പത്തനംതിട്ട: വീണാ ജോര്‍ജിനെ പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയതില്‍ സംഘടനാപരമായ നിലപാടുകള്‍ പാലിക്കാത്തതിലാണ് താന്‍ എതിര്‍പ്പ് അറിയിച്ചതെന്ന് സി.പി.എം. നേതാവ് എ.പദ്മകുമാര്‍. തന്നെ പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താതിരുന്നതിനെക്കുറിച്ചല്ല താന്‍ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
''ബാലേട്ടന്‍ പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗം എന്നനിലയ്ക്ക് പാര്‍ട്ടിക്കുള്ളില്‍ പറയേണ്ടകാര്യമാണ് പരസ്യമായി പറഞ്ഞത്. അത് ഇന്നലത്തെ വികാരത്തിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞതാണ്. അങ്ങനെ പരസ്യമായി പറഞ്ഞത് ശരിയായില്ല എന്ന് തോന്നിയപ്പോള്‍ എന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയുംചെയ്തു. അതിന്റെ പേരില്‍ പാര്‍ട്ടി എന്തുനടപടി സ്വീകരിച്ചാലും അത് സ്വീകരിക്കാന്‍ തയ്യാറാണെന്ന് ഞാന്‍ പറഞ്ഞല്ലോ.
പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അഞ്ചുലക്ഷം അംഗങ്ങളുണ്ട്, അവരെയെല്ലാം സംസ്ഥാന സമിതിയില്‍ എടുക്കാന്‍ ഒക്കില്ല എന്നത് എനിക്കറിയാം. ഞാന്‍ എന്നെ എടുക്കാതിരുന്നതിനെക്കുറിച്ച് അല്ലല്ലോ പറഞ്ഞത്. പാര്‍ട്ടി സംസ്ഥാന സമിതി പോലെയുള്ള ഉന്നതഘടകങ്ങളിലേക്ക് ആളുകളെ എടുക്കുമ്പോള്‍ അതിന് സംഘടനാപരമായ ചില നിലപാടുകള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ട്. അത് പാലിച്ചുകണ്ടില്ല എന്നതേ പ്രശ്‌നമുള്ളൂ. ആ ഒറ്റ വിഷയത്തിലേ എനിക്ക് തര്‍ക്കമുള്ളൂ. അതല്ലാതെ എല്ലാംകൂടി കൂട്ടിക്കെട്ടി വേറെ എന്തെങ്കിലും കുഴപ്പമുണ്ടെന്ന് വരുത്തിയാല്‍ ഒരുരക്ഷയുമില്ല.
വീണാ ജോര്‍ജിന്റെ കഴിവിനെ കുറച്ചുകാണുന്നയാളല്ല ഞാന്‍. കാരണം, ഒമ്പതുവര്‍ഷക്കാലമായി അവര്‍ എം.എല്‍.എ.യായി പ്രവര്‍ത്തിക്കുന്നു. മാധ്യമപ്രവര്‍ത്തക എന്നനിലയില്‍ കഴിവുതെളിയിച്ചയാളാണ്. മന്ത്രി എന്നനിലയിലും കഴിവുതെളിയിക്കുന്നയാളാണ്. മന്ത്രിയാക്കിയതിനെ ഒന്നും ഞാന്‍ എതിര്‍ത്തിട്ടില്ലല്ലോ. അക്കാര്യത്തിലൊന്നും എനിക്ക് തര്‍ക്കമില്ല.
സംസ്ഥാനത്തെ അഞ്ചുലക്ഷം പാര്‍ട്ടിപ്രവര്‍ത്തകരില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. എന്നെ എടുത്തോ അല്ലയോ എന്നതല്ല പ്രശ്‌നം. മാധ്യമങ്ങള്‍ തെറ്റിദ്ധരിച്ച് പറയുകയാണ്. രാഷ്ട്രീയവും സംഘടനാപരവുമായ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരാളെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഘടകത്തിലേക്ക് നിശ്ചയിക്കേണ്ടത്. വീണാ ജോര്‍ജിന്റെ കാര്യത്തില്‍ അതുണ്ടായില്ല എന്ന പരിഭവം മാത്രമാണ് എനിക്കുള്ളത്. അത് ഞാന്‍ പരസ്യമായി പ്രകടിപ്പിച്ചു എന്നതാണ് എന്റെ ഭാഗത്തെ പിശകായി ഗോവിന്ദന്‍ മാഷ് ചൂണ്ടിക്കാണിച്ചത്'', എ. പദ്മകുമാര്‍ വ്യക്തമാക്കി.
Content Highlights: cpm leader a padmakumar about veena george
Published: 10 Mar 2025, 12:54 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented