കോഴിക്കോട് : ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തെ വേട്ടയാടരുതെന്നും സൈബർ ആക്രമണം അവസാനിപ്പിക്കണമെന്നും ലോറിയുടമയായ മനാഫ്. സഹോദരൻ മുബീൻ ഉൾപ്പെടെ കുടുംബത്തിനൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് മനാഫ് ഇക്കാര്യം വ്യക്തമാക്കിയത്.
അർജുന്റെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് പി.ആർ. വർക്ക് നടത്തിയിട്ടില്ലെന്നും വൈകാരികമായ മുതലെടുപ്പ് നടത്തിയിട്ടില്ലെന്നും മനാഫ് പറഞ്ഞു. യുട്യൂബ് ചാനൽ തുടങ്ങിയത് കാര്യങ്ങൾ ലോകത്തെ അറിയിക്കാനും തന്റെ സുരക്ഷയ്ക്കുമാണ്. അർജുന്റെ കുടുംബത്തിന്റെപേരിൽ ഒരാളോടും പണപ്പിരിവ് നടത്തിയിട്ടില്ല. എന്തന്വേഷണം വേണമെങ്കിലും നടത്താമെന്നും കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് പത്രസമ്മേളനം നടത്തുന്നതെന്നും ഇതോടുകൂടി വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും മനാഫ് ആവശ്യപ്പെട്ടു.
രാജ്യം കണ്ട ചരിത്രപരമായ ദൗത്യത്തെ ചെളിവാരിയെറിഞ്ഞ് അതിന്റെ മഹത്ത്വം ഇല്ലാതാക്കരുത്. വാഹനത്തിന്റെ ആർ.സി. ഉടമ മുബീനാണെന്നും എന്നാൽ, ഉടമസ്ഥത തങ്ങൾക്ക് രണ്ടുപേർക്കുമാണെന്നും മനാഫ് വിശദീകരിച്ചു. കഴിഞ്ഞദിവസം നടത്തിയ പ്രതികരണം കുടുംബത്തിന് എന്തെങ്കിലും വേദനയുണ്ടാക്കിയിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നതായും മനാഫ് പറഞ്ഞു.
അർജുന്റെ കുടുംബത്തിനുനേരേ സൈബർ ആക്രമണം: കേസെടുത്തു
കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച ലോറിഡ്രൈവർ അർജുന്റെ കുടുംബത്തിനുനേരേ സാമൂഹികമാധ്യമങ്ങളിൽ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റർചെയ്തു. കമ്മിഷണർ ടി. നാരായണന് അർജുന്റെ സഹോദരി അഞ്ജു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതി അന്വേഷണത്തിനായി മെഡിക്കൽ കോളേജ് അസി. കമ്മിഷണർ എ. ഉമേഷിന് കൈമാറിയതായി കമ്മിഷണർ അറിയിച്ചു.
സാമുദായികസ്പർധ വളർത്തുന്നരീതിയിൽ സന്ദേശങ്ങൾ പൊതുയിടത്തിൽ പങ്കുവെക്കൽ, കലാപം സൃഷ്ടിക്കുന്നതരത്തിൽ സാമൂഹികമാധ്യമങ്ങളിൽ വിവരങ്ങൾ പങ്കുവെക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ചേവായൂർ ഇൻസ്പെക്ടർ എസ്. സജീവ് കേസെടുത്തത്. ചില യുട്യൂബ് ചാനലുകളിലും സാമൂഹികമാധ്യമങ്ങളിലും കഴിഞ്ഞ മൂന്നുദിവസത്തിനിടെ വന്ന പല സന്ദേശങ്ങളും കുറ്റകരമായവയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം അർജുന്റെ കുടുംബം ഒരു യുട്യൂബ് ചാനലിനെതിരേ ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതേത്തുടർന്ന്, ഈ യുട്യൂബിന്റെ സബ്‌സ്‌ക്രൈബർമാരുടെ എണ്ണം പതിനായിരത്തിൽനിന്ന് രണ്ടര ലക്ഷത്തിലേക്ക് ഉയർന്നു.
Content Highlights: cyber attack against arjun family case lorry owner manaf statement
Published: 04 Oct 2024, 08:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented