
ആലുവ: ആലുവ നഗരസഭയും സമീപത്തെ ഏഴു പഞ്ചായത്തുകളും ഉൾപ്പെടുത്തി പ്രഖ്യാപിച്ച കമ്മ്യൂണിറ്റി ക്ലസ്റ്ററിൽ കർഫ്യൂ നിയന്ത്രണങ്ങൾ നടപ്പിലാക്കി പോലീസ്. മേഖലയിൽ പരമാവധി പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് എതിരേ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും റൂറൽ എസ്പി കെ.കാർത്തിക്ക് പറഞ്ഞു. കർഫ്യൂ പ്രഖ്യാപിച്ച മേഖലകളിൽ എസ്പിയുടെ നേതൃത്വത്തിൽ പോലീസ് റൂട്ട് മാർച്ച് നടത്തുകയാണ്.
ആലുവ നഗരസഭയ്ക്ക് പുറമേ കീഴ്മാട്, കരുമാലൂർ, ചെങ്ങമനാട്, ആലങ്ങാട്, കടുങ്ങല്ലൂർ, ചൂർണിക്കര, എടത്തല പഞ്ചായത്തുകളാണ് ക്ലസ്റ്ററിലുള്ളത്. മേഖലയിൽ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് അർധരാത്രി മുതൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. കർഫ്യൂവിൽ ഉൾപ്പെടുന്ന മേഖലകളിലേക്കുള്ള അതിർത്തികൾ പോലീസ് അടച്ചിട്ടുണ്ട്. ഇളവുകൾ അനുവദിച്ചിട്ടുള്ളവരെ മാത്രമേ അകത്തേക്കും പുറത്തേക്കും കടത്തിവിടൂ എന്ന് എസ്പി കാർത്തിക്ക് അറിയിച്ചു.
'കർഫ്യൂ മേഖലകളിലെല്ലാം ഇന്നു തന്നെ മാർച്ച് നടത്തും. കൃത്യമായ രേഖകളില്ലാതെയോ മതിയായ രേഖകളില്ലാതെയോ പുറത്തിറങ്ങുന്നവരെ കസ്റ്റഡിയിലെടുക്കും. വാഹനങ്ങൾ പിടിച്ചെടുക്കും. കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. ജനങ്ങളെ വിവരങ്ങൾ അറിയിക്കാൻ പോലീസ് മൈക്രോഫോണിലൂടെ അനൗൺസ്മെന്റ് നടത്തുന്നുണ്ട്. റൂറൽ പോലീസിന്റെ മറ്റു പ്രവർത്തനങ്ങൾക്ക് അത്യാവശ്യമുള്ള പോലീസുകാരെ ഒഴിച്ച് ബാക്കിയുള്ളവരെയെല്ലാം കർഫ്യൂ മേഖലയിൽ വിന്യസിക്കും. പ്രധാന റോഡുകളിലെല്ലാം പോലീസ് സാന്നിധ്യമുണ്ടാകും. ഇടറോഡുകളിലും പട്രോളിങ് നടത്തും' -എസ്പി വ്യക്തമാക്കി.
നിലവിൽ രാവിലെ ഏഴു മുതൽ ഒൻപത് വരെ മൊത്തക്കച്ചവടവും പാൽവിതരണവും പത്തു മുതൽ ഉച്ചയ്ക്ക് രണ്ടു വരെ ചില്ലറ വിൽപനയുമാണ് അനുവദിച്ചിരിക്കുന്നത്. ഈ ഇളവുകൾ ഭക്ഷ്യവസ്തുക്കളും അവശ്യ സാധനങ്ങളും വിൽക്കുന്ന കടകൾക്കും വ്യാപാരികൾക്കും മാത്രമേ ബാധകമാവൂ എന്ന് എസ്പി കാർത്തിക്ക് അറിയിച്ചു. അതേസമയം, ആശുപത്രികൾക്കും മെഡിക്കൽ ഷോപ്പുകൾക്കും 24 മണിക്കൂറും പ്രവർത്തിക്കാം.
പ്രതിരോധം, ദുരന്തനിവാരണം, എൽപിജി, ബാങ്ക്, വില്ലേജ്-താലൂക്ക് ഓഫീസുകൾ തുടങ്ങിയ അവശ്യസേവനങ്ങൾക്ക് അനുമതിയുണ്ട്. എന്നാൽ, എൽപിജി വിതരണം ഉൾപ്പെടെയുള്ളവ പോലീസ് നിരീക്ഷണത്തിൽ കൃത്യമായ നിയന്ത്രണങ്ങൾ പാലിച്ചേ അനുവദിക്കൂ. ബാങ്കുകൾക്ക് പരമാവധി പകുതി ജീവനക്കാരുമായി 10 മുതൽ രണ്ടു വരെ പ്രവർത്തിക്കാം. പക്ഷേ, പൊതുജനങ്ങളെ അനുവദിക്കില്ല. പോസ്റ്റോഫീസുകൾക്കും മിനിമം ജീവനക്കാരുമായി പ്രവർത്തിക്കാൻ അനുമതിയുണ്ടെങ്കിലും പൊതുജനങ്ങളെ അനുവദിക്കില്ല.
Published: 23 Jul 2020, 12:40 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented