തിരുവനന്തപുരം: പ്രശസ്ത ദളിത് ചിന്തകനും അധ്യാപകനും സാമ്പത്തികശാസ്ത്ര വിദഗ്ധനുമായ ഡോ. എം. കുഞ്ഞാമന്‍ (74) അന്തരിച്ചു. അദ്ദേഹം താമസിച്ചിരുന്ന ശ്രീകാര്യം  ചെമ്പഴന്തി റോഡില്‍ വെഞ്ചവോട് ശ്രീനഗര്‍ ഹൗസ് നമ്പര്‍ 3-ല്‍ വീട്ടിലെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ രോഹിണി ചികിത്സാ സംബന്ധമായി മലപ്പുറത്തായതിനാല്‍ ഇദ്ദേഹം വീട്ടില്‍ തനിച്ചായിരുന്നു. സുഹൃത്ത് കെ.എം. ഷാജഹാനാണ് മൃതദേഹം ആദ്യമായി കണ്ടത്.

To advertise here,

കെ.എം ഷാജഹാനോട് ഞായറാഴ്ച കാണണമെന്ന് കഴിഞ്ഞ ദിവസം  ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് കെ.എം ഷാജഹാന്‍ വീട്ടിലെത്തിയതായിരുന്നു. കുറച്ചുസമയം കാത്തുനിന്നെങ്കിലും പ്രതികരണമുണ്ടായില്ല. ഇതിനെ തുടര്‍ന്ന് പൊലീസിലും ശ്രീനഗര്‍  റെസിഡന്റ്സ്  അസോസിയേഷന്‍ പ്രതിനിധികളെയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരാണ് പോലീസില്‍ അറിയിച്ചത്.

പോലീസ് പറഞ്ഞതനുസരിച്ച് ഇവര്‍ വീട്ടിനുള്ളില്‍ കയറിനോക്കിയപ്പോഴാണ് തറയില്‍ കിടക്കുന്ന രീതിയില്‍ മൃതദേഹം കണ്ടത്. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാകാമെന്നാണ് നിഗമനം. ഏറെനാളായി ആഗ്രഹിച്ചതാണെന്നും ഞാന്‍ പോകുന്നെന്നും മറ്റാര്‍ക്കും പങ്കില്ലെന്നും എഴുതിയ കുറിപ്പ് വീട്ടിനുള്ളില്‍നിന്ന് പോലീസ് കണ്ടെടുത്തു. ഞായറാഴ്ച കുഞ്ഞാമന്റെ ജന്മദിനമായിരുന്നു. 

ദീര്‍ഘകാലം കേരള സര്‍വകലാശാലയില്‍ സാമ്പത്തികശാസ്ത്ര അധ്യാപകനായിരുന്നു കുഞ്ഞാമൻ. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ പ്രൊഫസറായാണ് വിരമിച്ചത്. ഇടതുപക്ഷ നിലപാട് പങ്കുവെക്കുന്ന ദളിത് ചിന്തകനും എഴുത്തുകാരനുമായിരുന്ന കുഞ്ഞാമൻ ദളിത്-സാമ്പത്തിക ശാസ്ത്ര മേഖലകളില്‍ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. 

പാലക്കാട് ജില്ലയിലെ വാടാനംകുറിശ്ശിയില്‍ 1949 ഡിസംബര്‍ മൂന്നിനാണ് എം. കുഞ്ഞാമന്‍ ജനിച്ചത്. മണ്ണിയമ്പത്തൂര്‍ അയ്യപ്പന്റെയും ചെറോണയുടെയും മകനാണ്. വാടാനംകുറിശ്ശി എല്‍.പി. സ്‌കൂളില്‍ നിന്നായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പ്രീഡിഗ്രി മുതല്‍ എം.എ. വരെ പാലക്കാട് ഗവ. വിക്ടോറിയ കോളേജിലായിരുന്നു പഠനം. 

മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന് ശേഷം സാമ്പത്തികശാസ്ത്രത്തിലെ ബിരുദാനന്തരബിരുദത്തില്‍ ഒന്നാം റാങ്ക് നേടുന്ന ദളിത് വിദ്യാര്‍ത്ഥിയാണ് കുഞ്ഞാമന്‍. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് 1974-ലാണ് അദ്ദേഹം എം.എ. റാങ്ക് നേടുന്നത്. എം.എയ്ക്ക് ശേഷം തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസില്‍ 'കേരളത്തിലെ തെക്കന്‍, വടക്കന്‍ ജില്ലകളിലെ ആദിവാസിജീവിതത്തെ കുറിച്ചുള്ള താരതമ്യപഠനം' എന്ന വിഷയത്തില്‍ ഗവേഷണം. പിന്നീട് 'ഇന്ത്യയിലെ സംസ്ഥാനതല ആസുത്രണം' എന്ന വിഷയത്തില്‍ കുസാറ്റില്‍ നിന്ന് പി.എച്ച്.ഡി പൂര്‍ത്തിയാക്കി. 

1979 മുതല്‍ 2006 വരെ കേരള സര്‍വ്വകലാശാലയുടെ കാര്യവട്ടം ക്യാമ്പസില്‍ സാമ്പത്തികശാസ്ത്ര വിഭാഗം അധ്യാപകനായിരുന്നു. ഇതിനിടെ ഒന്നരവര്‍ഷത്തോളം യു.ജി.സി. അംഗവുമായിരുന്നു. 2006-ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്ന് രാജിവെച്ചശേഷമാണ് അദ്ദേഹം തുല്‍ജാപൂരിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ പ്രൊഫസറായത്. വിരമിച്ച ശേഷം നാല് വര്‍ഷം കൂടി അദ്ദേഹം അവിടെ തുടര്‍ന്നു. 

കേരളത്തിലെ വികസനപ്രതിസന്ധി, എതിര് (ആത്മകഥ), സ്‌റ്റേറ്റ് ലെവല്‍ പ്ലാനിങ് ഇന്‍ ഇന്ത്യ, ഗ്ലോബലൈസേഷന്‍: എ സബാള്‍ട്ടേണ്‍ പെര്‍സ്‌പെക്ടീവ്, എകണോമിക് ഡെവലപ്പ്‌മെന്റ് ആന്‍ഡ് സോഷ്യല്‍ ചേഞ്ച്, ഡെവലപ്പ്‌മെന്റ് ഓഫ് ട്രൈബല്‍ എക്കണോമി തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 2021-ലെ മികച്ച ആത്മകഥയ്ക്കുള്ള കേരളസാഹിത്യ അക്കാദമി അവാര്‍ഡ് എതിര് എന്ന കൃതിയ്ക്ക് ലഭിച്ചെങ്കിലും അത് നിരസിച്ചു.

കുഞ്ഞാമന്‍റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ശ്രീകാര്യം പോലീസ് കേസെടുത്തു. ഭാര്യ: ഡോ. രോഹിണി. മകള്‍: അഞ്ജന (അമേരിക്ക).

Read Moreപിണറായിയുടെ നയരേഖയില്‍ സി.പി.എം ഉണ്ടോ?; പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുന്നോടിയായി കുഞ്ഞാമന്‍ ചോദിക്കുന്നു

                    അദ്ധ്യാപകര്‍ക്കും ഡോക്ടര്‍മാര്‍ക്കുമല്ല കര്‍ഷക തൊഴിലാളിക്കാണ് ഭൂമി കിട്ടേണ്ടിയിരുന്നത്- കുഞ്ഞാമന്‍