
ന്യൂഡല്‍ഹി: ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തുന്ന അന്വേഷണത്തെ തടസ്സപെടുത്താന്‍ ശ്രമമെന്ന് സംസ്ഥാന വനിത കമ്മീഷന്. അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരേ നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്കിയ ഹര്‍ജി ഇതിന്റെ ഭാഗമാണെന്നും കമ്മീഷന് ആരോപിച്ചു. സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് സംസ്ഥാന വനിത കമ്മീഷന് നിലപാട് വ്യക്തമാക്കിയത്.
ഇരകളുടെയും പ്രതികളുടെയും സ്വകാര്യത സംരക്ഷിച്ച് കൊണ്ടുള്ള അന്വേഷണമാണ് നടത്തേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളിലെ അന്വേഷണം ഇരകളുടെയും പ്രതികളുടെയും സ്വകാര്യത ലംഘിക്കുന്നതല്ലെന്നും സംസ്ഥാന വനിത കമ്മീഷന് സുപ്രീംകോടതിയെ അറിയിച്ചു.
അന്വേഷണത്തിനെതിരേ സജിമോന്‍ പാറയലിന് സുപ്രീംകോടതിയെ സമീപിക്കാന്‍ നിയമപരമായ അവകാശമില്ലെന്നും സംസ്ഥാന വനിത കമ്മീഷന് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ അന്വേഷണം എങ്ങനെയാണ് സജിമോന്‍ പാറയലിനെ ബാധിക്കുന്നതെന്ന് അദ്ദേഹം സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിട്ടില്ല. വസ്തുതകള്‍ തെറ്റായി വിശദീകരിച്ച് സുപ്രീംകോടതിയില്‍നിന്ന് അനുകൂല ഉത്തരവിനായി സജിമോന്‍ ശ്രമിക്കുന്നുവെന്നാണ് കമ്മീഷന്റെ ആരോപണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഉന്നയിച്ച ആവശ്യമല്ല സജിമോന്‍ സുപ്രീംകോടതിയില്‍ ഉന്നയിച്ചതെന്നും വനിത കമ്മീഷന്റെ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത 18 കേസുകളില്‍ പ്രതികളെ കണ്ടെത്താന്‍ അന്വേഷണം നടക്കുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. മറ്റ് എട്ടു കേസുകളിലെ പ്രതികളുടെ പേര് എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ 40 സംഭവങ്ങളെക്കുറിച്ച് അന്വേഷണം നടത്തുവാനാണ് പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചത്. സംസ്ഥാന പോലീസ് മേധാവി നല്കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇതില്‍ 26 കേസുകളാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഹേമ കമ്മിറ്റിക്ക് നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസുമായി മുന്നോട്ട് പോകാന്‍ ഇരകള്‍ക്ക് താത്പര്യമില്ലെങ്കിലും കുറ്റവാളികളെ വെറുതെ വിടാനാകില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന വനിത കമ്മീഷന് ഡയറക്ടര്‍ ഷാജി സുഗുണന് സുപ്രീംകോടതിയില്‍ അന്വേഷണത്തെ പിന്തുണച്ച് സത്യവാങ്മൂലം ഫയല്‍ ചെയ്തിരിക്കുന്നത്. അഡ്വ. പാര്‍വതി മേനോന് മുഖേനെയാണ് സത്യവാങ്മൂലം ഫയല്‍ ചെയ്തത്.
Content Highlights: Kerala Womens Commission investigation based on Hema Committee Supreme Court
Published: 22 Nov 2024, 12:01 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented