തിരുവനന്തപുരം: സി.പി.എം. സംസ്ഥാന കമ്മിറ്റിയിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനം. പി.ആർ. ഏജൻസി വിവാദത്തിൽ നേതാക്കൾ മുഖ്യമന്ത്രിയോട് മറുപടി ആവശ്യപ്പെട്ടുവെന്നാണ് വിവരം. എന്നാൽ വിമർശനങ്ങളിൽ നിന്ന് മുഖ്യമന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ സ്വീകരിച്ചത്. സിപിഎമ്മിന്റെ നേതൃയോഗങ്ങൾ നടന്നുവരവെയാണ് മുഖ്യമന്ത്രിക്കെതിരെ പാർട്ടിക്കുള്ളിൽ നിന്ന് വീണ്ടും വിമർശനമുയരുന്നത് എന്നതാണ് ശ്രദ്ധേയം.
സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റും സംസ്ഥാന കമ്മിറ്റി യോഗങ്ങളും നടന്നുവരികയാണ്. ഇതിൽ സംസ്ഥാന കമ്മിറ്റി യോഗത്തിനിടെയാണ് കൊച്ചിയിൽ നിന്നുള്ള നേതാക്കളിലൊരാൾ പി.ആർ. ഏജൻസി വിവാദം എടുത്തിട്ടത്. വിവാദത്തിൽ പാർട്ടിയോട് മുഖ്യമന്ത്രിക്കെന്താണ് പറയാനുള്ളത്, വിവാദം പാർട്ടിക്ക് നാണക്കേടുണ്ടാക്കിയിട്ടുണ്ടോ എന്നുള്ള ചോദ്യങ്ങൾ ഉന്നയിച്ചു. ഇതിന് പുറമെ അടിക്കടി വിവാദങ്ങളുണ്ടാകുന്നത് പാർട്ടിക്ക് നാണക്കേടുണ്ടാക്കുന്നുവെന്ന അഭിപ്രായവും പങ്കുവെച്ചു. എന്നാൽ ആ കാര്യങ്ങളിലെല്ലാം മുഖ്യമന്ത്രി മുമ്പ് വിശദീകരണം നൽകിയതാണെന്നും ഇത്തരം കാര്യങ്ങളിലേക്ക് പോകേണ്ടതില്ല എന്നുള്ള തരത്തിൽ പ്രതികരിച്ച് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മുഖ്യമന്ത്രിക്ക് സംരക്ഷണമൊരുക്കി.
ഇതിന് ശേഷം അടുത്ത തിരഞ്ഞെടുപ്പുകളേക്കുറിച്ചാണ് സംസ്ഥാന കമ്മിറ്റിയിൽ ചർച്ച നടന്നത്. പാലാക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളിൽ ശ്രദ്ധകേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളാണ് ചർച്ചയിൽ വന്നത്. ഇതനുസരിച്ച് വിവാദങ്ങളേക്കുറിച്ച് വിവിധ ജില്ലാ കേന്ദ്രങ്ങളിൽ വിശദീകരണ യോഗങ്ങൾ സംഘടിപ്പിച്ച് ജനങ്ങളോട് കാര്യങ്ങൾ പറയാനാണ് സി.പി.എം. സംസ്ഥാന കമ്മിറ്റിയിൽ തീരുമാനമുണ്ടായത്. ഈ മാസം 15 മുതൽ അടുത്ത മാസം 15 വരെ ഒരുമാസം നീണ്ടുനിൽക്കുന്ന വിശദീകരണ യോഗങ്ങളാണ് സംഘടിപ്പിക്കുക. ഇതിൽ കേന്ദ്രസർക്കാരിനെതിരായ വിമർശനങ്ങളും ഉൾക്കൊള്ളിക്കും. വർത്തമാനകാല സ്ഥിതിയും പാർട്ടിയുടെ സമീപനവും എന്ന പേരിലാകും വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കുക.
Content Highlights: cpm state secretariat criticise pinarayi vijayan protect mv govindan
Published: 05 Oct 2024, 01:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented