കൊച്ചി: ലോകായുക്ത ഓര്‍ഡിനന്‍സ് ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഗവര്‍ണര്‍ക്ക് കത്തയച്ചു. സര്‍ക്കാരിനെതിരായ കേസുകളില്‍ നിന്ന് സര്‍ക്കാരിനെ രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് ലോകായുക്തയുമായി ബന്ധപ്പെട്ട് പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതെന്നും ഭേദഗതി നടപ്പിലാക്കിയാല്‍ ലോകായുക്തയുടെ പ്രസക്തി തന്നെ നഷ്ടമാകുമെന്നും വി ഡി സതീശന്‍ പറഞ്ഞു. 

To advertise here,

ലോകായുക്തയെ തീരുമാനിക്കുന്ന കമ്മിറ്റിയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്പീക്കറും ഉണ്ട്. ഇത്രയും വലിയ ഭേദഗതി നടത്തിയിട്ടും പ്രതിപക്ഷത്തെയോ പ്രതിപക്ഷ നേതാവിനെയോ അറിയിച്ചിട്ടില്ല. രഹസ്യ സ്വഭാവത്തോടുകൂടിയാണ് ഓര്‍ഡിനന്‍സ് ഇറക്കിയിരിക്കുന്നത്. അര്‍ധരാത്രിയാണ് ഓര്‍ഡിനന്‍സിന്റെ കോപ്പി ലഭിച്ചത്. തുടര്‍ന്ന് രാവിലെ തന്നെ ഗവര്‍ണര്‍ക്ക് ഭേദഗതി ഒപ്പിടരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തയക്കുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.  

അഴിമതി നിരോധന നിയമം അനുസരിച്ച് കേസെടുക്കണമെങ്കില്‍ മുന്‍കൂര്‍ അനുമതി വേണമെന്ന സാഹചര്യം വന്നതോടുകൂടി അഴിമതി നിരോധന നിയമത്തിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഏക ആശ്രയമായിരുന്നത് ലോകായുക്തയാണ്. ലോകായുക്ത കൊടുക്കുന്ന ശുപാര്‍ശകള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ പൂര്‍ണമായും അനുസരിക്കാന്‍ സര്‍ക്കാരിനും ബന്ധപ്പെട്ടവര്‍ക്കും ഉത്തരവാദിത്തമുണ്ട്. അതില്‍ വെള്ളം ചേര്‍ത്ത് ഇനിമുതല്‍ ലോകായുക്തയുടെ തീരുമാനങ്ങളും ശുപാര്‍ശകളും സര്‍ക്കാരിന് ഹിയറിങ് നടത്തി വേണമെങ്കില്‍ സ്വീകരിക്കാം എന്നതായി മാറുകയാണ്.

ഇതോടെ മന്ത്രിമാര്‍ക്കെതിരേ അഴിമതി ആരോപണം വന്ന് ലോകായുക്തയില്‍ പോയാല്‍ ലോകായുക്തയുടെ തീരുമാനം തിരിച്ച് മുഖ്യമന്ത്രിയുടെ കൈയില്‍ വന്നാല്‍ മുഖ്യമന്ത്രിക്ക് ഹിയറിങ് നടത്തി മന്ത്രിമാര്‍ക്കെതിരായി നടപടി വേണ്ടായെന്ന് തീരുമാനിക്കാം. ഉദ്യോഗസ്ഥന്മാര്‍ക്കെതിരായി ലോകായുക്തയുടെ തീരുമാനം വന്നാല്‍ സര്‍ക്കാരിന് നടപടി സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിക്കാം. ഇതോടുകൂടി ലോകായുക്തക്ക് യാതൊരു പ്രസക്തിയും ഇല്ലാതായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

ലോകായുക്തയായി തിരഞ്ഞെടുക്കുകപ്പെടുന്നത് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആയിരുന്ന ആളോ അല്ലെങ്കില്‍ സുപ്രീംകോടതിയുടെ ജഡ്ജി ആയിരുന്നു ആളോ ആയിരിക്കണം എന്നതായിരുന്നു. ഇപ്പോള്‍ അത് മാറ്റി ഏതെങ്കിലും ജഡ്ജി ആയാല്‍ മതി എന്നത് മാത്രമാക്കി മാറ്റിയിരിക്കുകയാണ്. വെറും പ്രാദേശിക പാര്‍ട്ടിയായി മാറുകയാണ് സി പി എം. സി പി എമ്മിന്റെ കേന്ദ്രനിലപാടിനെതിരായ തീരുമാനവുമായാണ് സംസ്ഥാന സര്‍ക്കാര്‍ നീങ്ങുന്നത്. ഇപ്പോള്‍ ഇഷ്ടമുള്ള ആളുകളെ നിയമിക്കാമെന്ന സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Leader of the Opposition has sent a letter to the Governor requesting not to sign the Lokayukta Ordinance