കോട്ടയം: യു.എസിൽ കാൻസർ വിദഗ്ധനായി പ്രവർത്തിക്കുന്ന തന്റെ മരുമകന്റെയടുത്തേക്ക് തുടർചികിത്സയ്ക്കായി പോകാനിരിക്കേയുള്ള പി.എച്ച്. കുര്യന്റെ മരണം ഏറെ വേദനിപ്പിക്കുന്നുവെന്ന് മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും ഇൻകെൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടറുമായ ഡോ. കെ. ഇളങ്കോവൻ. യു.എസിലേക്ക് പോകാനുള്ള അവസാനവട്ട ചർച്ചകൾക്കിടയിലായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ രോഗത്തിനുള്ള കൃത്യമായ മരുന്ന് അമേരിക്കയിൽ കണ്ടെത്തി ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കിയിരുന്നു. എന്നാൽ രോഗികൾക്ക് മരുന്ന് ഉപയോഗിക്കാനുള്ള അംഗീകാരം നൽകിയത് അദ്ദേഹം വേർപിരിഞ്ഞ ഓണനാളിലായിപ്പോയി. ഒരു മാസം മുന്പ് മരുന്നിന് അംഗീകാരം കിട്ടിയിരുന്നെങ്കിൽ അദ്ദേഹത്തിന് അമേരിക്കയിൽ എത്തി ചികിത്സ തുടങ്ങാമായിരുന്നു. ആ കാലതാമസത്തിലാണ് വിഷമം തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

എന്റെ കേരളത്തിലെ ആദ്യ നിയമനം അദ്ദേഹത്തിന് കീഴിലായിരുന്നു. അന്ന് അദ്ദേഹം കോട്ടയം ജില്ലാ കളക്ടർ. ഞാൻ സബ് കളക്ടറും കേരഫെഡ് എം.ഡിയും. അന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി നടപ്പിലാക്കിയ ചാരായ നിരോധനത്തിനായി ഒന്നിച്ചാണ് ഞങ്ങൾ കളത്തിലിറങ്ങിയത്. രാത്രിയിൽ ഞാൻ ഓടിക്കുന്ന ജിപ്‌സി ജീപ്പിൽ സാറും പോലീസും ഗൺമാനുമുണ്ടാകും. ഞങ്ങൾ പലയിടത്തും പോയി ലിറ്റർ കണക്കിന് ചാരായം ഒഴുക്കിക്കളഞ്ഞു. സന്ധ്യയ്ക്ക് മുന്പ് അദ്ദേഹത്തിന് രഹസ്യവിവരം കിട്ടും. ഞങ്ങൾ പോകും. അതായിരുന്നു രീതി.

ഒരു ദിവസം കളക്ടറുടെ ബംഗ്ലാവിൽവെച്ച് അദ്ദേഹത്തെ പാന്പ് കടിച്ചു. ഞാനടക്കമുള്ളവരാണ് ആശുപത്രിയിലെത്തിച്ചത്. കടിച്ചത് അണലിയെന്ന് അറിയുമ്പോൾ ആരും ഭയന്നുപോകും. പക്ഷേ, അദ്ദേഹം സമചിത്തയോടെ പ്രശ്‌നത്തെ നേരിട്ടത് മറക്കാൻ പറ്റില്ല. കോട്ടയത്തെത്തി ആറുമാസം തികയുംമുന്പ് എനിക്ക് സ്ഥലം മാറ്റം. കാര്യങ്ങൾ മനസിലാക്കിത്തുടങ്ങിയ എനിക്കാകെ വിഷമം. പുതിയതായി എത്തി നന്നായി ജോലിചെയ്യുന്ന ആളെ ഈവിധം സ്ഥലം മാറ്റരുതെന്ന് അദ്ദേഹം മുഖ്യമന്ത്രിയെ നേരിട്ടറിയിച്ച് എന്റെ സ്ഥലംമാറ്റം ഒഴിവാക്കിത്തന്നു. ഈ രീതിയാണ് അദ്ദേഹം എല്ലാ കാര്യത്തിലും കാട്ടിയിരുന്നത്. നിയമവും ചട്ടവും നോക്കുന്നതിനൊപ്പം മനുഷ്യത്വപരമായി ഇടപെടുക. ആ മികവ് അദ്ദേഹത്തെ കൂടുതൽ ഓർമയിൽ ചേർക്കുമെന്ന് ഉറപ്പാണെന്നും ഇളങ്കോവൻ പി.എച്ച്. കുര്യനെ അനുസ്മരിച്ചു.