
തിരുവനന്തപുരം: കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിനിടെ പ്രതിഷേധിച്ച കൗണ്‍സിലര്‍മാര്‍ക്കെതിരെ സി.പി.എം. കൗണ്‍സിലര്‍ ഡി.ആര്‍. അനില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് പരാതി. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കൗണ്‍സിലര്‍മാര്‍ ഹാജര്‍ബുക്കില്‍ ഒപ്പിടാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് നടത്തിയ പരാമര്‍ശമാണ് വിവാദമായത്. പൈസയാണ് ആവശ്യമെങ്കില്‍ വേറെ പണിക്ക് പോണം എന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയെന്നാണ് പരാതി. പരാമര്‍ശം സഭാനിയമങ്ങളുടെ ലംഘനമാണെന്ന് ബി.ജെ.പി. ആരോപിച്ചു.
കത്ത് വിവാദത്തില്‍ കഴിഞ്ഞ രണ്ട് കൗണ്‍സില്‍ യോഗങ്ങള്‍ക്കിടെ പ്രതിഷേധം അരങ്ങേറിയെങ്കിലും വെള്ളിയാഴ്ചത്തെ യോഗത്തിനിടെ പ്രതിഷേധം കൂടുതല്‍ സംഘര്‍ഷഭരിതമായിരുന്നു. ബി.ജെപിയുടേയും യു.ഡി.എഫിന്റേയും കൗണ്‍സിലര്‍മാരും എല്‍.ഡി.എഫിന്റെ കൗണ്‍സിലര്‍മാരുമായി വാക്കേറ്റമുണ്ടായി. മേയര്‍ ആര്യ രാജേന്ദ്രനെ നഗരസഭക്കുള്ളില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ യു.ഡി.എഫിന്റെ വനിതാ കൗണ്‍സിലര്‍മാര്‍ നിലത്തു കിടന്നുവരെ പ്രതിഷേധിച്ചു. ഇതിനിടെ ഡയസില്‍ മേയര്‍ ഗോ ബാക്ക് എന്ന ബാനര്‍ പ്രദര്‍ശിപ്പിച്ച് ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ നിരന്നു.
ബാനര്‍ നീക്കം ചെയ്യാനും കൗണ്‍സിലര്‍മാരോട് താഴേക്കിറങ്ങാനും മേയര്‍ ആവശ്യപ്പെട്ടെങ്കിലും കൗണ്‍സിലര്‍മാര്‍ വഴങ്ങിയില്ല. ഇതിനിടെ ബാനര്‍ വലിച്ചുകീറാന്‍ എല്‍.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ ശ്രമിച്ചതോടെ സംഘര്‍ഷം രൂക്ഷമായി. ഡയസില്‍ കയറി പ്രതിഷേധിച്ച കൗണ്‍സിലര്‍മാരെ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയാണെന്ന് മേയര്‍ പിന്നീട് പ്രഖ്യാപിച്ചു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കൗണ്‍സിലര്‍മാര്‍ ഹാജര്‍ ബുക്കില്‍ ഒപ്പിട്ടപ്പോഴാണ് ഡി.ആര്‍ അനിലിന്റെ ഭാഗത്ത് നിന്ന് വിവാദപരാമര്‍ശം ഉണ്ടായത്. ഇതേത്തുടര്‍ന്ന് പ്രതിഷേധം വീണ്ടും ശക്തമായി. സസ്‌പെന്‍ഷനിലും ഡി.ആര്‍. അനിലിന്റെ വിവാദപരാമര്‍ശത്തിലും പ്രതിഷേധിച്ച് ബി.ജെപി. കൗണ്‍സിലര്‍മാര്‍ 24 മണിക്കൂര്‍ നേരം രാപ്പകല്‍ സമരം പ്രഖ്യാപിക്കുകയും ചെയ്തു.
Content Highlights: Derogatory Remark, D R Anil, Thiruvananthapuram Corporation Council Meeting
Published: 16 Dec 2022, 08:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented