മലപ്പുറം: മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂടാണെന്ന വിവാദ പരാമർശത്തിൽ വിശദീകരണവുമായി സി.പി.എം. നേതാവും മുൻ എം.എൽ.എ.യുമായ പി. നന്ദകുമാർ. തന്റെ പരാമർശത്തിൽ തെറ്റില്ലെന്ന് പറഞ്ഞ നന്ദകുമാർ താൻ ഉദ്ദേശിച്ചത് ജില്ലയെ വർഗീയവാദികളുടെ കൂടാക്കാൻ അനുവദിക്കില്ലെന്ന ആശയമാണെന്നും അറിയിച്ചു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിലെ പരാമർശം തെറ്റായിരുന്നോയെന്ന് ആവർത്തിച്ച് ചോദിച്ചെങ്കിലും നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്ന് നന്ദകുമാർ പറഞ്ഞു.
'മലപ്പുറം ജില്ല എന്ന് പറയുമ്പോൾ ഞങ്ങൾ കുറച്ചുപേരുടെ തറവാട്ട് സ്വത്താണെന്ന് ആരും ധരിക്കേണ്ട' എന്നും നന്ദകുമാർ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗേവിന്ദൻ തന്റെ വാദത്തെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും തങ്ങളെല്ലാം പറയുന്നത് ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'പാർട്ടി സെക്രട്ടറി എന്നെ തള്ളിപ്പറഞ്ഞിട്ടില്ല. അങ്ങനെ വ്യാഖ്യാനിക്കേണ്ട. സംസ്ഥാന സെക്രട്ടറി പറഞ്ഞതും ഞാനിവിടെ പറഞ്ഞതും ഇന്ന് പിണറായി വിജയൻ ഇവിടെ പറയാൻ പോകുന്നതും ഒന്നുതന്നെയാണ്. മലപ്പുറം ജില്ലയുടെ പാരമ്പര്യം നല്ലവണ്ണം അറിയുന്ന ആളാണ് ഞാൻ. മതനിരപേക്ഷ കേന്ദ്രം തന്നെ ആയിരുന്നു മലപ്പുറം. അതില്ലാതാക്കുന്ന രൂപത്തിലേക്കുള്ള നീക്കം ശക്തമായി നടക്കുന്നുണ്ട്. മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് കമ്യൂണിസ്റ്റ് പാർട്ടി മുന്നോട്ടുപോയിട്ടുള്ളത്' എന്നും നന്ദകുമാർ പറഞ്ഞു.
'ഞാൻ എന്റെ സംസാരത്തിൽ ഒരു മതത്തെക്കുറിച്ചും ഒരു രാഷ്ട്രീയ പാർട്ടിയെയും പരാമർശിച്ചിട്ടില്ല. എന്റെ ഉദ്ദേശം മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഒരു ജില്ലയെ വർഗീയതയുടെ കൂടാക്കി മാറ്റാനുള്ള ശ്രമത്തിനെ ശക്തമായി എതിർക്കുകയാണ്. ആ നീക്കം രണ്ട് ഭാഗങ്ങളിൽനിന്നും നടക്കുന്നുണ്ട്. ഞങ്ങളുടെ പാർട്ടി ഇന്നലെ അംഗീകരിച്ച പ്രമേയത്തിനകത്ത് വീണ്ടും അക്കാര്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്. അത്തരം ഒരു ശ്രമത്തെ എതിർക്കേണ്ടതുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ അനുഭവത്തിലാണ് പാർട്ടി ജില്ലാ കമ്മിറ്റി അത്തരമൊരു പ്രമേയം പാസാക്കിയിട്ടുള്ളത്. മുസ്ലിംലീഗ് എല്ലാ മുസ്ലിം സാമുദായിക സംഘടനകളെയും കൂട്ടുപിടിച്ച് ഞങ്ങളെ ഒറ്റപ്പെടുത്തുന്നതിനുള്ള നീക്കം നടത്തി. വർഗീയത ഉൾക്കൊള്ളുന്ന പ്രചാരണം നടത്തുകയും ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ ഞങ്ങൾ പറഞ്ഞതാണ്. മറുഭാഗത്ത് ഹിന്ദുവർഗീയതയുടെ വക്താക്കളായ ആർഎസ്എസ് കുംഭമേള നടത്തി ബിജെപിക്ക് കടന്നുവരാനുള്ള അവസരം സൃഷ്ടിക്കുകയാണ്. രണ്ട് വർഗീയ ശക്തികളും മലപ്പുറം ജില്ലയെ അപകടകരമായ അവസ്ഥയിലേക്ക് കൊണ്ടുപോകുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഞാൻ എന്റെ പ്രസംഗത്തിലും പാർട്ടിയുടെ പ്രമേയത്തിലും പറഞ്ഞിരിക്കുന്നത്. എന്നാൽ അതിനെ വ്യാഖ്യാനിച്ച് മലപ്പുറം ജില്ലയ്ക്കെതിരായ ആക്രമണമാക്കി മാറ്റി. തനിക്കെതിരെ ലീഗ് പ്രകടനം നടത്തി. എന്നെ കണ്ടാൽ കിണ്ണം കട്ടുവെന്നത് പോലെയാണിത്. താൻ ലീഗെന്ന് എവിടെയും പറഞ്ഞിട്ടില്ല. വർഗീയത എന്ന് പറയുമ്പോൾ ലീഗിന് എന്തിനാണ് ഇത്ര ബേജാർ. അവർക്കൊരു അജണ്ടയുണ്ട്’, അദ്ദേഹം പറഞ്ഞു.
'മലപ്പുറം ജില്ല എന്താണെന്ന് ലീഗുകാർ ഞങ്ങളെ പഠിപ്പിക്കേണ്ട. മലപ്പുറം ജില്ല എന്ന് പറയുമ്പോൾ ഞങ്ങൾ കുറച്ചുപേരുടെ തറവാട്ട് സ്വത്താണെന്ന് ആരും ധരിക്കേണ്ട' എന്നും നന്ദകുമാർ പറഞ്ഞു.
കഴിഞ്ഞദിവസം സി.പി.എം. വിപുലീകൃത ജില്ലാകമ്മിറ്റി യോഗത്തിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളെ വേദിയിലിരുത്തിയായിരുന്നു സ്വാഗതപ്രസംഗത്തിനിടെ നന്ദകുമാറിന്റെ വിവാദത്തിനിടയാക്കിയ പരാമർശമുണ്ടായത്.
Content Highlights: CPM leader P. Nandakumar defends his controversial remarks calling Malappuram a hub of religious fundamentalists., He clarifies that his intention was to prevent the district from becoming a breeding ground for communal forces., Nandakumar states that party secretary M.V. Govindan has not contradicted his stance., He accuses both the Muslim League and RSS of fostering communal polarization in the district.
Published: 04 Oct 2026, 03:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented