
തിരുവനന്തപുരം: മുന്നണികളിലെ പ്രതിസന്ധികൾ പരിഹരിച്ച് അവസാന സ്ഥാനാർഥി പട്ടിക കൂടി പ്രഖ്യാപിച്ചതോടെ ജില്ലയിൽ തിരഞ്ഞെടുപ്പ് അങ്കത്തിന് വീറും വാശിയും ഏറി. എൽ.ഡി.എഫ്. ഒരു മണ്ഡലത്തിലും ബി.ജെ.പി. അഞ്ച് മണ്ഡലങ്ങളിലുമാണ് ഒടുവിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഇതോടെ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും മൂന്ന് മുന്നണികളുടേയും സ്ഥാനാർഥികൾ രംഗത്തെത്തിക്കഴിഞ്ഞു.
എൽ.ഡി.എഫിനെ പ്രതിസന്ധിയിലാക്കിയത് തിരുവനന്തപുരം സെൻട്രലാണ്. ജനാധിപത്യ കേരള കോൺഗ്രസിന്റെ ആന്റണി രാജു അയോഗ്യനായതോടെയാണ് പൊതു സ്വതന്ത്രനെ കണ്ടെത്താനുള്ള നീക്കങ്ങൾ തുടങ്ങിയത്. എന്നാൽ, പൊതുസമ്മതനായ ഒരാളെ കണ്ടെത്താനാവാതെ വന്നതോടെ പ്രഖ്യാപനം നീണ്ടുപോയി. തുടർന്ന് സി.പി.എം. മുൻകൈയെടുത്താണ് അധ്യാപകനായിരുന്ന ചലച്ചിത്ര നടൻ സുധീർ കരമനയെ രംഗത്തിറക്കിയത്. തിരുവനന്തപുരത്ത് ജനിച്ച് ഇവിടെത്തന്നെ വളർന്ന തനിക്ക് ഈ നാടും നാട്ടുകാരും പരിചിതരാണെന്ന് സുധീർ കരമന പറഞ്ഞു.
ബി.ജെ.പി. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിക്കാനുണ്ടായിരുന്നത്. തിരുവനന്തപുരം മണ്ഡലത്തിൽ സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനാണ് സ്ഥാനാർഥി. അവസാന നിമിഷം വരെ നടൻ ജി.കൃഷ്ണകുമാറിന്റെ പേരും പരിഗണനയിലുണ്ടായിരുന്നു. അരുവിക്കര-വിവേക് ഗോപൻ, ചിറയിൻകീഴ്-ബി.എസ്.അനൂപ്, നെയ്യാറ്റിൻകര-എസ്.രാജശേഖരൻനായർ, കോവളം-ടി.എൻ.സുരേഷ് എന്നിവരാണ് ബി.ജെ.പി. സ്ഥാനാർഥികൾ.
ബി.എസ്.അനൂപ് കഴിഞ്ഞ തവണ കോൺഗ്രസ് ടിക്കറ്റിൽ ചിറയിൻകീഴിൽനിന്ന് മത്സരിച്ചിരുന്നു. ഇത്തവണയും അനൂപിനെ കോൺഗ്രസ് പരിഗണിച്ചിരുന്നു. എന്നാൽ, അവസാനം രമ്യാ ഹരിദാസ് സ്ഥാനാർഥിയായതോടെയാണ് അനൂപ് കഴിഞ്ഞ ദിവസം ബി.ജെ.പി.യിൽ ചേർന്നത്. ടി.എൻ.സുരേഷും ഐ.എസ്.ജെ.ഡി.യിൽ നിന്ന് എൽ.ഡി.എഫിന്റെ കോവളം സ്ഥാനാർഥിത്വം പ്രതീക്ഷിച്ചിരുന്നു. ഇത് ലഭിക്കാതെ വന്നതോടെ ബി.ജെ.പി.യിൽ എത്തുകയായിരുന്നു. മുമ്പ് ബി.ഡി.ജെ.എസ്. സ്ഥാനാർഥിയായി കോവളത്ത് സുരേഷ് മത്സരിച്ചിരുന്നു.
ചെങ്കൽ രാജശേഖരൻ നായർ കഴിഞ്ഞതവണയും നെയ്യാറ്റിൻകരയിൽ ബി.ജെ.പി. സ്ഥാനാർഥിയായിരുന്നു. സ്ഥാനാർഥികളെല്ലാം രംഗത്തെത്തിയതോടെ മുന്നണികൾ പ്രചാരണ പരിപാടികൾ ശക്തമാക്കി. ആദ്യം രംഗത്തിറങ്ങിയ സ്ഥാനാർഥികൾ പര്യടനവും റോഡ് ഷോകളും പിന്നിട്ട് ഭവന സന്ദർശനത്തിലേക്കും കുടുംബ യോഗങ്ങളിലേക്കും നീങ്ങിക്കഴിഞ്ഞു. ആദ്യ ഘട്ട പോസ്റ്ററുകളും ബാനറുകളും മണ്ഡലത്തിലുടനീളം പതിച്ചു കഴിയുകയും ചെയ്തു. ഇവർക്കൊപ്പമെത്താനുള്ള ശ്രമത്തിലാണ് അവസാനഘട്ടത്തിൽ കളത്തിലിറങ്ങിയവർ.
പത്രിക നൽകാൻ തിരക്ക്
തിരുവനന്തപുരം: നാമനിർദേശപത്രിക സമർപ്പണത്തിന് ഇനി ഒരു പ്രവൃത്തിദിനം മാത്രം ശേഷിക്കേ മൂന്നു മുന്നണി സ്ഥാനാർഥികളും പത്രിക സമർപ്പിക്കാനുള്ള തിരക്കിലാണ്. റോഡ് ഷോയും പ്രകടനവുമായിട്ടാണ് മിക്ക സ്ഥാനാർഥികളും പത്രിക നൽകാനെത്തിയത്. ചെണ്ടമേളവും അകമ്പടിവാദ്യങ്ങളും പ്രവർത്തകർക്ക് ആവേശമേകി. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള പ്രമുഖർ ശനിയാഴ്ച പത്രിക സമർപ്പിച്ചു.
കാട്ടാക്കടയിലെ എൻ.ഡി.എ. സ്ഥാനാർഥി പി.കെ. കൃഷ്ണദാസ് രാവിലെ 11-ന് വെള്ളയമ്പലത്തുള്ള ജില്ലാ വ്യവസായകേന്ദ്രം മേധാവിക്ക് മുന്നിലാണ് പത്രിക സമർപ്പിച്ചത്. കഴക്കൂട്ടത്തെ ബി.ജെ.പി. സ്ഥാനാർഥി വി. മുരളീധരൻ ജില്ലാ കളക്ടറേറ്റിലും വട്ടിയൂർക്കാവിലെ ബി.ജെ.പി. സ്ഥാനാർഥി ആർ.ശ്രീലേഖ പബ്ലിക് ഓഫീസിലും പത്രിക നൽകി.
പാറശ്ശാല നിയോജകമണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർഥി സി.കെ.ഹരീന്ദ്രൻ ഉപവരണാധികാരിയായ നെയ്യാറ്റിൻകര ലാൻഡ് റവന്യൂ തഹസിൽദാർ ലിജു ജോർജിന് നാമനിർദേശ പത്രിക കൈമാറി. യു.ഡി.എഫ്. സ്ഥാനാർഥി നെയ്യാറ്റിൻകര സനലും എൻ.ഡി.എ. സ്ഥാനാർഥി ഗിരീഷ് നെയ്യാറും തിങ്കളാഴ്ച പത്രിക സമർപ്പിക്കും.
ചിറയിൻകീഴിലെ യു.ഡി.എഫ്. സ്ഥാനാർഥി രമ്യാ ഹരിദാസ് ഉപവരണാധികാരി ചിറയിൻകീഴ് താലൂക്ക് തഹസിൽദാർ ആർ.അനീഷിനും എൽ.ഡി.എഫ്. സ്ഥാനാർഥി മനോജ് ഇടമന ഡെപ്യൂട്ടി കളക്ടർ ബി.പി. അനിക്കും പത്രിക സമർപ്പിച്ചു.
വർക്കലയിലെ ഇടതു സ്ഥാനാർഥി വി.ജോയ് വർക്കല തഹസിൽദാർ ജി.വിനോദ് കുമാറിനാണ് പത്രിക സമർപ്പിച്ചത്. ആറ്റിങ്ങലിലെ ഇടതു സ്ഥാനാർഥി ഒ.എസ്.അംബികയും നാമനിർദേശ പത്രിക നൽകി. തദ്ദേശ ജോയിന്റ് ഡയറക്ടർ ജി.സുധാകരന്റെ മുന്നിലാണ് പത്രിക സമർപ്പിച്ചത്. യു.ഡി.എഫ്. സ്ഥാനാർഥി സന്തോഷ് ഭദ്രനും എൻ.ഡി.എ. സ്ഥാനാർഥി പി.സുധീറും തിങ്കളാഴ്ച നാമനിർദേശപത്രിക നൽകും.
സ്ഥാനാർഥികൾ കളത്തിൽ; പ്രചാരണച്ചൂടേറി...
തിരുവനന്തപുരം: നാമനിർദേശപത്രിക സമർപ്പണ ദിവസവും പ്രചാരണത്തിന് ഒട്ടും കുറവുവരുത്താതെ സ്ഥാനാർഥികൾ. പത്രിക സമർപ്പണത്തിന് രണ്ടു ദിവസംമാത്രം ശേഷിക്കുന്നതിനാൽ മിക്ക സ്ഥാനാർഥികളും ശനിയാഴ്ച പത്രിക സമർപ്പിച്ചു.
എന്നാൽ, പ്രചാരണത്തിന് 18 ദിവസങ്ങൾ മാത്രം അവശേഷിക്കുന്നതിനാൽ പര്യടനം അടക്കമുള്ള പരിപാടികൾക്കൊന്നും മാറ്റവും വരുത്തിയില്ല. പത്രിക സമർപ്പണത്തിനു മുൻപും പിൻപും വോട്ടർമാരെ കാണുന്നതിനുള്ള തിരക്കിലായിരുന്നു സ്ഥാനാർഥികൾ.
നേമം
നേമം മണ്ഡലത്തിലെ സ്ഥാനാർഥികളായ വി. ശിവൻകുട്ടിയും രാജീവ് ചന്ദ്രശേഖറും ശനിയാഴ്ച നാമനിർദേശപത്രിക സമർപ്പിച്ചിരുന്നു. രാവിലെ തിരുവല്ലം, പാച്ചല്ലൂർ, മേഖലകളിലെ പ്രചാരണവും കഴിഞ്ഞാണ് ശിവൻകുട്ടി പത്രിക സമർപ്പണത്തിന് എത്തിയത്. ഉച്ചയ്ക്കുശേഷം അമ്പലത്തറ മേഖലയിലും പ്രചാരണം തുടർന്നു.
ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ചശേഷമാണ് രാജീവ് ചന്ദ്രശേഖർ പ്രചാരണം ആരംഭിച്ചത്. തമിഴ് വിശ്വകർമ സഭ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി. വൈകീട്ട് കരമനയിലായിരുന്നു വോട്ടർമാരെ കണ്ടത്.
കെ.എസ്. ശബരീനാഥൻ കാലടി മേഖലയിൽ ഭവനസന്ദർശനം നടത്തിയാണ് തുടങ്ങിയത്. തുടർന്ന് വെള്ളായണി ക്ഷേത്രസന്ദർശനത്തിനുശേഷം കമലേശ്വരത്തായിരുന്നു വോട്ടഭ്യർഥന.
വട്ടിയൂർക്കാവ്
വട്ടിയൂർക്കാവിൽ മുന്നണി സ്ഥാനാർഥികളായ വി.കെ. പ്രശാന്തും കെ. മുരളീധരനും ആർ. ശ്രീലേഖയും നാമനിർദേശപത്രിക സമർപ്പിച്ചു. കണ്ണമ്മൂല ചട്ടമ്പിസ്വാമി ക്ഷേത്രം, ചെമ്പഴന്തി ഗുരുകുലം, പൊട്ടക്കുഴി എ.കെ.ജി. പ്രതിമ, ഇ.എം.എസ്. പ്രതിമ, അയ്യങ്കാളി പ്രതിമ, വിവേകാനന്ദ പ്രതിമ എന്നിവിടങ്ങളിൽ പുഷ്പാർച്ചന നടത്തിയശേഷമാണ് വി.കെ. പ്രശാന്ത് പത്രിക സമർപ്പിച്ചത്. കേശവദാസപുരത്തും വലിയവിളയിലുമായിരുന്നു ഭവനസന്ദർശനം.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, ശ്രീകണ്‌ഠേശ്വരം, ആറ്റുകാൽ, പഴവങ്ങാടി ക്ഷേത്രങ്ങളിൽ ദർശനത്തിനുശേഷമാണ് കെ. മുരളീധരൻ പത്രിക സമർപ്പിക്കാൻ എത്തിയത്. തുടർന്ന് ശാസ്തമംഗലത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. പാർട്ടിയോഗങ്ങളിൽ പങ്കെടുത്തശേഷം എ.കെ.ജി. നഗറിൽ ഭവനസന്ദർശനവും നടത്തി.
രാവിലെ പേരൂർക്കടയിൽനിന്ന് മ്യൂസിയം ജങ്ഷൻവരെ റോഡ് ഷോയും തുടർന്ന് പ്രകടനവുമായാണ് ആർ. ശ്രീലേഖ പത്രിക സമർപ്പണത്തിന് എത്തിയത്. തുടർന്ന് വട്ടിയൂർക്കാവ് മുളമൂട് ലെയ്‌ൻ, തപസ്യ ലെയ്‌ൻ, നേതാജി റോഡ്, ഈശ്വരി അമ്മൻകോവിൽ ലെയ്‌ൻ എന്നിവിടങ്ങളിലെ കുടുംബയോഗങ്ങളിലും പങ്കെടുത്തു.
കഴക്കൂട്ടം
കഴക്കൂട്ടത്തെ എൽ.ഡി.എഫ്. സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രൻ നേതാക്കളുടെ സ്മൃതിമണ്ഡപങ്ങളിലും ചെമ്പഴന്തി ഗുരുകുലം, കണ്ണമ്മൂല ചട്ടമ്പിസ്വാമി സ്മൃതിമണ്ഡപം, അയ്യങ്കാളി സ്മൃതിമണ്ഡപം തുടങ്ങിയ സ്ഥലങ്ങളിലും പുഷ്പാർച്ചന നടത്തിയശേഷമാണ് പത്രിക സമർപ്പണത്തിന് എത്തിയത്.
പഴവങ്ങാടി ഗണപതി, തൈക്കാട് ധർമശാസ്താക്ഷേത്രം, കണ്ണമ്മൂലയിലെ ചട്ടമ്പിസ്വാമി ക്ഷേത്രങ്ങളിലും ചെമ്പഴന്തി ഗുരുകുലവും സന്ദർശിച്ച് മണ്ണന്തല അയ്യങ്കാളിയുടെ പ്രതിമയിൽ പുഷ്പഹാരം ചാർത്തിയശേഷമാണ് ബി.ജെ.പി. സ്ഥാനാർഥി വി. മുരളീധരൻ നാമനിർദേശപത്രിക സമർപ്പിക്കാൻ എത്തിയത്.
കഴക്കൂട്ടം മേഖലയിലാണ് യു.ഡി.എഫ്. സ്ഥാനാർഥി ശരത്ചന്ദ്രപ്രസാദ് പ്രചാരണം നടത്തിയത്. നേതാക്കളോടൊപ്പമെത്തി നാമനിർദേശപത്രിക സമർപ്പിക്കുകയും ചെയ്തു.
തിരുവനന്തപുരം
ശനിയാഴ്ച പ്രചാരണരംഗത്തെത്തിയ സി.പി.എം., ബി.ജെ.പി. സ്ഥാനാർഥികൾ മണ്ഡലത്തിന്റെ പരമാവധി ഭാഗത്ത് എത്തുന്ന തരത്തിലുള്ള റോഡ് ഷോയോടെയാണ് തുടക്കംകുറിച്ചത്. എൽ.ഡി.എഫ്. സ്ഥാനാർഥി സുധീർ കരമനയുടെ റോഡ് ഷോ ചാക്കയിൽനിന്നാണ് ആരംഭിച്ചത്. പേട്ട, പാളയം വഴി നഗരത്തിന്റെ പ്രധാന ഭാഗങ്ങൾ ചുറ്റി രാത്രിയോടെ പൂന്തുറയിൽ സമാപിച്ചു.
ബി.ജെ.പി. സ്ഥാനാർഥി കരമന ജയന്റെ റോഡ് ഷോ പാളയം ഗണപതിക്ഷേത്രത്തിനു മുൻപിൽനിന്നാണ് ആരംഭിച്ചത്. ജഗതി, വലിയതുറ പ്രദേശങ്ങൾ ചുറ്റി പഴവങ്ങാടിയിൽ സമാപിച്ചു.
യു.ഡി.എഫ്. സ്ഥാനാർഥി സി.പി. ജോൺ ശനിയാഴ്ച നാമനിർദേശപത്രിക സമർപ്പിച്ചു. തുടർന്ന് ജഗതി ഭാഗത്ത് തിരഞ്ഞെടുപ്പ് പ്രചാരണവും നടത്തി.
കാട്ടാക്കടയിൽ പ്രചാരണം ഹൈ വോൾട്ടേജിൽ
കാട്ടാക്കട: ഉയരുന്ന വേനൽച്ചൂടിനൊപ്പം കാട്ടാക്കട നിയമസഭാമണ്ഡലത്തിൽ മൂന്നുമുന്നണികളുടെയും പ്രചാരണച്ചൂടും ഹൈ വോൾട്ടേജിലെത്തി. ശനിയാഴ്ച സ്ത്രീവോട്ടർമാരെ കാണാനാണ് എൽ.ഡി.എഫ്. സ്ഥാനാർഥി ഐ.ബി.സതീഷ് കൂടുതൽസമയവും വിനിയോഗിച്ചത്.
കരിങ്ങൽ തൊട്ടിക്കര ദേവീക്ഷേത്രത്തിലും കുണ്ടമൺകടവ് ഭദ്രകാളി ദേവീക്ഷേത്രത്തിലും സ്ഥാനാർഥിയെത്തിയപ്പോൾ പൊങ്കാലത്തിരക്കായിരുന്നു. കാട്ടാക്കട പൊട്ടൻകാവ് ഭദ്രകാളി ദേവീക്ഷേത്രത്തിലും ഉത്സവമാണ്.
എല്ലായിടത്തും അമ്മമാരോടു മണ്ഡലത്തിലുടനീളം നടത്തിയ വികസനപ്രവർത്തനങ്ങൾ ഓർമ്മിപ്പിച്ചും കുശലം പറഞ്ഞും കളംകാവലിന് പൂക്കൾ ഒരുക്കുന്ന പെൺകുട്ടികൾക്കൊപ്പം സെൽഫിയെടുത്തും സതീഷ് വോട്ടുകൾ ഉറപ്പിക്കുന്ന തിരക്കിലായിരുന്നു. വൈകീട്ട് കാട്ടാക്കടയിൽ ചേർന്ന സൗഹൃദക്കൂട്ടായ്മയിലും പങ്കെടുത്തു.
രാവിലെമുതൽ മാറനല്ലൂർ പഞ്ചായത്തിലെ ഊരൂട്ടമ്പലം, എരുത്താവൂർ, കീളിയോട്, മൂലക്കോണം പ്രദേശങ്ങളിൽ വോട്ടർമാരെ കാണുന്ന തിരക്കിലായിരുന്നു യു.ഡി.എഫ്. സ്ഥാനാർഥി എം.ആർ.ബൈജു. തൊഴിലുറപ്പു തൊഴിലാളികൾ, വ്യാപാരികൾ, തൊഴിലാളികൾ എന്നിവരോട് ഭരണമാറ്റം ഉണ്ടാവേണ്ടതിന്റെയും അതിനായി മണ്ഡലത്തിൽ യു.ഡി.എഫ്. വിജയിക്കേണ്ടതിന്റെയും പ്രാധാന്യം വിശദീകരിച്ചായിരുന്നു പ്രചാരണം.
ഉച്ചയോടെ വിളപ്പിൽ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലും സന്ദർശനം നടത്തി. എൻ.ഡി.എ. സ്ഥാനാർഥി പി.കെ.കൃഷ്ണദാസ് ശനിയാഴ്ച രാവിലെമുതൽ നാമനിർദേശപത്രികാ സമർപ്പണത്തിന്റെ തിരക്കിലായിരുന്നു. പുലർച്ചെ ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിലും തുടർന്ന് വിവിധ ക്ഷേത്രങ്ങളിലും ദർശനം നടത്തി.
പിന്നീട് വെങ്ങാനൂരിലെ അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചനയ്ക്കുശേഷം ബി.ജെ.പി. നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം പ്രകടനമായി എത്തി രാവിലെ 11-ഓടെ വെള്ളയമ്പലം വ്യവസായവകുപ്പ് ഓഫീസിൽ വരണാധികാരിക്കു മുന്നിൽ നാമനിർദേശപത്രിക നൽകി. ഉച്ചയ്ക്കുശേഷം വിളവൂർക്കൽ, പൊറ്റയിൽ ജങ്ഷൻ എന്നിവിടങ്ങളിൽ വോട്ടർമാരെ കണ്ടു.
Content Highlights: Intensified election campaign across all Thiruvananthapuram constituencies. Finalization of candidate lists by LDF, UDF, and BJP. Busy nomination filing process with roadshows and public demonstrations. Candidates focusing on door-to-door visits, family meetings, and local outreach. High-voltage campaign activities despite the summer heat
Published: 22 Mar 2026, 08:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented