തൃശൂര്‍: പോലീസ് മര്‍ദനത്തെ ന്യായീകരിച്ച് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുള്‍ഖാദര്‍. കുന്നംകുളത്തെ യൂത്ത്‌ കോണ്‍ഗ്രസ്സ് നേതാവ് സുജിത്ത് പോലീസുകാരെ മര്‍ദിച്ചെന്നും അയാള്‍ക്ക് പോലീസുകാര്‍ ബിരിയാണി വാങ്ങി നല്‍കുമോ എന്നും ജില്ലാ സെക്രട്ടറി ചോദിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും എൽഡിഎഫ് കൺ‌വീനറും പോലീസ് അതിക്രമവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ന്യായീകരണവുമായി രം​ഗത്തെത്തിയിരുന്നു. പുറത്തുവന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചപ്പോൾ ഏതോ കാലത്തെ പോലീസ് അതിക്രമമാണ് ഇപ്പോൾ ഉയർത്തിക്കൊണ്ടുവരുന്നതെന്നും അതിനു പിന്നിൽ മറ്റു ലക്ഷ്യങ്ങളാണെന്നുമാണ് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പ്രതികരിച്ചത്. 

To advertise here,

സുജിത്ത് എന്ന യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ചെന്നിട്ട് ജീപ്പിലുള്ളവരെ ബലമായി ഇറക്കി. എസ്‌ഐ സ്വാഭാവികമായിട്ടും ചോദിക്കും.എസ്‌ഐയുടെ വാച്ച് നഷ്ടപ്പെട്ടു. പോലീസിനെ അടിച്ചു. കൂടുതല്‍ പോലീസുകാരെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നത്- അബ്ദുള്‍ഖാദര്‍ പറഞ്ഞു. അവര്‍ കൊണ്ടുപോയിട്ട് ബിരിയാണി വാങ്ങിക്കൊടുക്കുമെന്ന് വിചാരിക്കുന്നത് ശരിയാണോ? എനിക്കറിയില്ല. അങ്ങനെ സംഭവിച്ച കാര്യമാണിത്. അത് മാത്രമല്ല, 11 കേസിലെ പ്രതിയാണിയാള്‍- അബ്ദുൾഖാദർ പ്രതികരിച്ചു. 

സുജിത്ത് പോലീസിനെ മര്‍ദിച്ചതായോ മദ്യപിച്ചിരുന്നതായോ പോലീസ് നടത്തിയ അന്വേഷണത്തില്‍പോലും കണ്ടെത്തിയിരുന്നില്ല. അതിനിടെയാണ് ഇത്തരമൊരു വാദവുമായി സിപിഎം ജില്ലാ സെക്രട്ടറിയെത്തുന്നത്. 

അതേസമയം പുറത്തുവന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നായിരുന്നു കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ ന്യായീകരണം. പോലീസ് വീഴ്ചകള്‍ പര്‍വതീകരിച്ച് കാണിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചെന്നും അദ്ദേഹം ഇടതുമുന്നണി യോഗത്തില്‍ പറഞ്ഞു. കുന്നംകുളത്തെയും പീച്ചിയിലെയും പോലീസ് അതിക്രമങ്ങളുടെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നതോടെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കിയത്.