
തിരുവനന്തപുരം: യുവാക്കൾക്കിടയിലെ ലഹരി ഉപയോഗം കുടുംബജീവിതത്തെ ശിഥിലമാക്കുന്നുവെന്ന് വനിതാ കമ്മിഷൻ. ഇതുമായി ബന്ധപ്പെട്ട് പോലീസ്, എക്സൈസ്, തദ്ദേശ സ്ഥാപനങ്ങൾ, ജാഗ്രതാ സമിതികൾ തുടങ്ങിയവയുമായി ചേർന്ന് ജനങ്ങൾക്കിടയിൽ ബോധവത്കരണം നൽകുമെന്നും വനിത കമ്മിഷൻ അംഗം അഡ്വ. പി. കുഞ്ഞായിഷ പറഞ്ഞു. കാസർകോട് കളക്ടറേറ്റില്‍ നടത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍.
30നും 40നും ഇടയിലുള്ളവരിൽ വിവാഹബന്ധം വേർപിരിയുന്നത് വർധിച്ചു വരികയാണ്. ഇവർക്കിടയിൽ ഗാർഹിക പീഡനവും സൈബർ കുറ്റകൃത്യങ്ങളും വർധിക്കുന്നു. കുടുംബ പ്രശ്നങ്ങൾ രൂക്ഷമാകുന്നതിനു മുൻപേ പരിഹാരം കണ്ടെത്തുന്നതിന് ജാഗ്രതാ സമിതികൾക്കുള്ള പരിശീലനം നടന്നു വരികയാണ്- കമ്മീഷൻ അംഗം പറഞ്ഞു.
സ്കൂളുകളിലും കോളജുകളിലും തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് തലത്തിലുമായി വിവിധ വിഭാഗങ്ങളിലുള്ളവർക്ക് കമ്മിഷൻ ബോധവത്കരണം നൽകി വരുന്നുണ്ട്. വനിതാ കമ്മിഷന്റെ നേതൃത്വത്തിൽ തദ്ദേശസ്ഥാപനങ്ങളിലൂടെ വിവാഹത്തിന് മുൻപും ശേഷവുമുള്ള കൗൺസിലിംഗ് നൽകി വരുന്നുണ്ട്. വിവാഹ രജിസ്‌ട്രേഷന് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള വിവാഹപൂർവ കൗൺസിലിംഗ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് വനിതാ കമ്മീഷൻ സർക്കാറിനോട് ശുപാർശ ചെയ്തിട്ടുണ്ട്. കാസർകോട് ജില്ലയിൽ ജാഗ്രതാ സമിതികൾ മെച്ചപ്പെട്ട പ്രവർത്തനമാണ് നടത്തുന്നത്. ജില്ലയിൽ കമ്മീഷന് മുന്നിലെത്തുന്ന പരാതികളുടെ എണ്ണവും കുറവാണെന്ന് കമ്മീഷൻ അംഗം പറഞ്ഞു. ജാഗ്രതാ സമിതികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനുള്ള പ്രോത്സാഹനമായി അവാർഡ് ഏർപ്പെടുത്തിയിരുന്നു. ആദ്യത്തെ അവാർഡ് നേടിയത് കാസർകോട് ജില്ലാപഞ്ചായത്തിന്റെ ജാഗ്രതാ സമിതിയാണ്. ഈവർഷം അവാർഡ് തുക 50,000 രൂപയാക്കിയിട്ടുണ്ട്- പി. കുഞ്ഞായിശ പറഞ്ഞു.
സിറ്റിംഗിൽ 21 പരാതികൾ പരിഗണിച്ചു. ആറ് പരാതികൾ തീർപ്പാക്കി. 15 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവച്ചു. ഗാർഹിക പീഡനം, വഴി തർക്കം, സൈബർ കുറ്റകൃത്യങ്ങൾ, ഡി.എൻ.എ ടെസ്റ്റ് നടത്തുന്നതിന് നിയമ സഹായം തുടങ്ങിയ വയാണ് സിറ്റിംഗിൽ പരിഗണനയ്ക്ക് എത്തിയതെന്ന് കമ്മിഷൻ അംഗം കൂട്ടിച്ചേർത്തു.
അഡ്വ. ഇന്ദിരാവതി, വനിതാ സെൽ എസ്.എച്ച്.ഒ വി.സീത, എ.എസ്.ഐ പി.ജെ.സക്കീന, ഫാമിലി കൗൺസിലർ രമ്യമോൾ, കമ്മീഷൻ ഉദ്യോഗസ്ഥരായ ബൈജു ശ്രീധരൻ, പി.ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: divorce increase between 30 to 40 years old
Published: 21 Aug 2023, 06:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented