
കൊച്ചി: നയതന്ത്ര ബാഗേജ് വഴി കള്ളക്കടത്ത് നടന്നെന്ന് കസ്റ്റംസ് അടിവരയിട്ടുറപ്പിച്ചതോടെ ഈ കേസിനെ അടിസ്ഥാനമാക്കി രജിസ്റ്റര്‍ചെയ്ത ഇ.ഡി., എന്‍.ഐ.എ. കേസുകള്‍ ബലപ്പെടും. രണ്ട് ഏജന്‍സികളും പ്രാഥമിക കുറ്റപത്രംമാത്രമാണ് നല്‍കിയെന്നതിനാല്‍ തുടരന്വേഷണസാധ്യത തുറന്നിടുന്നതാണ് കസ്റ്റംസിന്റെ റിപ്പോര്‍ട്ട്.
ഒട്ടുംപ്രതീക്ഷിക്കാതിരുന്ന രീതിയിലുള്ള പിഴത്തുകയായതിനാല്‍ ഏതാണ്ട് എല്ലാപ്രതികളുംതന്നെ അപ്പീലിന് പോകും. കസ്റ്റംസ് കമ്മിഷണറുടെ ഉത്തരവായതിനാല്‍ കസ്റ്റംസ് എക്‌സൈസ് ആന്‍ഡ് സര്‍വീസ് ടാക്‌സ് അപ്പലറ്റ് ട്രിബൂണലിനെയാണ് (സെസ്റ്റാറ്റ്) സമീപിക്കുക.
മൂന്നുമാസത്തിനകം അപ്പീല്‍ നല്‍കണം. വാദംകേട്ടശേഷം ഒന്നുകില്‍ പിഴ പൂര്‍ണമായി ഒഴിവാക്കുകയോ കുറച്ചുനല്‍കുകയോ ചെയ്യും. തള്ളുകയാണെങ്കില്‍ ഹൈക്കോടതിയെയും പിന്നീട് സുപ്രീംകോടതിയെയും സമീപിക്കാം.
നയതന്ത്രപ്രതിനിധികളുടെ പിഴ പാഴാകും
യു.എ.ഇ. മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബി, മുന്‍ അഡ്മിന്‍ അറ്റാഷെ റാഷിദ് ഖാമിസ് അലിമുസൈക്രി അല്‍ അഷ്മെയി, മുന്‍ അക്കൗണ്ടന്റ് ഖാലിദ് മുഹമ്മദ് അലി ഷൗക്രി എന്നിവര്‍ക്ക് ചുമത്തിയ പിഴ പാഴാകും. സര്‍ക്കാരിനുള്ള കിട്ടാക്കടമായി അത് അവശേഷിക്കും. ഇവര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിട്ടും മറുപടിയുണ്ടായിട്ടില്ല. നയതന്ത്രബന്ധങ്ങളെ ബാധിക്കുമെന്നതിനാല്‍ വിദേശകാര്യമന്ത്രാലയം ഇതില്‍ തുടര്‍നടപടികളെടുക്കുകയുമില്ല.
ഇതുവരെ അറസ്റ്റിലാവുകയോ മൊഴിരേഖപ്പെടുത്തുകയോ ചെയ്യാത്ത ഫൈസല്‍ ഫരീദിനും പിഴയിട്ടിട്ടുണ്ട്. ഇതിന് മറുപടിലഭിക്കാനോ അപ്പീലിനോ പോകാന്‍ സാധ്യതയില്ലാത്തതിനാല്‍ പിന്നിട് സ്ഥാവരജംഗമവസ്തുക്കള്‍ കണ്ടുകെട്ടുന്നതിലേക്ക് കസ്റ്റംസ് നീങ്ങും.
പിഴ, വലിയ പിഴ...
കൊച്ചി: സ്വപ്നയും സംഘവും ചേര്‍ന്ന് കടത്തിയത് 136.82 കിലോഗ്രാം സ്വര്‍ണം. വിപണിയില്‍ ഏതാണ്ട് 46.49 കോടി രൂപ വിലമതിക്കുന്നതാണിത്. നയതന്ത്രബാഗേജിന്റെ മറവില്‍ 20 തവണയായാണ് ഈ കടത്ത്. ഇതെല്ലാം കോണ്‍സുല്‍ ജനറലായിരുന്ന ജമാല്‍ ഹുസൈന്‍ അല്‍ സാബിയുടെ പേരിലായിരുന്നു വന്നിരുന്നത്. അവസാനത്തെ മൂന്നുതവണ മാത്രം അഡ്മിന്‍ അറ്റാഷെ റാഷിദ് ഖാമിസിന്റെ പേരിലായിരുന്നു. കള്ളക്കടത്തിന് ഇരുവരും സഹായിച്ചതായാണ് കസ്റ്റംസ് പറയുന്നത്.
167 കിലോഗ്രാം സ്വര്‍ണക്കടത്തിന് കസ്റ്റംസ് ബ്രോക്കര്‍ ഏജന്‍സിയായ കപ്പിത്താന്‍ ഏജന്‍സി സഹായിച്ചിട്ടുണ്ടെന്നും കണ്ടെത്തി. ഇതാണ് നാലുകോടി രൂപ കപ്പിത്താന് പിഴചുമത്താനുള്ള കാരണം.
സ്വര്‍ണക്കടത്ത് േകസില്‍മാത്രം മുഖ്യമന്ത്രിയുെട മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ 50 ലക്ഷം രൂപ പിഴയടയ്ക്കണം. സ്വപ്നാ സുരേഷ് ആറുകോടിയും.
ആ സ്വര്‍ണം ആരുടേത്...
കൊച്ചി: അന്വേഷണങ്ങള്‍ ഒരുപാട് നടന്നിട്ടും നയതന്ത്ര സ്വര്‍ണക്കടത്തു കേസിന് ആധാരമായ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടിയ 30.24 കിലോ സ്വര്‍ണം ആരുടേതെന്ന് ഉത്തരമായില്ല. ഒരു പ്രതിപോലും സ്വര്‍ണം തന്റേതാണെന്ന് സമ്മതിച്ചിട്ടില്ല. സ്വര്‍ണം അയച്ചെന്ന് പറയപ്പെടുന്ന ഫൈസല്‍ ഫരീദിനെ ഇന്ത്യയിലെത്തിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ല. സ്വര്‍ണം അന്വേഷണ ഏജന്‍സികള്‍ കണ്ടുകെട്ടിയ നിലയിലാണിപ്പോള്‍.
ശിവശങ്കര്‍ കള്ളക്കടത്തില്‍ പിഴചുമത്തപ്പെടുന്ന ആദ്യ ഐ.എ.എസുകാരന്‍
കൊച്ചി: സ്വര്‍ണം-ഡോളര്‍ കള്ളക്കടത്തു കേസുകളില്‍ പിഴ ചുമത്തപ്പെടുന്ന കേരളത്തിലെ ആദ്യ ഐ.എ.എസുകാരനാണ് എം. ശിവശങ്കര്‍. സ്വര്‍ണക്കടത്തു കേസില്‍ 50 ലക്ഷവും ഡോളര്‍ക്കടത്തില്‍ 65 ലക്ഷവുമാണ് പിഴ. കള്ളക്കടത്ത് യഥാസമയം സര്‍ക്കാരിനെ ശിവശങ്കര്‍ അറിയിക്കാതിരുന്നത് ഗുരുതരമായ കുറ്റമായാണ് കസ്റ്റംസ് കാണുന്നത്.ശിവശങ്കറിന്റെ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളെ ബാധിച്ചേക്കാവുന്നതാണ് കസ്റ്റംസിന്റെ നടപടി.
Content Highlights: Diplomatic baggage Gold smuggling case Swapna Suresh M Sivasankar
Published: 08 Nov 2023, 07:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented