കൊല്ലം: സി.പി.എം. സംസ്ഥാന സമ്മേളനം നടക്കുന്ന കൊല്ലം ജില്ലയില്‍ പാര്‍ട്ടിയിലെ വിഭാഗീയത പൊട്ടിത്തെറിയിലേക്ക്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് കൊല്ലത്തെത്തി ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മറ്റിയും വിളിച്ചു ചേര്‍ത്ത് കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടതോടെ നേതാക്കള്‍ക്കെതിരെ ഗുരുതര ലൈംഗിക, അഴിമതി ആരോപണങ്ങളാണ് ഉയരുന്നത്. പക്ഷം തിരിഞ്ഞ് ആരോപണവും മറുപടിയും സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയാണ്. ജില്ലാ സെക്രട്ടറി എസ്. സുദേവനെതിരേ മുന്‍ ജില്ലാ ഓഫീസ് സെക്രട്ടറി നല്കിയ പരാതി വീണ്ടും പ്രയോഗിക്കുന്നുണ്ട്. വീഡിയോകളും ഫോൺ സംഭാഷണങ്ങളുമെല്ലാം ആയുധമാക്കി ഗ്രൂപ്പ് യുദ്ധം തന്നെയാണ് ഇപ്പോള്‍ നടക്കുന്നത്.
സംസ്ഥാന സമ്മേളനം നടക്കേണ്ട ജില്ലയില്‍ ഏരിയ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കാനാവാത്ത സാഹചര്യമുണ്ടായതില്‍ ജില്ലാ നേതൃത്വവും പ്രതിക്കൂട്ടിലാണ്. ഒരുമാസം മുമ്പ്, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നേരിട്ടെത്തി താക്കീത് നല്‍കിയിട്ടും തര്‍ക്കവും കയ്യാങ്കളിയും തുടരുന്നത് സംസ്ഥാന നേതൃത്വത്തിനും നാണക്കേടായി.
ചാരം മൂടി കിടന്ന വിഭാഗീയത പുറത്തേക്ക്
2022 ജനുവരി മൂന്നിന് കൊല്ലം ജില്ലാ സമ്മേളനം കൊട്ടാരക്കര വാളകത്ത് പൂര്‍ത്തിയായപ്പോള്‍ വിഭാഗീയതയുടെ കനല്‍ത്തരി പോലും ശേഷിക്കുന്നില്ല എന്നാണ് നേതാക്കള്‍ പറഞ്ഞത്. പഴയ വി.എസ്. പക്ഷത്തിന്റെ 'തലസ്ഥാന'മായിരുന്നു കൊല്ലം ജില്ലയില്‍ അങ്ങനെ ഒരു വിഭാഗം കഴിഞ്ഞ സമ്മേളനത്തോടെ ഇല്ലാതാവുകയും ചെയ്തു. വിരുദ്ധ അഭിപ്രായങ്ങള്‍ പലതും ഉണ്ടായിരുന്നെങ്കിലും പ്രഖ്യാപിത പക്ഷങ്ങളുടെ മേലങ്കി കഴിഞ്ഞ സമ്മേളനത്തില്‍ ഉണ്ടായിരുന്നില്ല.
പക്ഷേ, പിന്നീട് കരുനാഗപ്പള്ളിയിലും കൊട്ടാരക്കരയിലും നേതാക്കള്‍ പല തട്ടുകളിലായി വിഭാഗീയത തുടര്‍ന്നു.
കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിക്ക് കീഴില്‍ സമാനതകളില്ലാത്ത വിഭാഗീയതയാണ് അരങ്ങേറുന്നത്. 10 ലോക്കല്‍ സമ്മേളനങ്ങളില്‍ ഏഴെണ്ണവും തര്‍ക്കത്തെതുടര്‍ന്ന് നിര്‍ത്തിവെക്കേണ്ടിവന്നു. രണ്ടിടത്ത് കയ്യാങ്കളി ഉണ്ടായി. കുലശേഖരപുരം സൗത്ത് ലോക്കല്‍ സമ്മേളനം രണ്ടാമത് വിളിച്ചിട്ടും തര്‍ക്കം തുടര്‍ന്നതിനാല്‍ നടത്താനായില്ല.സംസ്ഥാന കമ്മിറ്റിയംഗം സൂസന് കോടി ഒരുവശത്തും ജില്ലാ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ. മുന്‍ സംസ്ഥാന പ്രസിഡന്റുമായ പി.ആര്.വസന്തന് മറുഭാഗത്തുമായുള്ള ശക്തമായ കിടമത്സരമാണ് കരുനാഗപ്പള്ളിയില്‍ നടക്കുന്നത്. വസന്തന് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളിയില്‍ സി.പി.ഐ. സ്ഥാനാര്‍ഥി തോറ്റതിന്റെ പേരില്‍ വസന്തനെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വസന്തന് വിരുദ്ധ പക്ഷം കരുക്കള്‍ നീക്കിയത്.പക്ഷേ, പിന്നീട് വസന്തനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തേണ്ടി വന്നു.
സൂസന് കോടി പക്ഷ നേതാക്കള്‍ കഴിഞ്ഞയാഴ്ച ഒരു വീട്ടില്‍ ഗ്രൂപ്പ് യോഗം ചേരുന്നതിന്റെ വീഡിയോ എടുത്തതിന്റെ പേരില്‍ പരസ്യമായി രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡന്റ് അടക്കം രണ്ട് പേര് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടി. കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ സമ്മേളനം കഴിഞ്ഞയുടനെ സമ്മേളനത്തിലെ അധ്യക്ഷനെ അടിക്കുകയും പരസ്പരം ഏറ്റുമുട്ടുകയുമായിരുന്നു.
മൂന്നു വര്‍ഷം മുമ്പ് നടന്ന ലോക്കല്‍, ഏരിയാ സമ്മേളനങ്ങളിലും വസന്തന് പക്ഷവും സൂസന് കോടി പക്ഷവും ചേരിതിരിഞ്ഞാണ് നിന്നത്.അന്ന് വസന്തന് പക്ഷത്തിനായിരുന്നു വിജയം. ഏരിയാ കമ്മിറ്റിയില്‍ ഭൂരിപക്ഷം കിട്ടിയെങ്കിലും ഏരിയാ സെക്രട്ടറി സ്ഥാനം വസന്തന് വിരുദ്ധ പക്ഷത്തിനാണ് കിട്ടിയത്. ഇക്കുറി ലോക്കല്‍ സമ്മേളനങ്ങളില്‍ ഭൂരിപക്ഷം കമ്മിറ്റികളും വസന്തന് അനുകൂലികളാണ്.
ജില്ലാ സമ്മേളനവും പ്രക്ഷുബ്ദമായേക്കും
കരുനാഗപ്പള്ളി ഏരിയാ സമ്മേളനം നടത്തില്ലെന്നാണ് വിവരം. അതുകൊണ്ടുതന്നെ ജില്ലാ സമ്മേളന പ്രതിനിധികള്‍ ഇവിടെനിന്ന് ഉണ്ടാകില്ല. എന്നാല്‍ ശൂരനാട്, കുന്നത്തൂര്‍, ചവറ, കൊല്ലം തുടങ്ങിയ ഭാഗങ്ങളില്‍നിന്ന് വരുന്ന പ്രതിനിധികള്‍ കരുനാഗപ്പള്ളിയിലെ വിഭാഗീയത ജില്ലാ സമ്മേളനത്തില്‍ ചര്‍ച്ചയാക്കും.സംസ്ഥാന കമ്മിറ്റി അംഗം സൂസന് കോടിക്കൊപ്പം ജില്ലാ നേതൃത്വത്തിലെ ഒന്നോ രണ്ടോ പേരെയുള്ളൂ എന്നാണ് വസന്തന് വിഭാഗം പറയുന്നത്. ജില്ലയിലെ പാര്‍ട്ടിയുടെ അവസാനവാക്കായ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ മനസ്സ് തുറന്നിട്ടില്ല .എന്തായാലും ജില്ലാ സമ്മേളനത്തില്‍ കരുനാഗപ്പള്ളിയിലെ വിഭാഗീയത വലിയ ചര്‍ച്ചയാകുമെന്നുറപ്പാണ്.ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടതോടെ, വരുംദിവസങ്ങളില്‍ പരാതികളും വിഴുപ്പലക്കലും പരിധി ലംഘിക്കുമെന്ന ഭയം നേതാക്കള്‍ക്കുണ്ട്.
Content Highlights: cpm-kollam-factionalism
Published: 30 Nov 2024, 05:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented