
തലശ്ശേരി: ആരും കടന്നെത്താത്ത മേഖലകളില്‍നിന്ന് മനുഷ്യഭാവനയെ ഖനനംചെയ്തുകൊണ്ടുതന്നെ സാഹിത്യത്തില്‍ പുതിയ എഴുത്തും പൊളിച്ചെഴുത്തും ആവശ്യമാണെന്ന് പ്രമുഖ സാഹിത്യനിരൂപകന്‍ പി.കെ.രാജശേഖരന്‍ പറഞ്ഞു. 'മാതൃഭൂമി' അന്താരാഷ്ട്ര അക്ഷരോത്സവം നാലാംപതിപ്പിന്റെ മുന്നോടിയായി 'ചരിത്രത്തിന്റെ നിഴലില്‍ ഭാവിയുടെ വെളിച്ചത്തില്‍' എന്ന വിഷയത്തില്‍ നടക്കുന്ന മേഖലാതല പ്രഭാഷണ പരമ്പരയ്ക്ക് തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഴുത്തുകാരുടെ പുതിയ തലമുറ പുതിയ പര്യവേക്ഷണം തന്നെ സാധ്യമാക്കണം. ഇതുവരെ പ്രതിനിധാനം ചെയ്യപ്പെടാത്ത ജീവിതങ്ങള്‍ കേരളത്തിലുണ്ട്. തെയ്യം കലാകാരന്മാരുടെ ജീവിതമായാലും കാസര്‍കോടന്‍ ജീവിതമായാലും. അത്തരം ലോകത്തെ അവരുടെ ഭാഷയിലും തദ്ദേശീയതയിലും തൊട്ടറിയണം.

സാഹിത്യപഠനങ്ങളെന്നത് ഒരിക്കലും സിദ്ധാന്തപഠനങ്ങളല്ല. റിയലിസം എന്നത് അയഥാര്‍ഥത്തെ യാഥാര്‍ഥ്യമായി അവതരിപ്പിക്കുന്നതാണ്. അത്തരം റിയലിസത്തെ അട്ടിമറിക്കാനുള്ള ശ്രമം പുതിയ നോവലുകളില്‍ പ്രകടമാണ്.
നമുക്ക് ഒരുപാട് ആദിവാസി ഭാഷകളുണ്ട്, ഭാഷാഭേദങ്ങളുണ്ട്. ആ ഭാഷയില്‍ പൊള്ളുന്ന ജീവിതങ്ങളുമുണ്ട്. പക്ഷേ അവ തദ്ദേശഭാഷയിലൂടെ പുറത്തുവരുന്നില്ലെന്നത് സത്യമാണ്. ഇവിടെ നോവല്‍ ഒരു 'നിലവാരഭാഷ'യിലൂടെമാത്രം എഴുതപ്പെട്ടിരുന്നു. എന്നാല്‍ പുതിയ നോവല്‍ അങ്ങനെയല്ല. അവര്‍ തദ്ദേശഭാഷയിലൂടെ അവരുടെ ലോകത്തേക്ക് കടന്നുകയറുന്നു. അരികുകളിലേക്ക് മാറ്റപ്പെട്ടവരുടെ ജീവിതം കണ്ടെടുക്കുന്നു. അതാണ് മാറ്റം -രാജശേഖരന്‍ പറഞ്ഞു.

Content Highlights: dr pk rajashekharan, new levels of writing needed, vernacular languages
Published: 26 Nov 2022, 08:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented