തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഎമ്മിന് നേതൃദാരിദ്ര്യമെന്ന് എം.വി. ഗോവിന്ദൻ. പത്ത് സിറ്റിങ് എംഎൽഎമാരേയും മത്സരിപ്പിക്കേണ്ടി വന്നത് അതുകൊണ്ടാണ്. പകരംവെക്കാൻ മികവുള്ളവരില്ല എന്ന് ജില്ലാ കമ്മിറ്റി യോഗത്തിൽ വെച്ച് എം.വി. ഗോവിന്ദൻ പറഞ്ഞു.

To advertise here,

ജില്ലാ കമ്മറ്റിയിൽവെച്ച് കരമന ഹരി നേതൃത്വത്തിനെതിരേ ആഞ്ഞടിച്ചപ്പോഴായിരുന്നു എം.വി. ഗോവിന്ദൻ നേതൃ ദാരിദ്ര്യത്തെക്കുറിച്ച് പറഞ്ഞത്. ലോക്സഭയിലേക്ക് മത്സരിക്കാനും നിയമസഭയിലേക്ക് മത്സരിക്കാനും വി. ജോയി പോകുമ്പോൾ താത്കാലിക ജില്ലാ സെക്രട്ടറിമാരെ വെക്കുന്നത് എന്തിന് എന്ന് കരമന ഹരി ചോദിച്ചു. സ്ഥിരം സെക്രട്ടറിയായി എ.എ. റഹീമിനെ നിയമിക്കണമെന്ന ആവശ്യവും ജില്ലാ കമ്മിറ്റിയിൽ ഉയർന്നു.

സിപിഎം സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിന് മുന്നോടിയായി ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ എ.എ. റഹീമിന് താത്കാലിക സെക്രട്ടറിയുടെ ചുമതല നൽകിയിരുന്നു. ഇത് അംഗീകരിക്കുന്നതിന് വേണ്ടി ഇന്ന് ജില്ലാ കമ്മിറ്റി യോഗം ചേർന്നു. ഈ യോഗത്തിൽ വെച്ചാണ് രൂക്ഷവിമർശനം ഉയർന്നത്.

രണ്ട് ടേം കഴിഞ്ഞ് വി. ജോയി മൂന്നാമതും മത്സരിക്കുന്നതിനെ ഒരു വിഭാഗം ചോദ്യം ചെയ്തു. ഇതിന് മറുപടി ആയാണ് എം.വി. ഗോവിന്ദൻ തിരുവന്തപുരം ജില്ലയിലെ നേതൃ ദാരിദ്ര്യത്തെക്കുറിച്ച് പറഞ്ഞത്. ജില്ലയിലെ പത്ത് മണ്ഡലങ്ങളിൽ പുതിയ ആളെ മത്സരിപ്പിച്ചാൽ വിജയ സാധ്യതയെ ബാധിക്കാനിടയുണ്ടെന്ന ധ്വനിയാണ്‌ എം.വി. ഗോവിന്ദൻ നൽകിയത്.