
തിരുവനന്തപുരം: ശബരിമലയിലേക്ക് ട്രാക്ടറില്‍ യാത്ര നടത്തിയ സംഭവത്തില്‍ എഡിജിപി എം.ആര്. അജിത്കുമാറിന് വീഴ്ച സംഭവിച്ചുവെന്ന് ഡിജിപി റവാഡ ചന്ദ്രശേഖറിന്റെ റിപ്പോര്‍ട്ട്. കാലിന് വേദന ആയതിനാലാണ് ട്രാക്ടറില്‍ സഞ്ചരിച്ചതെന്ന അജിത്കുമാറിന്റെ വിശദീകരണം ദുര്‍ബലമായ വാദമാണെന്നും റിപ്പോര്‍ട്ടിൽ വിലയിരുത്തുന്നു.
ഇനി ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്ന താക്കീതും അജിത് കുമാറിന് നല്‍കിയതായി ഡിജിപിയുടെ റിപ്പോര്‍ട്ടിലുണ്ട്. ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണ് എഡിജിപിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. വിഷയത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് ഡിജിപി, ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി.
പമ്പ-സന്നിധാനം റൂട്ടില്‍ ചരക്കുനീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്നും ഡ്രൈവറല്ലാതെ മറ്റൊരാളും അതില്‍ ഉണ്ടാകാന്‍ പാടില്ലെന്നും 12 വര്‍ഷം മുമ്പ് ഹൈക്കോടതി വിധിച്ചതാണ്. ഈ നിരോധനം വകവെയ്ക്കാതെയാണ് അജിത്കുമാര്‍ യാത്ര നടത്തിയത്. ഇത് വിവാദമാവുകയും ശബരിമല സ്പെഷ്യല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഹൈക്കോടതിയില്‍നിന്ന് രൂക്ഷവിമര്‍ശനവുമുണ്ടായി. പിന്നാലെ അജിത്കുമാറിന്റെ യാത്രയുടെ സിസിടിവി ദൃശ്യങ്ങളും പുറത്തെത്തി.
നവഗ്രഹ പ്രതിഷ്ഠ നടന്ന, കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളിലാണ് എഡിജിപി ട്രാക്ടറില്‍ സന്നിധാനത്തേക്കും തിരിച്ച് പമ്പയിലേക്കും യാത്ര ചെയ്തത്. പുറത്തെത്തിയ സിസിടിവി ദൃശ്യത്തില്‍ ട്രാക്ടറില്‍ അദ്ദേഹത്തിന്റെ രണ്ട് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെയും കാണാം. ശബരിമല സ്പെഷ്യല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടത്. എഡിജിപി നടത്തിയത് ഗുരുതര നിയമലംഘനമാണെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
Content Highlights: dgp report on mr ajithkumar tractor journey to sabarimala
Published: 19 Jul 2025, 06:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented