തിരുവനന്തപുരം: അതിശക്തമായ ത്രികോണമത്സരം നടന്ന തലസ്ഥാന ജില്ലയിൽ വോട്ടിങ് ശതമാനം മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കുതിച്ചുയർന്നു. 77.04 ശതമാനമാണ് ജില്ലയിലെ മൊത്തം വോട്ടിങ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ ഏഴു ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 70.02 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

To advertise here,

നാലുമാസം മുൻപു നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ 67.42 ശതമാനമായിരുന്നു ജില്ലയിലെ വോട്ടിങ്. പത്ത് ശതമാനത്തിലേറെയാണ് ഇത്തവണ കൂടിയത്. 2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 67.91 ശതമാനവുമായിരുന്നു.

എസ്.ഐ.ആർ. വോട്ടർപട്ടിക പരിഷ്‌കരണം വന്നതിനുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായതിനാൽ വോട്ടർമാരുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. അതേസമയം ശക്തമായ ത്രികോണമത്സരം നടന്ന മണ്ഡലങ്ങളിലാണ് വോട്ടിങ് ശതമാനം കൂടിയതെന്നും ശ്രദ്ധേയമാണ്. മത്സരത്തിന്റെ ചൂടും ചൂരും വോട്ടെടുപ്പിലും കാണാമായിരുന്നു. നഗരത്തിനുള്ളിലെ കഴക്കൂട്ടം, നേമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് പോളിങ് കൂടിയത്. ബി.ജെ.പി. വിജയപ്രതീക്ഷ വെക്കുന്ന മണ്ഡലങ്ങളിലാണ് വോട്ടിങ് ശതമാനം കൂടിയതെന്നും ശ്രദ്ധേയമാണ്.

വോട്ടിങ് ശതമാനം കുത്തനെ കൂടിയത് ഫലത്തെ എങ്ങനെ ബാധിക്കുമെന്ന കണക്കുകൂട്ടലുകൾ മുന്നണികൾ തുടങ്ങിക്കഴിഞ്ഞു. ജില്ലയിൽ ഒന്നാംസ്ഥാനം 80.72 ശതമാനം വോട്ട് രേഖപ്പെടുത്തിയ കാട്ടാക്കടയും രണ്ടാംസ്ഥാനം 80.62 ശതമാനമുള്ള നേമവുമാണ്. ഏറ്റവും കുറവ് ആറ്റിങ്ങൽ-73.99, വർക്കല-73.96, ചിറയിൻകീഴ്-74.13 എന്നീ മണ്ഡലങ്ങളിലാണ്. അരുവിക്കര-79.02, കഴക്കൂട്ടം-78.76 എന്നിവിടങ്ങളിലാണ് അടുത്ത കൂടുതൽ വോട്ടിങ് ശതമാനമുള്ളത്.

രാവിലെ കനത്ത പോളിങ്; ഉച്ചയ്ക്കുശേഷം കുറഞ്ഞു

രാവിലെതന്നെ വോട്ടർമാർ ബൂത്തുകളിലെത്തിയിരുന്നു. തുടക്കംമുതൽതന്നെ പല ബൂത്തുകൾക്കു മുന്നിലും നീണ്ടനിരയുമുണ്ടായിരുന്നു. പത്തോടെ തിരക്കൊന്ന് കുറഞ്ഞെങ്കിലും പോളിങ് ക്രമാനുഗതമായി വർധിച്ചുകൊണ്ടേയിരുന്നു. ഏഴിനു തുടങ്ങിയ വോട്ടെടുപ്പ് രണ്ടു മണിക്കൂർ പിന്നിട്ടപ്പോൾ 15 ശതമാനംപേർ സമ്മതിദാനാവകാശം രേഖപ്പെടുത്തി. ശക്തമായ ത്രികോണമത്സരം നടന്ന വട്ടിയൂർക്കാവ്, കഴക്കൂട്ടം, നേമം, കാട്ടാക്കട മണ്ഡലങ്ങളിലായിരുന്നു തുടക്കംമുതൽ കൂടുതൽപേർ വോട്ട് രേഖപ്പെടുത്താനെത്തിയത്. രാവിലെമുതൽതന്നെ വോട്ടർമാരെ പരമാവധി ബൂത്തുകളിലെത്തിക്കാനുള്ള ശ്രമം മുന്നണികൾ നടത്തിയിരുന്നു. കനത്ത ചൂടും ഇതിനൊരു കാരണമായി.

ജില്ലയിലെ വടക്കൻ മേഖലയിലെ വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ് മണ്ഡലങ്ങളിൽ തുടക്കംമുതലേ മറ്റു മണ്ഡലങ്ങളെ അപേക്ഷിച്ച് വോട്ടെടുപ്പ് മന്ദഗതിയിലായിരുന്നു. ഉച്ചയ്ക്ക് 11ഓടെ വോട്ടിങ് ശതമാനം 30-ന് അടുത്തെത്തി. വാമനപുരത്തായിരുന്നു കൂടുതൽ വോട്ടർമാരെത്തിയത്. 40 ശതമാനത്തോളംപേർ ഈസമയം വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞിരുന്നു. അരമണിക്കൂർകൂടി കഴിഞ്ഞതോടെ ജില്ലയിൽ 33.37 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി.

ഉച്ചയ്ക്ക് ഒന്നരയോടെ പകുതിയോളംപേർ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞിരുന്നു. തുടർന്ന് വോട്ടെടുപ്പ് മന്ദഗതിയിലായി. 3.30ഓടെ വോട്ടിങ് ശതമാനം 61.38 ശതമാനമായി. രണ്ടു മണിക്കൂർ പിന്നിട്ട് 5.30 ആയതോടെ 74 ശതമാനംപേർ വോട്ട് ചെയ്തു. ഈസമയത്ത് കാട്ടാക്കട മണ്ഡലത്തിലെ വോട്ടിങ്ങിലാണ് പെട്ടെന്ന് വർധനവുണ്ടായത്. 77 ശതമാനമായി കാട്ടാക്കടയിലെ വോട്ടിങ് ശതമാനം ഉയർന്നു. വൈകീട്ട് ആറോടെയാണ് കാട്ടാക്കടയിലും നേമത്തും വോട്ടിങ് ശതമാനം 80 കടന്നത്. നെയ്യാറ്റിൻകര, പാറശ്ശാല, എന്നിവിടങ്ങളിലും വോട്ടിങ് ശതമാനം 77 ശതമാനമായി.

മുൻവർഷങ്ങളിലേതുപോലെ വോട്ടിങ് അവസാനിക്കാറായപ്പോൾ നീണ്ടനിരകൾ ഭൂരിഭാഗം ബൂത്തുകളിലും ഉണ്ടായിരുന്നില്ല. അതേസമയം വോട്ടിങ് അവസാനിക്കാറായപ്പോൾ മലയോരമേഖലയിൽ പെയ്ത കനത്ത മഴ വോട്ടർമാരെയും ഉദ്യോഗസ്ഥരെയും വലച്ചു. ചിലയിടങ്ങളിൽ മെഴുകുതിരിവെട്ടത്തിലാണ് വോട്ടെടുപ്പ് നടന്നത്.