
തിരുവനന്തപുരം: എന്‍.സി.പിയിലെ മന്ത്രിമാറ്റം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ, എ.കെ. ശശീന്ദ്രന് മന്ത്രിസ്ഥാനത്ത് തുടരട്ടെയെന്ന് സിപിഎം തീരുമാനം. പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് സി.പി.എം ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള ദേശീയ കോ ഓർഡിനേറ്റർ പ്രകാശ് കാരാട്ടിനെ അറിയിച്ചു.
ഇപ്പോൾ ശശീന്ദ്രനെ മാറ്റിയാൽ, അദ്ദേഹം മുൻപ് ഉന്നയിച്ചതുപോലെ എംഎൽഎ സ്ഥാനം ഉൾപ്പടെ രാജിവെക്കുന്നതിലേക്ക് കാര്യങ്ങളെത്തിയേക്കാമെന്നും അത് മുന്നണിയേയും സർക്കാരിനേയും ബാധിക്കുമെന്നുമുള്ള വിലയിരുത്തലിലാണ് സിപിഎം എത്തിയത്. ഒന്നര വർഷം മാത്രമേ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ബാക്കിയുള്ളൂ. അതിന് മുൻപ് തദ്ദേശ തിരഞ്ഞെടുപ്പ് വരുന്നുണ്ട്. ഇതെല്ലാം മുന്നിൽ കണ്ടാണ് സിപിഎം ഇക്കാര്യത്തിൽ മുൻകൈ എടുത്തിരിക്കുന്നത്.
ഉപതിരഞ്ഞെടുപ്പിന് ശേഷം മന്ത്രിമാറ്റമുണ്ടാകുമെന്ന സൂചനകൾ ഉണ്ടായിരുന്നെങ്കിലും അതു സംബന്ധിച്ച് ഒരു തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല. പാർട്ടിയുടെ മന്ത്രിയെ മാറ്റണമെന്ന് പാർട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ട് പോലും മുഖ്യമന്ത്രി അതിന് തയാറാകാത്ത സാഹചര്യത്തിൽ പാർട്ടിയുടെ അസ്തിത്വം നഷ്ടപ്പെടുത്തിക്കൊണ്ട് എന്തിനാണ് മുന്നോട്ട് പോകുന്നതെന്ന വിമർശനം എൻസിപി നേതൃയോഗത്തിൽ ഉയർന്നിരുന്നു.
ചൊവ്വാഴ്ച രാത്രി എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാറിന്റെ വസതിയിലെത്തി തോമസ് കെ. തോമസും പി.സി. ചാക്കോയും പ്രകാശ് കാരാട്ടും കൂട്ടിക്കാഴ്ച നടത്തിയിരുന്നു. മന്ത്രിമാറ്റം സംബന്ധിച്ച കാര്യങ്ങളായിരുന്നു അനൗദ്യോഗികചര്ച്ചയിലുണ്ടായിരുന്നത്. മന്ത്രിമാറ്റത്തിന് ശശീന്ദ്രന് വഴങ്ങാത്തതില്‍ സംസ്ഥാനനേതൃത്വത്തിനുള്ള അതൃപ്തി പവാറിനെ ധരിപ്പിച്ചു എന്നാണ് വിവരം.
മന്ത്രിമാറ്റം സംബന്ധിച്ച് ചര്‍ച്ചയില്‍ കൂടുതല്‍ സംസാരം നടന്നില്ലെന്നാണ് കൂടിക്കാഴ്ചയ്ക്കുശേഷം തോമസ് കെ. തോമസിന്റെ മാധ്യമങ്ങളോട് പ്രതികരിച്ചത്. ബുധനാഴ്ച വീണ്ടും ചര്‍ച്ചയ്ക്ക് ശ്രമം നടത്തിയെങ്കിലും ക്ഷണം ലഭിക്കാത്തതിനെ തുടര്‍ന്ന് തോമസ് കെ. തോമസ് പുലര്‍ച്ചെ തന്നെ നാട്ടിലേക്ക് മടങ്ങിയിരുന്നു.
അതേസമയം, മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് എ.കെ. ശശീന്ദ്രൻ കഴിഞ്ഞദിവസം പരോക്ഷമായി പറഞ്ഞിരുന്നു. തോമസ് കെ.തോമസ് എംഎല്‍എ മന്ത്രിയാകാന്‍ സാധ്യതയില്ലെങ്കില്‍ താനെന്തിന് രാജിവെക്കണമെന്നായിരുന്നു ശശീന്ദ്രന്റെ ചോദ്യം. രാജിവെച്ചാല്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ എതിര്ക്കുന്നതുപോലെയാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
Content Highlights: CPM state leadership says no ministerial change in NCP
Published: 19 Dec 2024, 12:34 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented