പാലക്കാട്: എൽഡിഎഫ് പ്രവർത്തകരോട് മാന്യതവിട്ട് പെരുമാറിയാൽ പോലീസുകാരന്റെ നെഞ്ചത്ത് കയറി താളം ചവിട്ടുമെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിന്റെ പരസ്യഭീഷണി. പാലക്കാട് നോർത്ത് സിഐയെ ലക്ഷ്യംവെച്ചായിരുന്നു ജില്ലാ സെക്രട്ടറിയുടെ പരാമർശം. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ നടന്ന ഇഡി റെയ്ഡിൽ പ്രതിഷേധിച്ച്  പാലക്കാട് എൽഡിഎഫ് നടത്തിയ പരിപാടിയിൽ  സംസാരിക്കുകയായിരുന്നു സുരേഷ് ബാബു.

To advertise here,

ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടും കമ്മ്യൂണിസ്റ്റുകാരോടും പോലീസിന്റെ 'ചൊറിച്ചിൽ' കാണിക്കാൻ നിൽക്കരുതെന്നും മാന്യത വിട്ടാൽ നെഞ്ചത്ത് കയറി താളമേളം ചവിട്ടുമെന്നും സുരേഷ് ബാബു പറഞ്ഞു. നിങ്ങളെക്കാളും ശക്തിയുള്ള ഒരുപാട് പോലീസുകാരെ നേരിട്ടാണ് തങ്ങൾ ഇവിടെ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇഡിയെ ആക്രമിച്ചത് വെറും ഒരു സാമ്പിൾ വെടിക്കെട്ട്  മാത്രമാണെന്നും യഥാർഥ പൂരം ഇനി കാണാൻ കിടക്കുന്നതേയുള്ളൂ എന്നും സുരേഷ് ബാബു പറഞ്ഞു. ഇഡി ആക്രമണത്തിൽ രമേശ് ചെന്നിത്തലയും കോൺഗ്രസും വിലപിക്കുകയാണെന്നും തങ്ങൾക്ക് ഇഡിയെയോ മറ്റാരെയുമോ പേടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനിടെ സൗത്ത് സിഐ ആക്രമിക്കപ്പെട്ടിട്ടും കേസെടുക്കാത്ത പോലീസ് ഇപ്പോൾ എസ്എഫ്ഐ പ്രവർത്തകർ ഒരു ബാരിക്കേഡ് തള്ളിയിടുമ്പോൾ പോലും പിഡിപിപി ആക്ട് പോലുള്ള കടുത്ത വകുപ്പുകൾ ചുമത്തി കേസെടുക്കുന്നത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരം വിവേചനപരമായ നടപടികൾ സിപിഎം അംഗീകരിക്കില്ലെന്നും സുരേഷ് ബാബു മുന്നറിയിപ്പ് നൽകി.