കൊച്ചി: ക്രെഡായ് കൊച്ചിയുടെ പ്രമുഖ ബിൽഡർമാരുടെ റെസിഡൻഷ്യൽ, കൊമേഴ്സ്യൽ പ്രോജക്ടുകൾ ഒരൊറ്റ കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് 36-ാമത് ക്രെഡായ് കൊച്ചി പ്രോപ്പർട്ടി എക്‌സ്‌പോയ്ക്ക് കടവന്ത്ര റീജണൽ സ്‌പോർട്‌സ് സെന്ററിൽ തുടക്കമായി.

To advertise here,

കേരള സർക്കാരിന്റെ കായിക യുവജനകാര്യ വകുപ്പ്, വ്യവസായ വാണിജ്യ വകുപ്പ് എന്നിവയുടെ ഡയറക്ടറും കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടറുമായ വിഷ്ണു രാജ് മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഡിസംബർ 19, 20, 21 തീയതികളിൽ രാവിലെ 10 മുതൽ രാത്രി എട്ടുവരെയാണ് പ്രദർശനം നടക്കുന്നത്. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.

കെ-റെറ (K-RERA) അംഗീകാരമുള്ള നൂറ്റിയൻപതിൽപരം റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ പ്രോജക്റ്റുകളാണ് ഈ മേളയിൽ അണിനിരക്കുന്നത്. പ്രമുഖ ബിൽഡർമാരെ നേരിൽ കാണാനും വിവിധ പദ്ധതികളെക്കുറിച്ച് അടുത്തറിയാനും സന്ദർശകർക്ക് ഇവിടെ അവസരമുണ്ട്. കൂടാതെ, ബാങ്കുകളുടെ സ്റ്റാളുകളിലൂടെ ഭവന വായ്പാ സംബന്ധമായ ഉപദേശങ്ങളും സേവനങ്ങളും ഒരേ സ്ഥലത്തുതന്നെ ലഭ്യമാക്കിയിട്ടുണ്ട്.

ഐഎംഎ കൊച്ചിയുടെ ‘അരികെ’ എന്ന പദ്ധതിയിലൂടെ കിടപ്പുരോഗികൾ, വീട്ടിൽ ഒതുങ്ങിക്കഴിയുന്നവർ, ഒറ്റപ്പെട്ടവർ എന്നിവരെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ‘കൂടെ’ എന്ന സംരംഭവും ക്രെഡായി പ്രോപ്പർട്ടി എക്സ്പോയുടെ ഭാഗമാണ്. ഈ പദ്ധതിയെക്കുറിച്ച് ഡിസംബർ 20-ന് വൈകിട്ട് ആറുണിക്ക് എക്‌സ്‌പോ സെന്ററിൽ ഐഎംഎ പ്രത്യേക ചർച്ച സംഘടിപ്പിക്കും. കൊച്ചിയിൽ സ്വന്തമായി ഒരു വീട് എന്ന സ്വപ്നം കാണുന്നവർക്ക് മികച്ച തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്ന രീതിയിലാണ് മൂന്ന് ദിവസത്തെ എക്സ്പോ ക്രമീകരിച്ചിരിക്കുന്നത്.