തൃശ്ശൂര്‍: ചാവക്കാട്ടെ മുതുവട്ടൂര്‍ ഗ്രാമത്തിലേക്ക് വഴിതിരിയുമ്പോള്‍ വലത്ത് തകര്‍ന്നുതുടങ്ങിയ ഒരു ചെറിയ വീടുകാണാം. 31 വര്‍ഷം മുന്‍പുവരെ ഈ വീട്ടില്‍ തെങ്ങുകയറ്റത്തൊഴിലാളിയായ തുപ്രാടന്‍ രാമുവും ഭാര്യ മാളുവും ഏഴു മക്കളും സുഖത്തോടെ കഴിഞ്ഞിരുന്നു. ദുരന്തം തീമഴയായി പെയ്ത ഈ വീട്ടില്‍ ഇന്നാരുമില്ല. ഒന്‍പതംഗ കുടുംബത്തില്‍ ജീവിച്ചിരിക്കുന്നത് മൂന്നുപേര്‍ മാത്രം. പേടിപ്പെടുത്തുന്ന ഓര്‍മകളുള്ള ഇവിടെ അവരാരും താമസിക്കുന്നില്ല. 

To advertise here,

കുടുംബത്തിന്റെ നെടുംതൂണായിരുന്ന നാലാമത്തെ മകന്‍ ഹരിദാസനെ പോലീസ് തൊഴിയൂര്‍ വധക്കേസില്‍ തെറ്റായി പ്രതിയാക്കി. അതോടെയായിരുന്നു കുടുംബത്തിന്റെ തകര്‍ച്ച. മര്‍ദനവും ശിക്ഷയുമൊക്കെ ഏല്‍ക്കേണ്ടി വന്ന ഹരിദാസന്‍ ക്ഷയം മൂര്‍ച്ഛിച്ച് മരിച്ചു.

ക്രൈംബ്രാഞ്ച് നടത്തിയ പുനരന്വേഷണത്തില്‍ ജംഇയ്യത്തുല്‍ ഇഹ്‌സാനിയ എന്ന തീവ്രവാദ സംഘടനാംഗങ്ങളാണ് തൊഴിയൂര്‍ സുനില്‍വധത്തിന് പിന്നിലെന്ന് കണ്ടെത്തി ആറു പ്രതികളെ അറസ്റ്റു ചെയ്തു. തെറ്റായ ശിക്ഷിക്കപ്പെട്ട മൂന്നു പേര്‍ക്ക് അഞ്ചുലക്ഷം നഷ്ടപരിഹാരത്തിനു വിധിയായി. കള്ളക്കേസെടുത്ത പോലീസുകാര്‍ക്ക് നേരേ ക്രിമിനല്‍ നടപടിക്കും സര്‍ക്കാര്‍ ഉത്തരവിട്ടു. ദളിതനായ ഹരിദാസന്റെ ആശ്രിതര്‍ക്ക് ഒന്നും കിട്ടിയില്ല. 

നീതി തേടി ചെല്ലാന്‍ പോലും കഴിയാത്തവരായിരുന്നു ഹരിദാസന്റെ ബന്ധുക്കള്‍. അവര്‍ക്കായി കോടതിയില്‍ പോകാനാരുമുണ്ടായില്ല. അങ്ങനെ ഹരിദാസന്‍ നീതിയുടെ കാഴ്ചയ്ക്കു പുറത്തായി. ചരിത്രത്തില്‍ത്തന്നെ ഇല്ലാതായി.

ഹരിദാസന്‍ അറസ്റ്റിലായതറിഞ്ഞ് കിടപ്പിലായ അച്ഛന്‍ രാമുവാണ് ആദ്യം മരിച്ചത്. ശിക്ഷിക്കപ്പെട്ടതിനു പിന്നാലെ അമ്മ മാളു ഹൃദയാഘാതത്താല്‍ മരിച്ചു. ഹൈക്കോടതി കുറ്റവിമുക്തനാക്കിയപ്പോഴേക്കും സഹോദരന്‍ ചന്ദ്രനും മരിച്ചിരുന്നു. പോലീസ് മര്‍ദനത്തില്‍ അവശനായ ഹരിദാസന് ക്ഷയം ബാധിച്ചു. ജയില്‍ വിട്ടിറങ്ങി ഒരു മാസത്തിനകം മരിച്ചു. കിടപ്പിലായ സഹോദരി ചന്ദ്രികയും വൈകാതെ ഹൃദ്രോഗത്താല്‍ മരിച്ചു. 

തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്ന അനിയന്‍ മണികണ്ഠന്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. മറ്റൊരു അനിയന്‍ ശിവദാസന് മാനസികാസ്വാസ്ഥ്യമുണ്ട്. സഹോദരിമാരായ രുക്മിണിയും രജനിയും ജീവിച്ചിരിക്കുന്നു; നിസ്സഹായതയുടെ നേരടയാളമെന്ന പോലെ...