട്ടവരാണെന്ന്. ഏതെങ്കിലും പോസ്റ്റ്‌മോര്‍ട്ടം ഉടന്‍ ചെയ്യണമെന്നോ എന്തെങ്കിലും റിപ്പോര്‍ട്ട് വേഗം വേണമെന്നോ ആഭ്യന്ത വകുപ്പില്‍ നിന്ന് ഇതുവരെ ആരും ഞങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല. ആരും നോക്കാനില്ലാത്തതിനാല്‍ ആരോഗ്യവകുപ്പില്‍ നിന്ന് ലഭിക്കുന്ന ചെറിയ സഹായംകൊണ്ട് ഞങ്ങള്‍ ഒരുമയോടെ സത്യസന്ധമായി പ്രവര്‍ത്തിച്ചുപോകുന്നു.
( പുനഃപ്രസിദ്ധീകരണം- മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത് )
Content Highlights: Dr. Shirley Vasu, forensic expert, shares her 26 years of experience working in the mortuary
Published: 04 Sept 2025, 02:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented