ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് ഡോക്ടർ ലളിതാംബിക. വിവാദമായ ഈ ശസ്ത്രക്രിയ നടത്തിയത് താനല്ലെന്ന് 100 ശതമാനം ഉറപ്പോടെ പറയാൻ കഴിയുമെന്ന് അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. താൻ വിരമിക്കുന്നതിന് തൊട്ടുമുമ്പുള്ള കാലയളവിലായിരുന്നു ഇതെന്നും അന്ന് യൂണിറ്റ് ചീഫ് എന്ന നിലയിൽ തന്റെ പേര് പറയപ്പെടുന്നത് സ്വാഭാവികമാണെന്നും അവർ കൂട്ടിച്ചേർത്തു.
അക്കാലത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ താൻ സജീവമായി ഇടപെട്ടിരുന്നു. കോവിഡ് ബാധിതരായ ഗർഭിണികളുടെ ചികിത്സയ്ക്കായിരുന്നു അന്ന് മുൻഗണന നൽകിയിരുന്നത്. മൂന്നര കിലോ തൂക്കമുള്ളതും ക്യാൻസർ ആണോ എന്ന് സംശയമുള്ളതുമായ ഒരു ട്യൂമർ നീക്കം ചെയ്യാനാണ് പ്രസ്തുത രോഗിയെ അഡ്മിറ്റ് ചെയ്തത്. എന്നാൽ ആ സമയത്ത് നടന്ന ഈ ശസ്ത്രക്രിയയിൽ താൻ നേരിട്ട് പങ്കെടുത്തിട്ടില്ലെന്നും ഡോക്ടർ പറഞ്ഞു.
താൻ ഇന്നുവരെ ചികിത്സയ്ക്കായി രോഗികളിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് ഡോക്ടർ ലളിതാംബിക അവകാശപ്പെട്ടു. വളരെ തുച്ഛമായ ശമ്പളത്തിലാണ് 38 വർഷം ജോലി ചെയ്തതെന്നും രാഷ്ട്രീയക്കാരുടെ ശുപാർശയിൽ വരുന്നവരെപ്പോലും പണം വാങ്ങാതെയാണ് ചികിത്സിച്ചിട്ടുള്ളതെന്നും അവർ വ്യക്തമാക്കി. രോഗിക്ക് മുമ്പ് നടന്ന മറ്റേതെങ്കിലും ശസ്ത്രക്രിയയ്ക്കിടെയാണോ ഈ ഉപകരണം കുടുങ്ങിയതെന്ന കാര്യവും പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും അവർ പറഞ്ഞു.
2021ൽ ലളിതാംബിക ഡോക്ടറെയാണ് കാണിച്ചിരുന്നത് എന്നാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായ ഉഷ ജോസഫ് പറയുന്നത്. ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ആരാണെന്ന് അറിയില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.
അതേസമയം ഉഷയുടെ വയറ്റിൽ കുടുങ്ങിയത് കത്രികയല്ലെന്നും മസ്‌കിറ്റോയെന്ന വളരെ ചെറിയ സാധനമാണെന്നും ലളിതാംബിക പ്രതികരിച്ചു. 'എക്‌സറേയിൽ കാണുന്ന മാഗ്നിഫൈഡ് വ്യൂ ആണ്. എന്നാലും അത് പോകാൻ പാടില്ല. ഉപകരണങ്ങളുടെ എണ്ണം സാധാരണ ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവും എണ്ണി തിട്ടപ്പെടുത്താൻ ആളുണ്ടാകും. സർക്കാർ ആശുപത്രികളിൽ ഇതിന് ആളില്ല. ഡോക്ടറും നഴ്‌സുമാണ് എണ്ണാറുള്ളത്. അതിൽ പിഴവ് വന്നിട്ടുണ്ടെങ്കിൽ ഇങ്ങനെ സംഭവിക്കാം' ഡോ.ലളിതാംബിക പറഞ്ഞു.
ആ രോഗിക്ക് ഇതിന് മുമ്പ് ഓപ്പറേഷൻ ചെയ്തിട്ടുണ്ട്. അന്ന് വന്നതാണോയെന്ന് എങ്ങനെ അറിയാമെന്നും ഡോക്ടർ ചോദിച്ചു.
ഈ സംഭവത്തിൽ ഒരാളെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും സിസ്റ്റത്തിന്റെ പരാജയമാണിതെന്നും ഡോക്ടർ അഭിപ്രായപ്പെട്ടു. ഒരു യൂണിറ്റ് ചീഫ് എന്ന നിലയിൽ തന്റെ പേര് രേഖകളിൽ ഉണ്ടാകാമെങ്കിലും, ശസ്ത്രക്രിയ രജിസ്റ്ററും നോട്ടും പരിശോധിച്ചാൽ യഥാർത്ഥത്തിൽ ശസ്ത്രക്രിയ ചെയ്തത് ആരാണെന്ന് വ്യക്തമാകുമെന്നും അവർ കൂട്ടിച്ചേർത്തു
ശസ്ത്രക്രിയ ഉപകരണം വയറ്റിൽ കുടുങ്ങിയത് കൊണ്ട് മാത്രം രോഗിക്ക് പ്രത്യാഘാതങ്ങൾ ഉണ്ടാകില്ലെന്നും, 50 വർഷം വരെ അത് ശരീരത്തിനുള്ളിൽ ഇരുന്നാലും ഒന്നും സംഭവിക്കില്ലെന്നുമാണ് ഡോക്ടർ പറഞ്ഞു.
പരാതിപ്പെട്ട രോഗിക്ക് നിരന്തരമായി അനുഭവപ്പെട്ട വേദനയ്ക്ക് കാരണം ഈ ഉപകരണമല്ല, മറിച്ച് യൂറിനറി സ്റ്റോൺ (Urinary Stone) ആണെന്ന് അൾട്രാസൗണ്ട് പരിശോധനയിൽ കണ്ടെത്തിയതായും അവർ വ്യക്തമാക്കി.
Published: 20 Feb 2026, 08:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented