തിരുവനന്തപുരം: സിപിഎം പൊളിറ്റ് ബ്യൂറോയ്ക്ക് കത്തായി നല്‍കിയ രഹസ്യപരാതി കോടതിയില്‍ രേഖയായി എത്തിയതില്‍ വെട്ടിലായി പാര്‍ട്ടി. വാര്‍ത്ത പുറത്തുവന്നിട്ടും ഇത് സംബന്ധിച്ച് വ്യക്തതവരുത്താന്‍ നേതാക്കള്‍ തയ്യാറായിട്ടില്ല. അതേസമയം, കോടതിയില്‍ നല്‍കിയത് പിബിയുടെ കൈവശമുള്ള പരാതിയാണെന്ന് കേസ് ഫയല്‍ചെയ്ത ലണ്ടനിലെ സിപിഎം അംഗമായ രാജേഷ് കൃഷ്ണ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.

To advertise here,

മധുര പാര്‍ട്ടികോണ്‍ഗ്രസ് പ്രതിനിധി സ്ഥാനത്തുനിന്ന് തന്നെ നീക്കിയത് വ്യാജപരാതിയുടെ അടിസ്ഥാനത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജേഷ് കൃഷ്ണ ഡല്‍ഹി ഹൈക്കോടതിയില്‍ സ്വകാര്യ അന്യായം നല്‍കിയത്. ഇതില്‍ തനിക്കെതിരേ പിബിക്ക് ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് നല്‍കിയ പരാതികൂടി ഉള്‍പ്പെടുത്തി. പിബിക്ക് ലഭിച്ച പരാതി എങ്ങനെ രാജേഷ് കൃഷ്ണയ്ക്ക് ചോര്‍ന്നുകിട്ടിയെന്ന ചോദ്യം ഉയരുമ്പോള്‍, അത് പാര്‍ട്ടിരേഖയല്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമം സിപിഎം സൈബറിടത്തില്‍ ശക്തമായി. എന്നാല്‍, പിബിക്ക് ലഭിച്ച കത്ത് തന്നെയാണ് താന്‍ ഹാജരാക്കുന്നതെന്നാണ് രാജേഷ് കൃഷ്ണ കോടതിയെ അറിയിച്ചത്.

ഹര്‍ജിക്കൊപ്പം അഞ്ച് രേഖകളാണ് രാജേഷ് കൃഷ്ണ നല്‍കിയിട്ടുള്ളത്. ആദ്യരേഖ പിബിക്ക് മുഹമ്മദ് ഷര്‍ഷാദ് നല്‍കിയ കത്തിന്റെ ശരിപ്പകര്‍പ്പാണെന്ന് വ്യക്തമാക്കി സാക്ഷ്യപ്പെടുത്തി ഒപ്പിട്ടിട്ടുണ്ട്. ഇങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ല എന്നോ, പിബിക്ക് നല്‍കിയ കത്തല്ല ഇതെന്നോ സിപിഎം പ്രതികരിച്ചാല്‍ കോടതിയില്‍ വ്യാജരേഖ ഹാജരാക്കി എന്ന പ്രശ്‌നം രാജേഷ് കൃഷ്ണ നേരിടേണ്ടിവരും. കത്ത് പാര്‍ട്ടിക്ക് ലഭിച്ചതാണെന്ന് സമ്മതിച്ചാല്‍ അത് എങ്ങനെ ചോര്‍ന്നുവെന്നതില്‍ വിശദീകരണം നല്‍കേണ്ടിവരും. പാര്‍ട്ടിനേതാക്കള്‍ക്ക് ഹവാലപണമിടപാടിലടക്കം പങ്കാളിത്തമുണ്ടെന്ന് ആരോപിക്കുന്ന കത്താണ് ചോര്‍ന്നത്.

എം.എ. ബേബിക്കും കത്തയച്ചു

പിബിയുടെ കൈവശമുള്ള രേഖ രാജേഷ് കൃഷ്ണയ്ക്ക് ചോര്‍ത്തിനല്‍കിയത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകന്‍ ശ്യാമാണെന്ന് ചൂണ്ടിക്കാട്ടി ജനറല്‍സെക്രട്ടറി എം.എ. ബേബിക്ക് ഷര്‍ഷാദ് കത്ത് നല്‍കി. ആഗസ്റ്റ് 12-ന് ബേബിയുടെ ഇ-മെയില്‍ വിലാസത്തില്‍ അയച്ച ആ കത്തും ചോര്‍ന്നു. ഇതോടെ, സിപിഎം കൂടുതല്‍ വെട്ടിലായി.

ശ്യാമിന്റെ സാമ്പത്തിക ഇടപാടുകളുടെ ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് ഈ കത്ത് ചോര്‍ത്തി നല്‍കിയതെന്ന ഗുരുതരമായ ആരോപണവും ജനറല്‍ സെക്രട്ടറിക്ക് അയച്ച പരാതിയിലുണ്ട്. പാര്‍ട്ടിക്ക് രഹസ്യമായി നല്‍കിയ പരാതി ചോര്‍ന്നത് ഞെട്ടിച്ചെന്നും അന്വേഷണം വേണമെന്നുമാണ് ജനറല്‍ സെക്രട്ടറിക്കയച്ച കത്തിലെ ആവശ്യം. ഇതു സംബന്ധിച്ചും നേതാക്കളാരും പ്രതികരിച്ചിട്ടില്ല.