കൊച്ചി: കുസാറ്റ് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു. ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. സുരക്ഷ ആവശ്യപ്പെട്ടുള്ള പ്രിൻസിപ്പലിന്റെ കത്ത് രജിസ്ട്രാർ അവ​ഗണിച്ചതായും ഹർജിയിൽ പറയുന്നു. ഇത്രയും വലിയൊരു അപകടം നടന്നിട്ടും രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അന്വേഷണം അട്ടിമറിക്കാനാണ് ശ്രമമെന്നും കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. കെ.എസ്.യു. സമർപ്പിച്ച ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരി​ഗണിക്കും. 

To advertise here,

കുസാറ്റ് ദുരന്തവുമായി ബന്ധപ്പെട്ട് അട്ടിമറി സാധ്യതകളാണ് ആദ്യം മുതൽ തന്നെയുള്ളതെന്ന് കെ.എസ്.യു ആരോപിക്കുന്നു. യൂത്ത് വെൽഫെയർ ഡയറക്ടർ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ നിയമിച്ച സിൻഡിക്കേറ്റ് ഉപസമിതിയിൽ പി.കെ. ബേബിയെ ഉൾപ്പെടുത്തിയിരുന്നു. നിരവധി വിവാദങ്ങളിലൂടെയും അട്ടിമറിയിലൂടെയാണ് പി.കെ. ബേബി ഈ സ്ഥാനത്തെത്തിയത്. സിൻഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോർട്ട് വരുന്നതിന് മുൻപ് തന്നെ മാധ്യമങ്ങളോട് പറഞ്ഞത് സംഘാടക സമിതിക്ക് വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ്. അന്വേഷണം നടക്കുന്നതിന് മുൻപുതന്നെ മുൻവിധിയോടെയാണ് കാര്യങ്ങളെ കൈകാര്യംചെയ്തത്. സംഘാടക സമിതിക്കാണ് പൂർണ ഉത്തരവാദിത്വമെന്നും അധികൃതർക്ക് പങ്കില്ലെന്നും പറഞ്ഞുവെക്കാനാണ് ശ്രമിക്കുന്നതെന്നും കെ.എസ്.യു. ആരോപിക്കുന്നു. 

നാല് പേർ മരിച്ച അപകടമായിട്ടുപോലും വളരെ ലാഘവത്തോടെയാണ് വിഷയത്തെ അധികൃതരും സർക്കാരും കൈകാര്യം ചെയ്യുന്നത്. കുസാറ്റ് ​​ദുരന്തത്തെപ്പറ്റി ഒരു സ്വതന്ത്ര ഏജൻസി അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നാണ് കെ.എസ്.യുവിന്റെ ആവശ്യമെന്നും കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.