വടകര: സ്വകാര്യപണമിണപാട് സ്ഥാപനത്തിൽനിന്ന് രണ്ടുകോടി രൂപ വാങ്ങിയതും തിരികെ കൊടുത്തതും എങ്ങനെയെന്ന് ആന്റോ ആന്റണി എം.പി. വ്യക്തമാക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. എൽ.ഡി.എഫ്. വടക്കൻ മേഖലാ വികസന മുന്നേറ്റജാഥയ്ക്കിടെ ഞായറാഴ്ച രാവിലെ വടകരയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്ന് രണ്ടുകോടി രൂപ വാങ്ങിയതും തിരികെ നൽകിയതും ഏത് രീതിയിലാണെന്ന് ആന്റോ ആന്റണി രേഖാമൂലം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബാങ്ക് അക്കൗണ്ട് വഴിയല്ലാതെ പണമായിട്ടാണ് ഈ ഇടപാട് നടന്നതെങ്കിൽ അത് കള്ളപ്പണമാണെന്നും  തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച പരിധിയിൽ കൂടുതൽ തുക ഒരു മണ്ഡലത്തിൽ ചിലവാക്കാൻ കഴിയില്ലെന്നിരിക്കെ ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പാർട്ടികളും ഇങ്ങനെ പണം വാങ്ങാറില്ലേ എന്ന ചോദ്യത്തിന് തങ്ങൾ വാങ്ങാറില്ലെന്നും ഒരു കോടി രൂപ താൻ ഒന്നിച്ച് കണ്ടിട്ടില്ലെന്നും അദ്ദേഹം മറുപടി നൽകി.

സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് അടൂർ പ്രകാശിനെ ചോദ്യം ചെയ്തതോടെ സംഭവത്തിന്റെ വ്യാപ്തി വർധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം തങ്ങളിലേക്ക് എത്തുമെന്ന് കണ്ടപ്പോഴാണ് അന്വേഷണ സംഘത്തിനെതിരെ തിരിയാനും കുറ്റപത്രം വേഗത്തിൽ സമർപ്പിക്കാൻ ആവശ്യപ്പെടാനും കോൺഗ്രസ് തയ്യാറായത്. ഈ അന്വേഷണം ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്നതാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെ ഇതിലേക്ക് വലിച്ചിഴക്കുന്നത് കോടതിയെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിക്കെതിരെയുള്ള സമസ്തയുടെ കർശന നിലപാടിന്റെ പശ്ചാത്തലത്തിൽ മുസ്ലീം ലീഗ് തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വോട്ടിന് വേണ്ടി വർഗീയ ശക്തികളെ കൂട്ടുപിടിക്കുന്ന സമീപനമാണ് കോൺഗ്രസും ലീഗും സ്വീകരിക്കുന്നതെന്നും, 'കോലീബി-ജമാഅത്തെ ഇസ്ലാമി' സഖ്യത്തിന്റെ പ്രധാന കോർഡിനേറ്റർ വി.ഡി. സതീശനാണെന്നും ഗോവിന്ദൻ പറഞ്ഞു.

എം.വി.ഗോവിന്ദന് മനഃപൂർവമുളള മറവി രോഗമാണെന്ന വി.ഡി.സതീശന്റെ പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോൾ സതീശന് നുണരോഗമാണെന്നായിരുന്നു മറുപടി. ഒരുകാലത്തും ജമാ അത്തെ ഇസ്ലാമിപോലുള്ള വർഗീയ ശക്തികളുമായി എൽ.ഡി.എഫ്. സഖ്യമുണ്ടാക്കിയിട്ടില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. കേരള കോൺഗ്രസ് ജോസഫ് എൽ.ഡി.എഫിലേക്ക് വരുന്നതിൽ എന്താണ് അഭിപ്രായം എന്ന ചോദ്യത്തിന് ‘നോക്കാം’ എന്ന് അദ്ദേഹം മറുപടിനൽകി.