തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഒരു വർഗീയ പരാമർശവും സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്നാണ് തങ്ങളുടെ നിലപാടെന്ന് ഗോവിന്ദൻ പറഞ്ഞു. സജി ചെറിയാന്റെ വിവാദ പരാമർശം ചൂണ്ടിക്കാട്ടിയപ്പോഴാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. എന്നാൽ സജി ചെറിയാനെതിരെ വിമർശനം ഉന്നയിക്കാൻ അദ്ദേഹം തയ്യാറായില്ല. സജി ചെറിയാനെ കുറിച്ച് ആവർത്തിച്ചുള്ള ചോദ്യത്തിന് വർഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും സിപിഎമ്മിന് യോജിപ്പിച്ചില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.

To advertise here,

ഇന്ത്യയിലെ ഏറ്റവും ശക്തമായ വർഗീയ വിരുദ്ധ പ്രസ്ഥാനമാണ് സിപിഎം. ബാക്കിയുള്ളവരെല്ലാം തരാതരം നോക്കി വർഗീയതയെ കൂട്ടുപിടിച്ച് മുന്നോട്ട് പോകുന്നവരാണ്. അവരാണിപ്പോൾ വലിയ പ്രഭാഷണം നടത്തിവരുന്നത്. ജമാഅത്തെ ഇസ്ലാമിയുമായി ചേരുന്നതിന് യാതൊരു മടിയും വി.ഡി.സതീശനില്ല. വർഗീയതയ്‌ക്കെതിരെ തങ്ങൾക്ക് ഉറച്ച നിലപാടാണ് എല്ലാ കാലത്ത് ഉള്ളതെന്നും ഗോവിന്ദൻ പറഞ്ഞു.

'വർഗീയയുടെ ഏറ്റവും വലിയ വക്താക്കൾ വർഗീയയ്‌ക്കെതിരെ ഗീർവാണ പ്രസംഗം നടത്തുകയാണ്. വർഗീയയ്‌ക്കെതിരെ നിൽക്കുന്ന ഏറ്റവും വലിയ സംഘടനയായ സിപിഎമ്മിനെ ബോധപൂർവ്വം കടന്നാക്രമിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അതൊന്നും കേരളത്തിൽ വിലപോവില്ല. ആർഎസ്എസിനോടും വർഗീയതയോടും മല്ലടിച്ച് മുന്നോട്ട് വന്ന പ്രസ്ഥാനമാണിത്. ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയതയ്‌ക്കെതിരെ പോരാടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ പാർട്ടി സിപിഎമ്മാണ്' ഗോവിന്ദൻ പറഞ്ഞു.