
കാഞ്ഞങ്ങാട്: 'എനിക്ക് കേട്ടുപഠിക്കാനേ കഴിയൂ. നിങ്ങൾക്ക് വായിച്ചും എഴുതിയും പഠിക്കാം. നന്നായി പഠിക്കണം. സ്വന്തമായ രീതിയിൽ പഠനരീതി ആസൂത്രണം ചെയ്യണം. ലോകം നിങ്ങളെ അറിയണം -'സെറിബ്രൽ പാൾസി' ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും അവൻ പറഞ്ഞു. കേട്ടുനിന്ന കുട്ടികളിലൊരാൾ ചോദിച്ചു, നല്ല പഠനരീതി ഏതാണ്? ‘അധ്യാപകർ പഠിപ്പിക്കുന്നതിലെ പ്രധാന ആശയം മനസ്സിലാക്കണം. അതിനെ ജീവിതവുമായി ബന്ധിപ്പിക്കണം' -മറുപടി ഉടനെത്തി. ചക്രക്കസേരയിലിരിക്കുന്ന ഡാൻജോയെ കെമിസ്ട്രി അധ്യാപിക ശാലിനി വിനോദ് താനെഴുതിയ കഥ വായിച്ചുകേൾപ്പിക്കുകയാണ്.
‘കഥയല്ലല്ലോ ടീച്ചറേ. ആ കഥാപാത്രം ഞാനല്ലേ? ഈ പറയുന്നത് എന്റെ ജീവിതമല്ലേ?'-അവന് സന്തോഷവും സങ്കടവും ഒന്നിച്ചെത്തിയ നിമിഷം. അധ്യാപിക അവന്റെ കൈകളിൽ മുറുകെപ്പിടിച്ച് ഒന്നുകൂടി അടുപ്പിച്ചു, 'എന്റെ പൊന്നുമോനെ, നിന്നെക്കുറിച്ച് എഴുതാതിരിക്കാനാകുന്നില്ലെടാ എനിക്ക്'. കാഞ്ഞങ്ങാട് കിഴക്കേ വെള്ളിക്കോത്തെ 'കടവിൽ' ഹൗസിലെ അകത്തളത്തിൽ അധ്യാപികയുടെയും ശിഷ്യന്റെയും വൈകാരികമായ സ്നേഹവാത്സല്യം മറ്റുള്ളവരുടെയും കണ്ണ് നനയിപ്പിച്ചു.
അരയ്ക്കുതാഴെ ചലനശേഷിയില്ലാതെ, കാഴ്ചയില്ലാതെ ചക്രക്കസേരയിൽ ജീവിക്കുന്ന 18 വയസ്സുകാരൻ ഡാൻജോ തോമസ്. പ്ലസ്ടു പരീക്ഷ ജയിച്ചിരിക്കുകയാണവൻ. പ്ലസ്ടുക്കാരനാണെങ്കിലും ഡാൻജോ ഹൈസ്കൂളിലെയും ഹയർ സെക്കൻഡറിയിലെയും കുട്ടികളെ കെമിസ്ട്രിയും ഫിസിക്സും പഠിപ്പിക്കും. നേരിട്ടും യുട്യൂബ് ചാനലിലൂടെയുമൊക്കെയായി പാഠഭാഗങ്ങൾ ഭംഗിയായി പഠിപ്പിക്കും. ഏതൊരു കാര്യവും ഒരുതവണ കേട്ടാൽ മതി. അത് ഹൃദിസ്ഥമാക്കുമെന്ന് മാത്രമല്ല, പൊതു അറിവുകൂടി അതിനൊപ്പം ചേർത്ത് അത് മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കും.
കേരള വിദ്യാഭ്യാസ ചട്ടമുൾപ്പെടെയുള്ള പൊതുനിയമങ്ങളെക്കുറിച്ചും കെ-ടെറ്റ് പരീക്ഷയെഴുതുന്നവർക്കുള്ള സംശയനിവാരണങ്ങളുമൊക്കെ ഡാൻജോയുടെ യുട്യൂബ് ക്ലാസിലുണ്ട്. പ്ലസ്ടുവിന് ഹ്യുമാനിറ്റീസാണ് പഠിച്ചതെങ്കിലും കെമിസ്ട്രിയും ഫിസിക്സുമെല്ലാം മനഃപാഠമാണ്. ഇനി ബി.എ. മലയാളമെടുത്ത് കോളേജ് പഠനം പൂർത്തിയാക്കാനാണ് തീരുമാനം. ഒന്നുമുതൽ നാലുവരെ കണ്ണൂർ പള്ളിക്കുന്ന് ഗവ. സ്കൂളിലായിരുന്നു പഠനം. വർഷങ്ങൾക്കുശേഷം ഒൻപതാംക്ലാസിൽ പഠനം പുനരാരംഭിച്ചു.
കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്കൂളിൽ ഒൻപതും പത്തും ഹൊസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്‌വണും പ്ലസ്‌ടുവും പഠിച്ചു. രണ്ട് സ്കൂളുകളിൽ പഠിക്കുമ്പോഴും പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ഡാൻജോ സ്പെഷ്യൽ ക്ലാസെടുത്തിരുന്നു. ശാലിനി വിനോദിന്റെ പുതിയ കഥാസമാഹരം പ്രകാശനം ചെയ്യുന്നത് ഡാൻജോയാണ്. കാഞ്ഞങ്ങാട്ടെ ബിസിനസുകാരൻ തോമസ് കെ.ജോസിന്റെയും പ്രസില്ലാ തോമസിന്റെയും മൂത്തമകനാണീ മിടുക്കൻ.
Content Highlights: Danjo Thomas, an 18-year-old with cerebral palsy, successfully completed his Plus Two education., Despite physical challenges, he teaches Physics and Chemistry to high school students., He utilizes YouTube to share knowledge, including exam preparation tips for K-TET candidates., His story highlights the power of determination and the role of supportive educators like Shalini Vinod., He plans to pursue a BA in Malayalam for his higher education.
Published: 01 Jun 2026, 10:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented