ഉപ്പുതറ(ഇടുക്കി): മദ്യപിച്ചശേഷം റോഡില്‍ തമ്മില്‍ത്തല്ലിയ നേതാക്കള്‍ക്കെതിരേ സി.പി.എമ്മില്‍ അച്ചടക്ക നടപടി. ഏലപ്പാറ ഏരിയാ കമ്മിറ്റിയംഗം കെ. സുരേന്ദ്രന്‍, ഉപ്പുതറ ലോക്കല്‍ സെക്രട്ടറി മനു ആന്റണി, ചീന്തലാര്‍ ലോക്കല്‍ സെക്രട്ടറി ആര്‍. ബോസ്, മുന്‍ സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ. സുരേഷ് ബാബു എന്നിവര്‍ക്കെതിരേയാണ് നടപടി.

To advertise here,

കെ. സുരേന്ദ്രന്‍, മനു ആന്റണി എന്നിവരെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ആര്‍. ബോസിനും കെ. സുരേഷ് ബാബുവിനും പരസ്യശാസന നല്‍കി. അടിപിടിയില്‍ സുരേഷ് ബാബു ഉണ്ടായിരുന്നില്ല. സത്കാരത്തില്‍ നേതാക്കള്‍ മദ്യം വിളമ്പിയതിനാണ് പരസ്യശാസന നല്‍കിയത്.

ജനുവരി 22-നാണ് സംഭവം. സുരേഷ് ബാബുവിന്റെ വിവാഹ വാര്‍ഷികത്തിന് ഒത്തുകൂടിയ നേതാക്കള്‍ക്ക് സത്കാരത്തിന്റെ ഭാഗമായി മദ്യം വിളമ്പി. ഒരുമിച്ചിരുന്ന് മദ്യപിച്ചശേഷം റോഡിലെത്തിയ മറ്റ് മൂന്നുപേര്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയും അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്നവരും തല്ലാനെത്തിയതോടെ കൂട്ടയടിയായി.

സംഘര്‍ഷത്തില്‍ ആര്‍. ബോസിന് സാരമായി പരിക്കേറ്റു. ഇതുസംബന്ധിച്ച് ബോസ് ജില്ല, ഏരിയാ സെക്രട്ടറിമാര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് പാര്‍ട്ടി കമ്മിഷനെ നിയോഗിച്ച് അന്വേഷണം നടത്തുകയും വിശദീകരണം തേടുകയും ചെയ്തിരുന്നു. ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ കൂടിയ ഏലപ്പാറ ഏരിയാ കമ്മിറ്റിയാണ് നടപടി സ്വീകരിച്ചത്. ംതരംതാഴ്ത്തപെട്ടവര്‍ക്ക് ഏത് ബ്രാഞ്ചില്‍ പ്രവര്‍ത്തിക്കണമെന്ന് സ്വയം തീരുമാനിക്കാം. ഉപ്പുതറ ലോക്കല്‍ സെക്രട്ടറി സ്ഥാനം ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗം കെ. കലേഷ് കുമാറിന് നല്‍കി.