തിരുവനന്തപുരം: മദ്രസകൾക്ക് സർക്കാർ ധനസഹായം നൽകുന്ന നിർത്തണമെന്ന ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശത്തിനെതിരേ വിമർശനവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഈ നിർദേശം ഭരണഘടനാ വിരുദ്ധവും മതനിരപേക്ഷ ഉള്ളടക്കത്തിന് യോജിക്കാത്തതും മത ധ്രുവീകരണത്തിന് ഇടയാക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരത്തിലൊരു നിലപാട് കേന്ദ്ര സർക്കാർ കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായി കേരളത്തിൽ എന്തെങ്കിലും പ്രധാനപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. കേരളത്തിലെ മദ്രസകളെ പോലെയല്ല മറ്റ് സംസ്ഥാനങ്ങളിലേത്. അവിടെ പ്രാഥമിക വിദ്യാലയങ്ങളൊന്നും പൂർണമായിട്ടില്ല എന്നുള്ളത് കൊണ്ട് പല മേഖലകളിലും മദ്രസ പഠനം പൊതുവിദ്യാഭ്യാസവുമായി കലർന്നാണ് പോകുന്നത്. നമ്മുടെ സംസ്ഥാനത്ത് മദ്രസ സ്ഥാപനങ്ങൾക്ക് സർക്കാർ സഹായങ്ങളൊന്നും നൽകുന്നില്ല. അതുകൊണ്ട് ബാലാവകാശ കമ്മീഷൻ പറഞ്ഞ കാര്യം കേരളത്തിന് പ്രശ്നമാകുന്നില്ല.
മദ്രസകൾക്ക് സർക്കാർ ധനസഹായം നൽകുന്നത് നിർത്തണമെന്നാണ് ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശിച്ചത്. മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങൾ ലംഘിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നിർദേശം. ഇത് സംബന്ധിച്ച് സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് എൻ.സി.പി.സി.ആർ കത്തയച്ചിട്ടുണ്ട്. സംസ്ഥാനം ഫണ്ട് നൽകുന്ന മദ്രസകളും മദ്രസ ബോർഡുകളും നിർത്തലാക്കണമെന്നും നിർദേശമുള്ളതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മദ്രസകൾക്ക് സംസ്ഥാന സർക്കാരുകൾ ധനസഹായം നൽകരുതെന്നാവശ്യപ്പെട്ട് എൻ.സി.പി.സി.ആർ ചെയർമാൻ പ്രിയങ്ക് കനൂൻഗോയാണ് കത്തയച്ചത്. മദ്രസ ബോർഡുകൾ അടച്ചുപൂട്ടണമെന്നും പതിനൊന്ന് അധ്യായങ്ങളുള്ള കത്തിൽ ആവശ്യപ്പെടുന്നു. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സർക്കാരിന്റെ കടമയാണ്. ഒരു ബോർഡ് പ്രവർത്തിക്കുന്നു എന്നതുകൊണ്ട് മദ്രസകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളാവുന്നില്ലെന്നും കത്തിൽ പറയുന്നു.
മദ്രസകളിൽ പഠിക്കുന്ന മുസ്ലിം സമുദായത്തിന് പുറത്തുള്ള കുട്ടികളെ സാധാരണ സ്കൂളുകളിലേക്ക് മാറ്റണം. മുസ്ലിം വിദ്യാർഥികളെ സ്കൂളുകളിൽ കൂടി ചേർക്കണമെന്നും കത്തിൽ പറയുന്നുണ്ട്. മഹാരാഷ്ട്ര സർക്കാർ മദ്രസ അധ്യാപകർക്കുള്ള വേതനം വർധിപ്പിച്ച് ഏതാനും ദിവസങ്ങൾക്കിടയാണ് ദേശീയ ബാലാവകാശ കമ്മീഷൻ മദ്രസകൾ നിർത്തലാക്കാനാവശ്യപ്പെട്ട് കത്തയച്ചതെന്നും ശ്രദ്ധേയമാണ്.
Content Highlights: CPM State Secretary MV Govindan criticizes NCPI`s directive to stop government funding for madrasas
Published: 13 Oct 2024, 05:41 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented