പയ്യന്നൂർ: സി.പി.എം. ഏരിയാ കമ്മിറ്റി ഓഫീസ് കെട്ടിടനിർമാണ ഫണ്ടിന്റെ ഓഡിറ്റ് റിപ്പോർട്ട് പുറത്തുവിട്ട് സി.പി.എം. മുൻ ജില്ലാ കമ്മിറ്റി അംഗവും പയ്യന്നൂർ നിയോജകമണ്ഡലം യു.ഡി.എഫ്. പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയുമായ വി.കുഞ്ഞികൃഷ്ണൻ. മുൻപ് അംഗീകരിച്ച കണക്കുകളുടെ വൗച്ചറുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിലും അത് ചെയ്തില്ലെന്നും മറിച്ച് പുതിയ വൗച്ചറുകൾ നൽകി ധനാപഹരണം നടത്തുകയാണ് ചെയ്തതെന്നും കുഞ്ഞികൃഷ്ണൻ ആരോപിക്കുന്നു.

To advertise here,

വരവ് കൂടിയപ്പോൾ അത് ബാലൻസ് ചെയ്യാൻ ചെലവ് കൂട്ടി കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. 2017-ലെ സി.പി.എം. പയ്യന്നൂർ ഏരിയാ സമ്മേളന പ്രവർത്തനറിപ്പോർട്ടിൽ ചേർത്തിട്ടുള്ള ഏരിയാ കമ്മിറ്റി ഓഫീസ് കെട്ടിടനിർമാണ ചെലവ് സംബന്ധിച്ച് തരംതിരിച്ചുള്ള കണക്കുകൾ ഹാജരാക്കാൻ ഓഡിറ്റർമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, 2021 ഡിസംബർ 16-ന് പാർട്ടി ഏരിയാ കമ്മറ്റിയംഗവും കെട്ടിടനിർമാണത്തിന്റെ ചുമതലക്കാരനുമായിരുന്ന ടി.വിശ്വനാഥൻ രേഖാമൂലം നൽകിയ മറുപടിയിൽ കെട്ടിടനിർമാണ ചെലവുസംബന്ധിച്ച രേഖകൾ തിരിച്ചുകിട്ടാത്തവിധം നഷ്ടപ്പെട്ടു എന്നാണറിയിച്ചത്.

അതിനാൽ, കണക്കുകൾ ലഭ്യമല്ലാത്തിടത്തോളം വരവ്-ചെലവ് കണക്കുകളിൽ വ്യക്തതയുണ്ടാക്കാൻ കഴിയില്ലെന്നും അതുകൊണ്ടുതന്നെ കെട്ടിടനിർമാണം ചെലവ് സംബന്ധിച്ച പരിശോധനകൾ നടത്താൻ കഴിഞ്ഞിട്ടില്ലെന്നുമാണ് ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട വരവ്-ചെലവ് കണക്കുകൾ അന്തിമമായി അംഗീകരിക്കുന്നതുവരെ ബന്ധപ്പെട്ട എല്ലാ രേഖകളും സൂക്ഷിച്ചുവെക്കുന്നതിൽ പോരായ്മകൾ സംഭവിച്ചിട്ടുണ്ടെന്നും ഓഡിറ്റ് റിപ്പോർട്ടിൽ കുറിച്ചിട്ടുണ്ടെന്ന് പത്രസമ്മേളനത്തിൽ കുഞ്ഞികൃഷ്ണൻ പറഞ്ഞു.

വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കുന്നു

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പയ്യന്നൂരിൽ എൽ.ഡി.എഫ്. വ്യാപകമായി പെരുമാറ്റച്ചട്ടലംഘനം നടത്തുന്നതായും വി.കുഞ്ഞികൃഷ്ണൻ ആരോപിച്ചു. പരാജയഭീതിമൂലം ഏതുവിധേനയും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് എൽ.ഡി.എഫ്. ശ്രമിക്കുന്നത്.

ഇതിന്റെ ഭാഗമായി വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കുന്നതായും നാട്ടിലില്ലാത്തവരുടെ പേരിൽ വോട്ട് രേഖപ്പെടുത്താൻ നീക്കം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. രണ്ട് ബി.എൽ.ഒ.മാർ എൽ.ഡി.എഫ്. സ്ഥാനാർഥിക്കായി പരസ്യമായി പ്രചാരണം നടത്തുന്ന ചിത്രം സഹിതം പരാതി നൽകിയിട്ടുണ്ടെന്നും കുഞ്ഞികൃഷ്ണൻ അറിയിച്ചു.