തിരുവനന്തപുരം: ലോകായുക്തയില്‍ ഫയല്‍ ചെയ്യുന്ന കേസുകളുടെ എണ്ണം അഞ്ചുവര്‍ഷംകൊണ്ട് അഞ്ചിലൊന്നായി ചുരുങ്ങിയതായി നിയമസഭാ രേഖകള്‍. 2018 മുതല്‍ 2022 വരെ ഓരോ വര്‍ഷവും ലോകായുക്തയില്‍ എത്ര കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും ഇതില്‍ എത്ര കേസുകളില്‍ തീര്‍പ്പ് കല്‍പ്പിച്ചിട്ടുണ്ടെന്നുമുള്ള ടി. സിദ്ദിഖ് എം.എല്‍.എ.യുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള മറുപടി.

To advertise here,

2018-ല്‍ 1578 കേസും, (1413),  2019-ല്‍ 1057 കേസും (959), 2020 -ല്‍ 205 കേസും (134),  2021-ല്‍ 227 കേസും (137),  2022-ല്‍ 305 കേസും (156) ഫയല്‍ ചെയ്തിട്ടുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. തീര്‍പ്പുകല്‍പ്പിച്ച കേസുകളുടെ എണ്ണമാണ് ബ്രാക്കറ്റില്‍ നല്‍കിയിട്ടുള്ളത്.

നിലവിലെ ലോകായുക്ത 2019 ഫെബ്രുവരിയിലാണ് നിയമിതനായത്. അഞ്ചുവര്‍ഷമാണ് നിയമനകാലാവധി. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്റെയും ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിന്റെയും ഔദ്യോഗിക കാലാവധി അടുത്തവര്‍ഷം ഫെബ്രുവരിയില്‍ അവസാനിക്കും. മറ്റൊരു ഉപലോകയുക്ത ജസ്റ്റിസ് ഹാറൂന്‍ അല്‍ റഷീദിന് കാലാവധി പൂര്‍ത്തിയാക്കാന്‍ രണ്ടുവര്‍ഷം ബാക്കിയുണ്ട്. 

അഴിമതി നിര്‍മാര്‍ജനം ലക്ഷ്യമിട്ട് രൂപവത്കരിക്കപ്പെട്ട ലോകായുക്ത സംവിധാനത്തെ നയിക്കുന്നവരില്‍നിന്ന് അര്‍ഥവത്തായ നീതി ലഭിക്കില്ലെന്ന പൊതുബോധവും, വിശ്വാസ്യത നഷ്ടപ്പെട്ടതുമാണ് കേസുകളുടെ എണ്ണം കുത്തനെ കുറയാന്‍ കാരണമെന്ന് ആരോപണമുണ്ട്.