കോട്ടയം: പഠിച്ച മൂന്ന് കോളേജുകളിൽനിന്ന് യൂണിവേഴ്‌സിറ്റി കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. ഡിജോ കാപ്പന്റെ ജനസമ്മതിക്ക് ഇതിലേറെ തെളിവ് വേണ്ടാ. പാലാ സെയ്ന്റ് തോമസ് കോേളജ്, കൊച്ചി രാജഗിരി കോളജ്, കേരള യൂണിവേഴ്‌സിറ്റി കാമ്പസ് എന്നിവിടങ്ങളിൽനിന്നാണ് ഈ ചരിത്രനേട്ടം. എന്നാൽ, രാഷ്ട്രീയവഴികളിൽനിന്ന് പിന്നീട് മാറിനടന്നു. ജനപക്ഷത്തുനിന്ന് നിസ്വാർഥമായ പൊതുപ്രവർത്തനം തുടർന്നു.

To advertise here,

കേരള കോൺഗ്രസിന്റെ വിദ്യാർഥിപ്രസ്ഥാനമായ കെ.എസ്.സി. സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോൾ ഡിജോ, പഠനത്തിനും രാഷ്ട്രീയത്തിനുംവേണ്ടി ഒരു മുദ്രാവാക്യം തയ്യാറാക്കി-‘പഠിക്കുക, പഠിക്കാനനുവദിക്കുക’.

അവിഭക്ത കേരള കോൺഗ്രസിന്റെ പ്രതാപകാലത്ത് വിദ്യാർഥി, യുവജനപ്രസ്ഥാനങ്ങളുടെ അമരക്കാരനായിരുന്ന ഡിജോ പിന്നീട് ആർ. ബാലകൃഷ്ണപിള്ളയ്ക്കൊപ്പമായി. ഇതിന് കൊടുക്കേണ്ടിവന്ന നഷ്ടം വലുതായിരുന്നു. ഒടുവിൽ, രാഷ്ട്രീയജീവിതംതന്നെ അവസാനിപ്പിക്കേണ്ടിവന്നു. 1991-ൽ കല്ലൂപ്പാറ നിയോജകമണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി പരിഗണിച്ച് ചുവരെഴുത്തുവരെ പൂർത്തിയാക്കിയതാണ്. എന്നാൽ, അതു നടന്നില്ല. അതോടെയാണ് സജീവരാഷ്ട്രീയം ഉപേക്ഷിച്ചത്. സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷൻ എന്ന സംഘടനയുടെ മുഖ്യചുമതലക്കാരിലായിരിക്കേ, അവഗണിക്കപ്പെട്ടവർക്കും പാർശ്വവത്കരിക്കപ്പെടുന്നവർക്കും മറ്റൊരു രാഷ്ട്രീയംവേണമെന്ന് ഡിജോ തിരിച്ചറിഞ്ഞു. സ്നേഹമായിരുന്നു ആ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദു.

തിരുവനന്തപുരം വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ ചെരിപ്പ് ആക്സിലറേറ്ററിൽ കുരുങ്ങിയാണ് വാഹനാപകടമുണ്ടായത്. തുടർന്ന് ഡിജോ കാപ്പൻ ആശുപത്രിക്കിടക്കയിൽ തളർന്നുകിടന്നത് ഏഴുമാസമാണ്.

‘‘പി.ടീ.... ദേ, കാപ്പൻചേട്ടൻ വരുന്നു’’

ഡിജോ വിടവാങ്ങിയപ്പോൾ ഉമാ തോമസ് എം.എൽ.എ.ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെ -‘‘പി.ടി. തോമസ് അവസാന അഭിലാഷങ്ങൾ എന്നോടല്ലല്ലോ പറഞ്ഞത്; ഡിജോ കാപ്പൻ എന്ന ആത്മസുഹൃത്തിനോടായിരുന്നല്ലോ. പി.ടീ.... ദേ, കാപ്പൻചേട്ടൻ വരുന്നു. നിങ്ങൾ ഇനിയും പരസ്പരം തുണയാകുക’’.

തന്റെ മരണശേഷം, ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം’ എന്ന പാട്ട് കേൾപ്പിക്കണമെന്ന പി.ടി. തോമസിന്റെ അവസാന ആഗ്രഹം ലോകത്തെ അറിയിച്ചതും അത് നടപ്പാക്കിയതും ഡിജോ കാപ്പനായിരുന്നു.