കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർഥി നിതിൻ രാജ് ആത്മഹത്യചെയ്ത് നൂറാംദിനമാണ് കേസിലെ ഒന്നാംപ്രതി അധ്യാപകനായ ഡോ. എം.കെ.റാം പിടിയിലാകുന്നത്. നൂറുദിവസത്തെ ഒളിവുജീവിതം സംഭവബഹുലമായിരുന്നു. നിതിൻ രാജിന്റെ മരണവിവരം പുറത്ത് വന്നയുടനെ കണ്ണൂരിൽനിന്ന് തീവണ്ടിയിൽ വാരാണസിയിലേക്കാണ് പുറപ്പെട്ടത്. അവിടുന്ന് തിരിച്ചെത്തി സ്വദേശമായ ആന്ധ്രയിലെ എട്ടോളം ഗ്രാമങ്ങളിലായിരുന്നു ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളുന്നതുവരെ ഒളിവിൽ കഴിഞ്ഞിരുന്നത്.

To advertise here,

ബന്ധുവും സുഹൃത്തുക്കളും ഉൾപ്പെടെ മൂന്നുപേർ സഹായത്തിനുണ്ടായിരുന്നു. പകൽ ഗ്രാമങ്ങളിലെ ക്ഷേത്രങ്ങളിൽ ചെലവഴിക്കുന്ന ഇവർ രാത്രിയോടെ ഏതെങ്കിലും വീടുകളിലോ വാടകമുറികളിലോ താമസിക്കും. ഇതിന് പലരുടെയും സഹായം ലഭിച്ചെന്നാണ് പോലീസ് കരുതുന്നത്. സുപ്രീംകോടതിയും ജാമ്യാപേക്ഷ തള്ളിയതോടെ അന്വേഷണം ശക്തമാക്കി അന്വേഷണസംഘം ആന്ധ്രയിലെ റാമിന്റെ നാട്ടിൽ ക്യാമ്പ് ചെയ്തതോടെ അവിടെനിന്ന് കർണാടകയിലേക്ക് കടന്നു. കുടകിന് സമീപത്തെ ഗുണ്ടൂർ ഗ്രാമത്തിലാണ് പിന്നീട് ഒളിവിൽ താമസിച്ചത്. അവിടെയും ഗ്രാമീണ ക്ഷേത്രങ്ങളിലാണ് പകൽ മുഴുവനും ചെലവഴിച്ചത്. പോലീസ് വേഷം മാറിയെത്തുമെന്ന നിഗമനത്തിൽ ഗ്രാമത്തിലെത്തുന്ന 'അപരിചിതരെ' പ്രത്യേകം നിരീക്ഷിച്ചു. പോലീസാണെന്ന് സംശയം തോന്നിയാൽ തൊട്ടടുത്തുള്ള ഉൾനാടൻ ഗ്രാമത്തിലേക്ക് തിരിക്കും. ഗ്രാമീണ ബസുകളിലായിരുന്നു യാത്ര. അവിടെയും ഒളിവുസങ്കേതം കണ്ടെത്തും. സുപ്രീം കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ കീഴടങ്ങുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്ന് നിയമോപദേശം ലഭിച്ചു. ഇതേത്തുടർന്നാണ് ഞായറാഴ്ച രാത്രിതന്നെ കീഴടങ്ങാനുള്ള തയ്യാറെടുപ്പോടെ സഹോദരിക്കും അഭിഭാഷകനുമൊപ്പം കണ്ണൂരിലേക്ക് പുറപ്പെട്ടത്. ഇതിനിടയിലാണ് പോലീസിന്റെ പിടിയിലായത്.

മൊബൈൽ ഫോൺ ഉപയോഗിച്ചില്ല, കൈയിൽ കരുതിയത് ഒരുലക്ഷം രൂപ

ഒളിവുകാലത്ത് ഒരുതവണപോലും സ്വന്തം മൊബൈൽ ഫോൺ റാം ഉപയോഗിച്ചില്ല. കൂടെയുണ്ടായിരുന്ന ബന്ധുവിന്റെയും സുഹൃത്തിന്റെയും ഫോണാണ് ഉപയോഗിച്ചത്. മുൻകൂർ ജാമ്യാപേക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ നീക്കിയതും വീട്ടുകാരുമായി ബന്ധപ്പെട്ടതും ഇതേ ഫോണിലായിരുന്നു. ഒളിവിൽ കഴിയുമ്പോൾ ചെലവിനായി ഒരുലക്ഷം രൂപയും കൈയിൽ കരുതിയിരുന്നു. ഇക്കാലത്ത് എ.ടി.എമ്മിൽനിന്നോ ബാങ്കിൽനിന്നോ പണം പിൻവലിച്ചിട്ടില്ല. ലൊക്കേഷൻ ലഭിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് പോലീസ് കരുതുന്നത്.

വേഷം മാറി,കോലം മാറി ഒളിവിൽ

രൂപവും വേഷവും മാറിയാണ് റാം ഒളിവിൽ കഴിഞ്ഞിരുന്നത്. 'ക്‌ളീൻ ഷേവ്' ചെയ്യാറുള്ള റാം വെളുത്ത താടി നീട്ടിവളർത്തിയും മുടിക്ക് അൽപം നിറം നൽകിയുമായിരുന്നു ഒളിവുജീവിതം. സ്ഥിരമായി ഉപയോഗിക്കുന്ന വസ്ത്രധാരണരീതിയും മാറ്റി. മലയാളികൾ തീരെയില്ലാത്ത സ്ഥലങ്ങളിലാണ് ഒളിവിൽ കഴിഞ്ഞതും.

പൊട്ടിക്കരഞ്ഞു, കുറ്റം നിഷേധിച്ചു; മൊഴി ഇങ്ങനെ

അന്വേഷണസംഘത്തിനു മുന്നിൽ പൊട്ടിക്കരഞ്ഞ് അറസ്റ്റിലായ ഡോ. റാം. ചോദ്യംചെയ്യലിൽ പലപ്പോഴും ഉത്തരം പറയാനാകാതെ വിതുമ്പി. നിതിൻ രാജിനെ മാനസികമായി പീഡിപ്പിച്ചിട്ടില്ല. ഒരധ്യാപകനെന്ന നിലയിൽ കുട്ടികളോട് കുറച്ച് കർശനമായി പെരുമാറാറുണ്ടെന്നും സ്‌നേഹം പലപ്പോഴും പുറത്ത് പ്രകടിപ്പിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരധ്യാപകന്റെ ചുമതല മാത്രമാണ് നിർവഹിച്ചത്. വിദ്യാർഥികളുടെ നല്ല ഭാവിക്ക് വേണ്ടിയാണ് എല്ലാം പറഞ്ഞിട്ടുള്ളത് -ചോദ്യംചെയ്യലിൽ റാം പറഞ്ഞു. ജാതിയധിക്ഷേപം നടത്തിയിട്ടില്ല.

താനും നിതിൻ രാജിന്റെ ജാതിയിൽപ്പെട്ടയാളാണ്. പിന്നെയെങ്ങനെ ജാതിയധിക്ഷേപം നടത്തും

ഒ.ബി.സി. വിഭാഗത്തിൽപ്പെട്ട താൻ ജാതിയധിക്ഷേപം നടത്തുന്നത് എങ്ങനെയെന്ന് മറുചോദ്യവും ഉന്നയിച്ചു. നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള എല്ലാ കുറ്റങ്ങളും റാം നിഷേധിച്ചു.

പ്രത്യേക സംഘം രൂപവത്കരിച്ച് പ്രവർത്തിച്ചു -എസ്.പി.

ഡോ. റാമിനെ പിടികൂടാൻ പ്രത്യേക അന്വേഷണസംഘമുണ്ടാക്കി പ്രവർത്തിച്ചതായി ക്രൈംബ്രാഞ്ച് എസ്.പി. കെ.വി.വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തിൽ പിന്നോട്ട് പോയിട്ടില്ല. തുടർന്നും കൃത്യമായ അന്വേഷണം നടത്തും. അന്വേഷണം നടക്കുന്നതിനാൽ പല കാര്യങ്ങളും ഇപ്പോൾ തുറന്നുപറയാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അറസ്റ്റ് കീഴടങ്ങാനെത്തുമ്പോൾ -റാമിന്റെ അഭിഭാഷകൻ

സുപ്രീം കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് കീഴടങ്ങാൻ കണ്ണൂരിലേക്ക് വരുമ്പോഴാണ് അറസ്റ്റ് ചെയ്തതെന്ന് ഡോ. റാമിന്റെ അഭിഭാഷകൻ ലത്തീഫ് ബഡഗനൂർ മാധ്യമങ്ങളോട് പറഞ്ഞു.

റാം ജാതിയധിക്ഷേപം നടത്തിയിട്ടില്ല. വിദ്യാർഥിയുടെ ജാതി ഡോക്ടർക്ക് അറിയില്ലായിരുന്നു. പോലീസ് എല്ലാകാര്യങ്ങളും അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. റാമിന്റെ സഹോദരിയും എത്തിയിരുന്നു.