
തിരുവനന്തപുരം: വിവാദമായ ലോകായുക്ത നിയമഭേദഗതി ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകി. ലോകായുക്തയുടെ തീർപ്പിന്മേൽ സർക്കാരിന് തീരുമാനമെടുക്കാനുള്ള അധികാരംനൽകുന്ന ബില്ലിൽ ഇതോടെ ഗവർണർക്ക് ഒപ്പിടേണ്ടിവരും.
ജുഡീഷ്യൽ സംവിധാനം അന്വേഷിച്ച് കണ്ടെത്തുന്ന അഴിമതി, ഭൂരിപക്ഷമുള്ള സർക്കാരിന് പുനഃപരിശോധിക്കാമെന്നുവരുന്നത് നീതിന്യായവ്യവസ്ഥയുടെ അടിസ്ഥാനസങ്കല്പത്തെ ചോദ്യംചെയ്യുന്നതാണെന്ന വാദത്തെ അനുകൂലിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബില്ലിൽ ഒപ്പിട്ടിരുന്നില്ല.
എന്നാൽ, കേന്ദ്ര ലോക്പാൽ ബില്ലിൽ സമാനവ്യവസ്ഥകൾ നിലനിൽക്കുന്നുണ്ടെന്ന കാരണത്താലാണ് ബിൽ അംഗീകരിക്കാമെന്ന ശുപാർശ കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിക്ക് നൽകിയത്. രാഷ്ട്രപതി ഒപ്പിട്ട ബിൽ ഗവർണർക്ക് രാജ്ഭവനിൽ ലഭ്യമാക്കിയിട്ടുണ്ട്. രാജ്ഭവൻ ഇത് വിജ്ഞാപനംചെയ്യുന്നതോടെ ബിൽ നിയമമാകും.
അഴിമതിതെളിഞ്ഞാൽ പൊതുപ്രവർത്തകർ അവർ നിലവിൽ വഹിക്കുന്ന അധികാരസ്ഥാനം ഒഴിയണമെന്നതായിരുന്നു സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന ലോകായുക്ത നിയമം.
ഈ അധികാരം നൽകുന്ന നിയമത്തിലെ 12, 14 വകുപ്പുകൾ ഭേദഗതിചെയ്ത് അഴിമതി കണ്ടെത്തുന്നത് മുഖ്യമന്ത്രിക്കെതിരേയാണെങ്കിൽ നിയമസഭയ്ക്കും മന്ത്രിമാർക്കെതിരേയാണെങ്കിൽ മുഖ്യമന്ത്രിക്കും എം.എൽ.എ.മാർക്കെതിരേയാണെങ്കിൽ സ്പീക്കർക്കും പുനഃപരിശോധനനടത്തി തീരുമാനമെടുക്കാമെന്നാണ് ഭേദഗതി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് ഭരണപക്ഷനേതാക്കളുടെ കുടുംബാംഗങ്ങൾക്ക് സഹായധനം നൽകിയത് പൊതുപ്രവർത്തകരുടെ അഴിമതിനിരോധനത്തിന്റെ പരിധിയിൽ വരുമെന്നുകാണിച്ച് പൊതുപ്രവർത്തകനായ ആർ.എസ്. ശശികുമാർ ലോകായുക്തയിൽ നൽകിയ കേസ് സജീവമായിവരുന്ന ഘട്ടത്തിലാണ് ലോകായുക്തയുടെ അധികാരം സർക്കാർ കവരുന്നവിധത്തിലുള്ള നിയമഭേദഗതി വന്നത്.
ആദ്യം ഓർഡിനൻസായി നിയമം ഭേദഗതിചെയ്തപ്പോൾ ലോകായുക്തയുടെ വിധിയിന്മേലുള്ള പുനഃപരിശോധനാധികാരം ഗവർണർക്കായിരുന്നു. ഓർഡിനൻസ് ഗവർണർ ഒപ്പിട്ടു. എന്നാൽ, നിയമസഭയിൽ ബിൽ വന്നപ്പോൾ ഗവർണർക്കുള്ള അധികാരം ഒഴിവാക്കി മുഖ്യമന്ത്രിക്കും നിയമസഭയ്ക്കുമായി. ഇതേത്തുടർന്നാണ് ഗവർണർ ബില്ലിൽ ഒപ്പിടില്ലെന്ന നിലപാട് സ്വീകരിച്ചത്.
എന്നാൽ, ഇതുൾപ്പെടെയുള്ള ബില്ലുകൾ കാരണംകൂടാതെ ഗവർണർ പിടിച്ചുവെക്കുന്നതിനെതിരേ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. കോടതി പരാമർശങ്ങൾ എതിരായതോടെയാണ് ബില്ലുകൾ രാഷ്ട്രപതിക്കയച്ചത്.
Content Highlights: President of India gioves node to Lok Ayukta Bill
Published: 28 Feb 2024, 10:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented